' എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' മുസ്ലിം ലീഗ് പ്രവര്‍ത്തനഫണ്ട് ക്യാമ്പയിനില്‍ ലഭിച്ചത് 12.27 കോടി രൂപ
കോഴിക്കോട്: 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' മുസ്ലി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തനഫണ്ട് ശേഖരണത്തില്‍ ആകെ ലഭിച്ചത് 12.27 കോടി രൂപ. ഇതില്‍ പാര്‍ട്ടി അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍ഫര്‍ ചെയ്തത് 2,45,206 പേരാണ്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
മഞ്ഞളാംകുഴി അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...
'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' ക്യാമ്പയിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്നലെ സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ചു. റമസാന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി നടത്തിയ ക്യാമ്പയിന്‍ സൂക്ഷ്മതയും സുതാര്യതയും നൂറുശതമാനം ഉറപ്പാക്കുന്നതാണെന്നും രാഷ്ട്രീയ കക്ഷികള്‍ക്ക് ഉദാത്തമായ മാതൃകയാണ് മുസ്്‌ലിംലീഗ് കാണിച്ചുകൊടുത്തതെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. ക്യാമ്പയിന്‍ കാലത്ത് കൂടെ നിന്നവര്‍ക്കും സഹകരിച്ചവര്‍ക്കും സംഭാവനകള്‍ നല്‍കിയവര്‍ക്കും നന്ദി. 59 രാപ്പകലുകള്‍ കര്‍മ്മനിരതരായ ടീം ഹദിയയ്ക്കും ഹൃദയം നിറഞ്ഞ നന്ദി....
റമസാന്‍ ഒന്നുമുതല്‍ 30 വരെയായിരുന്നു ആദ്യം ക്യാമ്പയിന്‍ തീരുമാനിച്ചത്. അന്ന് ആറുകോടി രൂപ സമാഹരിച്ചു. എന്നാല്‍ മുസ്്‌ലിംലീഗ് നേതൃത്വം നല്‍കുന്ന അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം കണക്കിലെടുത്ത് മേയ് 31വരെ നീട്ടി. ആ സമയത്ത് 6.27 കോടി രൂപയും ലഭിച്ചു. ആകെ 12.27 കോടി രൂപ. സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ് ഇത് സമാഹരിച്ചത്. 2,45,206പേര്‍ അവരുടെ എക്കൗണ്ടില്‍നിന്ന് പാര്‍ട്ടി എക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. അത്ഭുകരമായിരുന്നു ഈ സോഫ്റ്റ്‌വെയര്‍ ധനസമാഹണം.
15 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. മുസ്്‌ലിംലീഗ് പാര്‍ട്ടിക്ക് പ്രവര്‍ത്തന ഫണ്ട് നല്‍കാന്‍ ആളുകള്‍ ഒരുക്കവുമായിരുന്നു. എന്നാല്‍ അവരിലേക്ക് പ്രതീക്ഷിച്ചത്ര വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതാണ് തുകയില്‍ അല്‍പ്പം കുറവ് വരാന്‍ ഇടയാക്കിയത്. ആദ്യത്തെ 20 ദിവസങ്ങള്‍ ഒരുകോടി രൂപപോലും തികയാതെ വന്നത് ചുതമല വഹിക്കുന്ന ആളെന്ന നിലയ്ക്ക് എന്നെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബും പിഎംഎ സലാം സാഹിബും ഇടയ്ക്കിടെ ഹദിയ വാര്‍ റൂമില്‍ എത്തുകയും ആത്മവിശ്വാസവും പിന്തുണയും നല്‍കുകയും ചെയ്തുകൊണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാന്‍ ഈ ക്യാമ്പയിന് കഴിഞ്ഞു. ധനസമാഹരണമെന്നതിനേക്കാള്‍ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഈ ക്യാമ്പയിന്‍ വേദിയൊരുക്കി. നമ്മുടെയെല്ലാം പ്രിയങ്കരനായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടിനെ തുടര്‍ന്ന് സയ്യിദ് സാദിഖലി തങ്ങള്‍ സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ ജനകീയ സംരംഭം കൂടിയായിരുന്നു ഇത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ വിഭാഗം ആളുകളിലും മുസ്്‌ലിംലീഗിന്റെ സന്ദേശം എത്തിക്കുകയും ചെയ്തു. അതിനെല്ലാം വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയാണ് ക്യാമ്പയിന്റെ കരുത്ത്. ക്യാമ്പയിന്‍ കാലാവധി അവസാനിച്ച മേയ് 31 ന് അര്‍ധരാത്രി വരെ ലഭിച്ച സംഖ്യയുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി മണ്ഡലമാണ് ഏറ്റവും കൂടുതല്‍ ധനസമാഹരണം നടത്തിയത്. കൊണ്ടോട്ടി നഗരസഭ, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവ മികച്ചുനിന്നു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച തൃശൂര്‍ പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപാടം വാര്‍ഡ്, ഏറ്റവുമധികം ട്രാന്‍സാക്ഷനുകള്‍ നടന്ന മണ്ണൂരിലെ വട്ടക്കുളം വാര്‍ഡ് എന്നിവ വാര്‍ഡുതലത്തില്‍ മികവുപുലര്‍ത്തി. ആദ്യത്തെ ക്യാമ്പയിന്‍ കാലയളവില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച തൃക്കാക്കര വാര്‍ഡിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി, ക്യാമ്പയിനുവേണ്ടി കഠിനമായി അദ്ധ്വാനിച്ച എല്ലാവരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.
രാജ്യത്തെ ഒട്ടുമിക്ക ദിനപത്രങ്ങളും പ്രതിസന്ധി നേരിടുകയാണ്. 'ചന്ദ്രിക'യും അതില്‍നിന്ന് മുക്തമല്ല. ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് പാര്‍ട്ടി ഏറെക്കാലമായി ആഗ്രഹിക്കുകയാണ്. ശാശ്വതമായ പരിഹാരമാണ് നടപ്പാക്കേണ്ടത്. അതിനുള്ള ശ്രമംകൂടിയായിരുന്നു 'ഹദിയ'. ചന്ദ്രികയുടെ ആവശ്യങ്ങള്‍ കഴിച്ചുള്ള തുക പാര്‍ട്ടിയുടെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.
മുസ്്‌ലിംലീഗ് പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനകരമായ ദൗത്യമാണ് പൂര്‍ത്തിയാക്കിയത്. പാര്‍ട്ടിയെ ഹൃദയത്തിലേറ്റുന്ന പ്രവര്‍ത്തകരും അനുഭാവികളും മറ്റു പാര്‍ട്ടികളിലും പൊതുരംഗത്തമുളള സുഹൃത്തുക്കളും പൊതുജനങ്ങളുമാണ്് ഈ ക്യാമ്പയിന്റെ ഭാഗമായത്. അവരവരുടെ പോക്കറ്റിലുള്ള തുക കൂട്ടിച്ചേര്‍ത്തതാണ് 12.27 കോടി രൂപ. ലീഗ് മുമ്പും പല കാര്യങ്ങള്‍ക്കും മാതൃക കാണിച്ചിട്ടുണ്ട്. ലീഗിന്റെ മാതൃക പില്‍ക്കാലത്ത് പലരും ഏറ്റെടുത്തിട്ടുമുണ്ട്. സുതാര്യത ആഗ്രഹിക്കുന്നവരെല്ലാം ഇതും പിന്തുടരുമെന്നു തന്നെയാണ് വിശ്വാസം. ചരിത്രപരമായ ഈ ദൗത്യം എന്നെ ഏല്‍പ്പിച്ച സയ്യിദ് സാദിഖലി തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി സാഹിബ് തുടങ്ങി എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. എന്റെ പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച നാലാമത്തെ പ്രധാന ഉത്തരവാദിത്തമായിരുന്നു ഹദിയ. ഇത് ഇത്തരത്തില്‍ വിജയകരമായതില്‍ സര്‍വ്വശക്തന് സ്തുതിക്കുന്നു. കൂടെ നിന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്‌നേഹാഭിവാദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."