കേസുകളുടെ തീവ്രതക്ക് മതം മാനദണ്ഡമാകുമ്പോൾ
കഴിഞ്ഞ ദിവസം കണ്ണൂരിൽ ട്രെയിനിന് തീവയ്പ്പുണ്ടായി മണിക്കൂറുകൾക്കുള്ളിൽ മാധ്യമങ്ങളെ കണ്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്, തീവ്രവാദ ശക്തികൾക്കായി കേരളത്തിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുമ്പോൾ അതിനെ അമർച്ച ചെയ്യാൻ പിണറായി സർക്കാർ നടപടിയെടുക്കുന്നില്ല എന്നാണ്. പ്രതി അറസ്റ്റിലാകുന്നത് വരെ, മറ്റൊരർഥത്തിൽ പ്രതിക്ക് മുസ്ലിം പേരല്ല ഉള്ളതെന്ന 'വിലപ്പെട്ട വിവരം' പുറത്തുവരുന്നത് വരെ അതൊരു തീവ്രവാദ പ്രവർത്തനമായി, ചീറ്റിപ്പോയ വലിയൊരു ഭീകരപ്രവർത്തനത്തിന്റെ തുടക്കമായി ചില മാധ്യമങ്ങൾ കത്തിച്ചുനിർത്തി.
ആക്രമണം നടത്തിയത് വളരെ മുൻകൂട്ടി ആസൂത്രണം ചെയ്താണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. എലത്തൂരിൽ ട്രെയിനിന് തീവച്ചത് പാലത്തിന് തൊട്ടടുത്ത് വച്ചായിരുന്നു. തീ പടർന്നിരുന്നുവെങ്കിൽ ഒരിക്കലും ആളുകൾക്ക് പുറത്തിറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ. സമാനമായിരുന്നു കണ്ണൂരിലെ തീവയ്പ്പും. കണ്ണൂരിൽ തീവയ്പ്പ് നടത്തിയതിന്റെ 100 മീറ്റർ അകലെ പെട്രോൾ സംഭരണ ടാങ്കുകളുണ്ട്. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വലുതാകുമായിരുന്നു. തീവയ്പ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും പൊലിസും ഇത്തരം കാര്യങ്ങളെല്ലാം സജീവ ചർച്ചയാക്കി നിർത്തിയെങ്കിലും പ്രതി പശ്ചിമബംഗാൾ സ്വദേശി പ്രസൂൺജിത് സിക്ദർ ആണെന്ന് അറിഞ്ഞതോടെ പിന്നീട് എല്ലാം സഡൻ ബ്രേക്കിട്ടത് പോലെ നിന്നു. ഇതുസംബന്ധിച്ച ചാനൽ സ്‌ക്രോളുകളും മെല്ലെ നിലച്ചു. സംഭവത്തിന് പിന്നിലെ തീവ്രവാദബന്ധം ആരോപിച്ച കെ. സുരേന്ദ്രൻ പിന്നീട് ഇതേകുറിച്ച് പ്രതികരിച്ചതേയില്ല. സംഘ്പരിവാർ അനുകൂലമായി നിലകൊള്ളുന്ന ഓൺലൈൻ പോർട്ടലുകളും അതോടെ തീവ്രവാദ ബന്ധമാരോപിച്ചുള്ള വാർത്തകൾ നിർത്തി.
ഭിക്ഷയാചിച്ച് പണം കിട്ടാത്തതിന്റെ മനോവിഷമംമൂലമാണ് ട്രെയിനിന് തീവച്ചതെന്ന പ്രതിയുടെ മൊഴി നിഷ്‌കളങ്കരായ കേരള പൊലിസ് അപ്പടി വിശ്വസിച്ചു. എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെടുത്തിയ പൊലിസ്, ഡൽഹിയിലെത്തി സി.എ.എ വിരുദ്ധ സമരങ്ങളുടെ സിരാകേന്ദ്രമായിരുന്ന ഷഹീൻ ബാഗിൽ റെയ്ഡ് നടത്തി. കേസ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.എ ഏറ്റെടുത്തു. ഷാരൂഖ് സെയ്ഫി ഡൽഹി വിട്ട് എവിടെയും പോകാറില്ലെന്നും ആരോടും മിണ്ടാറില്ലാത്ത അന്തർമുഖനാണെന്നും തീവ്രവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കേസുകൾ നിലവിലില്ലെന്നും കുടുംബവും അയൽവാസികളും പറഞ്ഞെങ്കിലും എൻ.ഐ.എയോ പൊലിസോ ഒന്നും ചെവികൊണ്ടിട്ടില്ല.
പക്ഷേ, ഷാരൂഖ് സെയ്ഫിയുടെ തീവ്രവാദ വേര് തേടിയിറങ്ങിയ കേരള പൊലിസ്, കണ്ണൂർ കേസിൽ അറസ്റ്റിലായ പ്രസൂൺജിത് സിക്ദർ പറഞ്ഞത് തൊണ്ടതൊടാതെ വിശ്വസിച്ചു. പ്രസൂൺജിതിന്റെ മുഖം പോലും മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ പൊലിസ് തയാറായില്ല. ഭിക്ഷയെടുക്കാൻ കഴിയാത്തതിൽ ഒരാൾ ട്രെയിനിന് തീയിടുന്നത് പോലുള്ള കൊടിയ കുറ്റങ്ങൾ ചെയ്യുമോ? അതും പെട്രോൾ സംഭരണ ടാങ്കുകൾക്ക് 100 മീറ്റർ അടുത്തുവച്ച്, എന്നൊന്നും പൊലിസിന് തോന്നിയതുമില്ല.
മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ അബ്ദുർറബ്ബ് സമൂഹമധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വളരെ വ്യക്തമാണ്. പ്രസൂൺജിത് സിക്ദറിന് കുറ്റം ചെയ്യാൻ സാകിർ നായികിന്റെ വിഡിയോ വേണ്ട, അയാൾ പഠിച്ച മദ്റസയെ കുറിച്ച് ആർക്കും അറിയേണ്ട, അയാൾക്ക് ആരുടെയും പിന്തുണയും ലഭിച്ചില്ല, മാധ്യമങ്ങളിൽ അയാളെ കുറിച്ച് പ്രൈം ടൈം ചർച്ചകളില്ല, അന്വേഷിക്കാൻ എൻ.ഐ.എയും ഇല്ല... നല്ല സമാധാനപരമായ തീവയ്പ്പ്..!
അബ്ദുർറബ്ബ് ഇങ്ങനെ കേരള പൊലിസിനെ പരിഹസിച്ചപ്പോൾ പലരും ചോദിക്കാൻ മടിച്ച കാര്യം ഇടതുപക്ഷ എം.എൽ.എയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ തുറന്നടിച്ചു, പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."