HOME
DETAILS

ജനാധിപത്യത്തെ ഭയപ്പെടുന്നവർ

  
backup
June 06 2023 | 05:06 AM

those-who-fear-democracy

ആർ.കെ.ബി


എന്‍.സി.ഇ.ആര്‍.ടി(നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ്)യുടെ പത്താം ക്ലാസിലെ പാഠപ്പുസ്തകത്തിൽനിന്ന് ജനാധിപത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗം നീക്കിയെന്ന വാർത്ത ഭയപ്പെടുത്തുന്നതാണ്. എങ്ങോട്ടാണ് ഈ രാജ്യം പോകുന്നത് എന്ന ചിന്തകളാണ് ഭയത്തിന് ആധാരം. രാജ്യത്ത് ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാസിസവും ഏകാധിപത്യവും അരങ്ങുവാണ രാജ്യങ്ങളിലൊക്കെ ഭരണാധികാരികൾ ആദ്യം കൈവച്ചത് പാഠപുസ്തകങ്ങളിലും ജനാധിപത്യ ചിന്തകളിലുമാണെന്ന ചരിത്രമാണ് ഭയം ഉണർത്തുന്നത്.


രാജ്യത്തെ സമസ്തമേഖലകളിലും സംഘ്പരിവാർ അജൻഡകൾ ആസൂത്രിതമായി വിന്യസിക്കുന്നതിന് കേന്ദ്രസർക്കാർ ആവതും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാവിവൽക്കരണശ്രമങ്ങൾ ഏറ്റവും തീവ്രമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വിദ്യാഭ്യാസമേഖലയിലാണ്. പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും കടന്നുകൂടാനും കാവിവൽക്കരിക്കാനും തുടർച്ചയായ ശ്രമങ്ങളാണ് നടക്കുന്നത്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പുസ്തകത്തിലെ പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്‌മെന്റ്‌സ്(ചാപ്റ്റര്‍ 5), പൊളിറ്റിക്കല്‍ പാര്‍ട്ടീസ്(ചാപ്റ്റര്‍ 6), ചലഞ്ചസ് ടു ഡെമോക്രസി(ചാപ്റ്റര്‍ 8) എന്നിവയാണ് ