HOME
DETAILS

ഗോൾവാൾക്കറും വിചാരധാരയും: സത്യങ്ങൾ മൂടിവയ്ക്കാൻ കഴിയുമോ?

  
backup
July 17 2022 | 22:07 PM

golwalkar-and-vicharadhara-can-truths-be-covered-up2022

പ്രൊഫ. റോണി കെ. ബേബി


1925ൽ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർ.എസ്.എസ്സിന് പ്രത്യയശാസ്ത്രപരവും താത്വികവുമായ അടിത്തറ പാകിയത് അദ്ദേഹത്തിന്റെ പിൻഗാമിയായി രണ്ടാമത്തെ സർസംഘചാലകായി ചുമതലയേറ്റ മാധവ് സദാശിവ് ഗോൾവാൾക്കറാണ്. അതുകൊണ്ടാണ് ആർ.എസ്.എസ്സിനുള്ളിൽ ഹെഡ്‌ഗേവാർ ഡോക്ടർജി എന്ന് വിശേഷിക്കപ്പെടുമ്പോൾ ഗോൾവാൾക്കറെ വിളിക്കുന്നത് ഗുരുജി എന്നാണ്. 1940ൽ ഹെഡ്‌ഗേവാറിന്റെ മരണത്തെ തുടർന്നാണ് ആർ.എസ്.എസ്സിന്റെ മേധാവിസ്ഥാനമായ സർസംഘചാലക് പദവി ഗോൾവാൾക്കർ ഏറ്റെടുക്കുന്നത്. 1973ൽ മരണം വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.


മഹാരാഷ്ട്രയുടെ വിദർഭ മേഖലക്കപ്പുറത്തേക്ക് ആർ.എസ്.എസ്സിനെ ഗണ്യശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ ഗോൾവാൾക്കറും അദ്ദേഹത്തിന്റെ ചിന്തകളും വഹിച്ച സ്ഥാനം ചെറുതല്ല. ഗോൾവാൾക്കർ യുഗം അവസാനിക്കുമ്പോഴേക്കും ആർ.എസ്.എസ്സും സഹോദര സംഘടനകളും ചേർന്ന സംഘ്പരിവാർ ശൃംഖല ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും ആഴത്തിൽ വേരുതാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. ഗോൾവാൾക്കറുടെ ചിന്തകളും ദർശനങ്ങളുമാണ് ഇന്ന് സംഘ്പരിവാറിന്റെ ജീവവായു. ഇന്ത്യയുടെ ഭരണഘടനയിൽപ്പോലും ഗോൾവാൾക്കറുടെ ദർശനങ്ങൾ ഉൾപ്പെടുത്തണമെന്നും അതിനാവശ്യമായ ഭേദഗതികൾ കൊണ്ടുവരണമെന്നുമാണ് സംഘ്പരിവാർ ഇന്ന് ആവശ്യപ്പെടുന്നത്.


ഹിന്ദുത്വയുടെ വേദപുസ്തകം


ഹിന്ദുത്വയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യം മുമ്പോട്ടുവച്ചത് വി.ഡി സവർക്കർ 1923ൽ എഴുതിയ 'ഹിന്ദുത്വ' എന്ന പുസ്തകം ആണെങ്കിലും ഹിന്ദുത്വയുമായി ബന്ധപ്പെട്ട സൈദ്ധാന്തിക പ്രശ്‌നങ്ങൾ ഉയരുമ്പോൾ ആർ.എസ്.എസ് സൈദ്ധാന്തികർ നൽകുന്ന ഉത്തരത്തിന്റെ വേരുകൾ ഗോൾവാൾക്കറുടെ 1966ൽ പുറത്തിറങ്ങിയ 'വിചാരധാര' എന്ന പുസ്തകത്തിലാണ്. 1939ൽ ഗോൾവാൾക്കർ ആർ.എസ്.എസ് മേധാവിയാകുന്നതിന്റെ ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ച നാം നമ്മുടെ രാഷ്ട്രസ്വത്വ നിർവചനം (We or Our Nationhood Defined) എന്ന പുസ്തകത്തോട് സംഘടന അകലം പാലിക്കുന്നുണ്ടെങ്കിലും വിചാരധാര പരസ്യമായി അംഗീകരിക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല. 1948ലെ ഗാന്ധി വധവും തുടർന്നുണ്ടായ നിരോധനവും ഏൽപ്പിച്ച പ്രതിച്ഛായ നഷ്ടത്തിൽനിന്ന് രക്ഷ നേടുന്നതിനാണ് 'രാഷ്ട്രസ്വത്വ നിർവചനം' എന്ന പുസ്തകത്തോട് ആർ.എസ്.എസ്സിന് അകലം പാലിക്കേണ്ടിവന്നത്. എന്നാൽ വിചാരധാരയുടെ കാര്യത്തിൽ അത്തരം തടസങ്ങൾ ഒന്നുമില്ല. ആർ.എസ്.എസ്സിന്റെ വേദപുസ്തകമായാണ് വിചാരധാര പരിഗണിക്കപ്പെടുന്നത്. 'ബഞ്ച് ഓഫ് തോട്ട്‌സ്' എന്ന ഗോൾവാൾക്കറുടെ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് വിചാരധാര.


വംശീയത


'വംശത്തിന്റെയും സംസ്‌കാരത്തിന്റെയും സംശുദ്ധി നിലനിർത്തുന്നതിന് സെമിറ്റിക് മതക്കാരായ ജൂതരെ ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനമാണ് അതിന്റെ ഔന്നത്യത്തിൽ ഇവിടെ തെളിഞ്ഞുകാണുന്നത്. വേരോളം ആഴത്തിൽ വൈജാത്യങ്ങളുള്ള വംശങ്ങൾക്കും സംസ്‌കാരങ്ങൾക്കും ഒരു ഏകീകൃത ലോകത്ത് അലിഞ്ഞുചേരുക എന്നത് ഏതാണ്ട് അസാധ്യമായ കാര്യമാണെന്നും ജർമനി ലോകത്തിന് കാണിച്ചുതന്നു. ഇതാകട്ടെ ഇന്ത്യക്ക് പഠിച്ച് പ്രയോജനമുണ്ടാക്കാനുമുള്ള കാര്യമാണ്' എന്ന് 'രാഷ്ട്രസത്വ'ത്തിൽ എഴുതിയ ഗോൾവാൾക്കർ വിചാരധാരയിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു; 'പ്രധാനപ്പെട്ട ചോദ്യം അവര് ഈ മണ്ണിന്റെ മക്കളാണ് എന്നുള്ളത് അവർ ഓർമിക്കാറുണ്ടോ എന്നതാണ്. നമ്മൾ മാത്രം ഇക്കാര്യം ഓർത്തിട്ടെന്തു കാര്യം? ആ വികാരം, ആ ഓർമ, അതവര് താലോലിക്കണം. ദൈവാരാധനയുടെ വൈവിധ്യംകൊണ്ട് മാത്രം ഒരു വ്യക്തി മണ്ണിന്റെ മകനല്ലാതാകുമെന്ന് പറയാൻ മാത്രം നികൃഷ്ടരല്ല ഞങ്ങൾ. ദൈവത്തെ എന്തുപേര് വിളിക്കുന്നതിലും ഞങ്ങൾക്ക് എതിർപ്പില്ല'. ഇതു പറഞ്ഞതിനുശേഷം ഗോൾവാൾക്കർ ചോദിക്കുന്നു. 'ഇസ്‌ലാമിലേക്കും ക്രിസ്തീയതയിലേക്കും മതംമാറ്റം നടത്തിയവരുടെ മനോഭാവം എന്താണ്? അവർ ഇൗ മണ്ണിൽ ജനിച്ചവരാണ്, സംശയമില്ല. പക്ഷേ അവർ ഈ നാടിനോട് വിശ്വാസ്യത പുലർത്തുന്നുണ്ടോ? അവരെ വളർത്തി വലുതാക്കിയ നാടിനോട് അവർക്ക് കടപ്പാടുണ്ടോ? ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും മക്കളാണ് എന്നുള്ള വിചാരം അവർക്കുണ്ടോ? ഈ നാടിന്റെ നല്ല ഭാവിക്കായി സേവനം ചെയ്യണമെന്നവർക്കുണ്ടോ? നാടിനുവേണ്ടി സേവനം ചെയ്യേണ്ടത് കർത്തവ്യമാണെന്ന് അവർക്ക് തോന്നുന്നുണ്ടോ? ഇല്ല! വിശ്വാസമാറ്റത്തോടെ രാജ്യസ്‌നേഹത്തിന്റെയും ഭക്തിയുടെയും ഉത്സാഹമവർക്ക് നഷ്ടപ്പെട്ടു'. ഇത്തരത്തിൽ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന, നിർത്താൻ പ്രേരിപ്പിക്കുന്ന വാക്കുകളാണ് വിചാരധാരയിലുള്ളത്.


ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരുതരത്തിലുള്ള മുൻഗണനക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ മതന്യൂനപക്ഷങ്ങൾക്ക് ഇവിടെ കഴിയാമെന്ന് 'രാഷ്ട്രസത്വ'ത്തിൽ എഴുതിയ ഗോൾവാൾക്കർ വിചാരധാരയിൽ പറയുന്നത് മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണ് എന്നാണ്. ഗോൾവാൾക്കറുടെ വിചാരധാരയും ഹിറ്റ്‌ലറുടെ ആത്മകഥയായ 'മെയ്ൻ കാംഫും' വായിക്കുന്ന ഒരാൾക്ക് രണ്ടും ഒരേ രീതിശാസ്ത്രമാണ് തുടരുന്നത് എന്ന് എളുപ്പം മനസ്സിലാകും.


ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രം


ഹിന്ദുത്വ രാഷ്ട്രത്തിന്റെ സ്വഭാവം എങ്ങനെയെന്ന് വിചാരധാരയിൽ 'ഒരു ഏകീകൃത രാഷ്ട്രം ആവശ്യമാണ്' എന്ന അധ്യായത്തിൽ എഴുതിയിരിക്കുന്നു; 'ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമവുമായ നടപടിയിലൂടെ നമ്മുടെ രാജ്യത്തെ ഭരണഘടനയിലെ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള എല്ലാ ചർച്ചയും എന്നെന്നേക്കുമായി കുഴിച്ചുമൂടി ഈ രാഷ്ട്രത്തിലെ സ്വയംഭരണാവകാശമുള്ളതും അർധസ്വയംഭരണാവകാശമുള്ളതുമായ സംസ്ഥാനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കണം. തുടർന്ന് ഒരു രാഷ്ട്രം, ഒരു സംസ്ഥാനം, ഒരു നിയമസഭ, ഒരു എക്‌സിക്യൂട്ടീവ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തുണ്ടുതുണ്ടായി വിഘടിച്ചുനിൽക്കൽ, പ്രാദേശികത, വിഭാഗീയത, ഭാഷാപരവും മറ്റ് രീതിയിലുള്ളതുമായ അഭിമാനബോധം തുടങ്ങിയ ഘടകങ്ങളെ പൊടിപോലും അവശേഷിപ്പിക്കാത്ത വിധത്തിൽ തുടച്ചുമാറ്റണം. നമുക്ക് ഭരണഘടനയെ പുനഃപരിശോധിച്ച് മാറ്റിയെഴുതാം. അങ്ങനെ ഏകരൂപത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കാം'. രാജ്യത്തിന്റെ അഭിമാനമായ ബഹുസ്വരതകളോടുള്ള എതിർപ്പും ബഹുസ്വരതകളെ പ്രതിഫലിപ്പിക്കുന്ന ഫെഡറൽ സംവിധാനങ്ങളോടുള്ള ഗോൾവാൾക്കറുടെ അസ്വസ്ഥതകളുമാണ് ഈ വാക്കുകൾക്ക് പിന്നിലുള്ളത്.


