വാക്കിൽ ഹൃദയം പൊള്ളുമ്പോൾ
ടി.കെ ജോഷി
വിമർശനങ്ങൾക്ക് അമ്പിന്റെ മൂർച്ചയേകുന്ന മറുപടിവാക്കുകൾ ഭരണാധികാരികൾക്ക് എന്നും അസഹനീയമായിരിക്കും. എന്നാൽ മനംപൊള്ളുന്ന വാക്കുകൾ മുറിവേൽപ്പിക്കുക മനഃസാക്ഷി മരവിക്കാത്ത മനുഷ്യരെക്കൂടിയായിരിക്കുമെന്ന് ഇനിയും തിരിച്ചറിയാത്തവർ ഇപ്പോഴും ഭരണനേതൃത്വത്തിലുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതെന്നു പറയാവുന്നതാണ് എം.എം മണി നിയമസഭയ്ക്കുള്ളിൽ കെ.കെ രമയ്‌ക്കെതിരേ നടത്തിയ പരാമർശം. രമ വിധവയായതിന്റെ ഉത്തരവാദി തങ്ങളല്ലെന്ന് വീണ്ടും ആവർത്തിച്ചുപറയുന്നുവെങ്കിൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അർഥം കണ്ടെത്താൻ സർവവിജ്ഞാനകോശം തിരിയേണ്ടതില്ല. അതൊരു താക്കീതോ ഓർമപ്പെടുത്തലോ ആണ്. അല്ലെങ്കിൽ അവനവനെക്കുറിച്ചുള്ള മനുഷ്യസഹജമായ അഹന്തയുടെ പ്രതിഫലനമാണ്.
ഓരോ രക്തസാക്ഷിത്വവും അനശ്വരമാകുന്നത് ജീവനെടുത്ത എതിർപ്രത്യയശാസ്ത്രത്തിന്റെ കരുത്തിൽകൂടിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടി ജീവൻ നഷ്ടപ്പെട്ട സ്വാതന്ത്ര്യസമര പോരാളികളുടെയും കർഷകസമരത്തിൽ ജീവൻ പൊലിഞ്ഞ വിപ്ലവകാരികളുടെയുമെല്ലാം വീരപരിവേഷത്തിനു തിളക്കമേറുന്നത്, ജീവനെടുത്ത ശക്തികളുടെ കരുത്തിന്റെ ത്രാസിൽ തന്നെ തൂക്കുമ്പോഴാണ്. സി.പി.എമ്മിന് പി. കൃഷ്ണപിള്ളയുടെയും അഴീക്കോടൻ രാഘവന്റെയും രക്തസാക്ഷിത്വത്തിൽ എന്തെങ്കിലും വ്യത്യാസം തോന്നുന്നുവെങ്കിൽ അതൊരു പാമ്പിന്റെയും കഠാരയുടെയും മരണത്തണുപ്പിന്റെ വേർതിരിവു കൊണ്ടുതന്നെയാണ്. അങ്ങനെയെങ്കിൽ ടി.പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ വിധവ ഇത്ര കരുത്തിൽ ഇപ്പോഴും നിയമസഭയ്ക്കുള്ളിൽ വരെയെത്തിയെങ്കിൽ അതിനുപിന്നിലെ ഊർജം ടി.പിയുടെ ജീവനെടുത്ത പ്രത്യയശാസ്ത്ര വക്താക്കളും അവരുടെ പ്രസ്ഥാനവും തന്നെയാണ്.
ടി.പിയുടെ രക്തസാക്ഷിത്വത്തെ കാലമിത്ര കഴിഞ്ഞിട്ടും സി.പി.എം ഇപ്പോഴും ഭയപ്പെടുന്നുവെന്നാണ് എളമരം കരീമിൽ തുടങ്ങി എം.എം മണിയിലെത്തി നിൽക്കുന്ന നേതാക്കളുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമപേറുന്ന ഒഞ്ചിയത്തിന്റെ മണ്ണിൽ കഴിഞ്ഞ 10 വർഷമായി സി.പി.എം കാഴ്ചക്കാരായി തുടരുന്നത് ടി.പിയുടെ ജീവരക്തത്തിന്റെ കരുത്തു തന്നെയാണെന്ന തിരിച്ചറിവ് ആരെക്കാളുമേറെ ആ പാർട്ടിക്കു തന്നെയാണ്.
ഈ നിയമസഭാ സമ്മേളനം ആരംഭിച്ചതു മുതൽ ഭരണപക്ഷം സഭയ്ക്കുള്ളിൽ കടുത്ത പ്രതിരോധത്തിലാകുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ആരംഭിച്ച സഭാസമ്മേളനം ഭരണ-പ്രതിപക്ഷത്തിന്റെ ഏറ്റുമുട്ടലിനുള്ള വേദിയായി. എ.കെ.ജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞയാൾ കാണാമറയത്ത് തുടരുന്നതും വിമാനത്തിൽ വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ തുടങ്ങിയ സംഭവത്തിന്റെ തുടർപ്രതികരണങ്ങളുമെല്ലാം സഭയിൽ സി.പി.എമ്മിന്റെ മുഖം വികൃതമാക്കി. സഭ ചേർന്നുകൊണ്ടിരിക്കെ തന്നെ ഭരണഘടനാ അവഹേളനത്തിന്റെ പേരിൽ ഒരു മന്ത്രിക്കു സ്ഥാനമൊഴിയേണ്ടിയും വന്നു. സർക്കാർ തുടർച്ചയായി പ്രതിക്കൂട്ടിലായപ്പോൾ പ്രതിപക്ഷ വിമർശനത്തിനെല്ലാം കരുത്തു പകർന്നിരുന്നു കെ.കെ രമയുടെ നിലപാടുകൾ. ഇതായിരിക്കാം സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
കോഴിക്കോട് ഒഞ്ചിയത്തു നടന്ന ഒരു പരിപാടിയിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീമാണ് രമയ്‌ക്കെതിരേ ആക്ഷേപം ചൊരിഞ്ഞുകൊണ്ട് ആദ്യം രംഗത്തുവന്നത്. രമയുടെ എം.എൽ.എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണെന്നായിരുന്നു കരീമിന്റെ അധിക്ഷേപം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നുവെങ്കിലും കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ അധിക്ഷേപത്തിനു പിന്തുണ നൽകി. ഒടുവിൽ ഈ അധിക്ഷേപത്തിന്റെ തുടർച്ചയാണ് നിയമസഭയിൽ കണ്ടത്. ആഭ്യന്തര വകുപ്പിനെതിരേ വിമർശനമുന്നയിച്ച രമയ്‌ക്കെതിരേയായിരുന്നു എം.എം മണിയുടെ അധിക്ഷേപം. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയായിരുന്നു സംഭവം. 'ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കെതിരേ, എൽ.ഡി.എഫ് സർക്കാരിനെതിരേ. ഞാൻ പറയാം, ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല'.
രാഷ്ട്രീയ കൊലകളെ വിധികളായി കണ്ട മണി ഓർത്തില്ല, പയ്യന്നൂരിലെ ധനരാജും മാഹിയിലെ കണ്ണിപൊയിൽ ബാബുവും അടക്കമുള്ള സി.പി.എമ്മിന്റെ എണ്ണമറ്റ രക്തസാക്ഷികളുടെ വിധവകളെ. വിധിയല്ല സഖാവെ, ഇതൊക്കെ വധമാണെന്ന് തിരുത്തണം. സി.പി.എമ്മിന്റെ രക്തസാക്ഷി കുടുംബങ്ങൾ ആവശ്യപ്പെടുന്നതിനു മുമ്പെങ്കിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."