മണിച്ചന്റെ മോചനം; പിഴ തുകയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രിംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ഭാര്യ വീണ്ടും സുപ്രിംകോടതിയിലേക്ക്. മോചനത്തിന് മുപ്പത് ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവ് തേടിയാണ് മണിച്ചന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്.
മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാന്‍ നല്കിയ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പ് വച്ചു.
മണിച്ചന് ജീവപര്യന്തവും 30.45 ലക്ഷം രൂപയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ ജീവപര്യന്തം ശിക്ഷ വെട്ടി കുറച്ചുവെങ്കിലും, പിഴ ഒഴിവാക്കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
22 വര്‍ഷത്തിന് ജയില്‍ മോചനത്തിന് വഴിയൊരുക്കുന്ന ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മോചനം മാത്രം യാഥാര്‍ഥ്യമാകുന്നില്ലെന്നും മണിച്ചന്റെ ഭാര്യ ഉഷ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
31 പേര് മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര് മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര് ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."