ജനാധിപത്യ ദർശനങ്ങളോട് പുച്ഛം


ഇന്ത്യൻ ഭരണഘടനയെ ഗോൾവാൾക്കർ വിചാരധാരയിൽ നിർവചിച്ചിരിക്കുന്നത് വ്യത്യസ്ത പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിൽനിന്നുള്ള വിവിധ അനുച്ഛേദങ്ങൾ തുന്നിച്ചേർത്ത കുഴപ്പംപിടിച്ചതും ഭിന്നജാതീയവുമായ ഒന്ന് എന്നാണ്. ഗോൾവാൾക്കർ പറഞ്ഞു; 'ഹിന്ദുക്കൾക്ക് സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും ഭരണഘടനയിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്താണെന്നതിനെ സംബന്ധിച്ച് അതിൽ ഒന്നുംതന്നെയില്ല'. ഭരണഘടനയുടെ അടിസ്ഥാന ദർശനങ്ങളായ ജനാധിപത്യത്തെയും സമത്വത്തെയും ഗോൾവാൾക്കർ വിചാരധാരയിൽ നിർവചിക്കുന്നത് നോക്കുക: 'ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു'. ജനാധിപത്യത്തെ ഇകഴ്ത്തിയും യുദ്ധങ്ങളെ പ്രകീർത്തിച്ചും ആധുനിക മൂല്യബോധത്തെ അഴിഞ്ഞാട്ടമായി ചിത്രീകരിച്ചും വളരെ അപകടകരമായ ചിന്തകളാണ് വിചാരധാര മുൻപോട്ടുവയ്ക്കുന്നത്. സമത്വത്തെക്കുറിച്ച് ഗോൾവാൾക്കർ വിചാരധാരയിൽ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് നിലനിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ?'. ഇന്ത്യയുടെ ചരിത്രത്തിൽ അസമത്വം സൃഷ്ടിച്ച വിടവുകൾ നികത്തി വിവിധ വിഭാഗങ്ങളെ കൂട്ടിയിണക്കി ഹിന്ദുമതത്തിന്റെ ഏകീകരണമാണ് തന്റെ ലക്ഷ്യമെന്ന് ഗോൾവാൾക്കർ പറയുമ്പോഴും ആ ലക്ഷ്യത്തിനു വേണ്ടി അസമത്വം സൃഷ്ടിച്ച അതേ ഹിന്ദുത്വ തത്വശാസ്ത്രങ്ങളെ പുനരുജ്ജീവിപ്പിക്കലാണ് അദ്ദേഹത്തിന്റെ മാർഗം. ഇത് പരസ്പര വിരുദ്ധമാണ്.


വിഷം പുരണ്ട വാക്കുകളിലൂടെ തീവ്രഹിന്ദുത്വ അഭിലാഷങ്ങളെ ഇളക്കിവിടുകയാണ് വിചാരധാരയിൽ ഗോൾവാൾക്കർ ചെയ്യുന്നത്. ഹിന്ദുത്വദേശീയത ഇന്ത്യയുടെ മണ്ണിൽ വേരുപിടിക്കുന്നതിന് ബൗദ്ധികവും താത്വികവുമായ അടിത്തറ ഒരുക്കിയതിൽ പ്രഥമസ്ഥാനമാണ് വിചാരധാരയ്ക്കുള്ളത്. ഒരു തരത്തിലുമുള്ള തെളിവുകളോ ചരിത്രവസ്തുതകളോ പറയാതെ കെട്ടുകഥകളുടെ മാത്രം അടിസ്ഥാനത്തിൽ നിർമിച്ചെടുത്ത പാരമ്പര്യവാദം, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രത്തിന്റെ അപനിർമിതി. അർധസത്യങ്ങളുടെയും വികലമാക്കപ്പെട്ട ചരിത്രത്തിന്റെയും പശ്ചാത്തലമൊരുക്കിക്കൊണ്ട് ഇന്ത്യയെ ഭ്രാന്താലയമാക്കാനുള്ള ഗൂഢപദ്ധതിയാണ് വിചാരധാര മുൻപോട്ടുവയ്ക്കുന്നത്. ഈ അപകടകരമായ വാദങ്ങളെ ഇന്ത്യയുടെ മഹത്തായ ഭരണഘടനയിൽ സന്നിവേശിപ്പിക്കണം എന്ന വാദങ്ങൾ പ്രബലമാകുമ്പോൾ അതിനെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യവിശ്വാസിയുടെയും പരമപ്രധാനമായ കടമയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago