യുഎഇയില്‍ ചൂട് കടുക്കും; ഈയാഴ്ച 50 ഡിഗ്രി
ദുബായ്: യുഎഇയില്‍ ഈയാഴ്ച താപനില 50 ഡിഗ്രി സെല്‍ഷ്യസിലെത്തും. രാജ്യത്തുടനീളം അന്തരീക്ഷ മെര്‍ക്കുറി ഉയരുന്നതിനാല്‍
മറ്റൊരു ചുട്ടു പൊള്ളുന്ന വേനലിലേക്കാണ് യുഎഇ എത്തുകയെന്ന് ദേശീയ കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. രാജ്യം മുഴുവന്‍ പൊടിക്കാറ്റുമടിക്കും.
അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിലയില്‍ വ്യാഴാഴ്ച താപനില 48 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. ബ്യൂറോയുടെ ഏറ്റവും പുതിയ അഞ്ച് ദിവസത്തെ ബുള്ളറ്റിനില്‍ അബുദാബിയിലും ദുബായിലും ആഴ്ചയില്‍ ഭൂരിഭാഗവും താപനില 40 ഡിഗ്രി സെല്‍ഷ്യസാകുമെന്ന് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്.
മെയ് മുതല്‍ സാധാരണ താപനില ക്രമാനുഗതമായി ഉയരാറുണ്ട്. ചില അവസരങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് കവിയുകയും ചെയ്യും.
അല്‍ ഐനിലെ സുവയ്ഹാന്‍ യുഎഇയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നാണ്. 2021 ജൂണ്‍ 6ന് അവിടെ താപനില 51.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.
വരും ദിവസങ്ങളില്‍ അസഹനീയമായ ചൂട് പ്രതീക്ഷിക്കാം. എന്നാല്‍, അന്തരീക്ഷം മേഘാവൃതമായി തുടരും. മണിക്കൂറില്‍ 25 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശും. പൊടിയും മണലുമുള്ള കാറ്റ് ദൂരക്കാഴ്ച കുറയാനിടയാക്കും. വാഹന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ചൂട് ഉയര്‍ന്നു നില്ക്കുമ്പോള് തന്നെ, പുറംജോലികളിലേര്പ്പെടുന്നവര്ക്ക് സംരക്ഷണമുറപ്പാക്കാന്‍ യുഎഇ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. ഔട്ട്ഡോര്‍ തൊഴിലാളികള്‍ക്ക് രാജ്യത്ത് നിര്‍ബന്ധിത ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ച 12.30നും 3 നുമിടയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്ന നയം സെപ്തംബര്‍ 15 വരെ നിലവിലുണ്ടാകും.
നിയമങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."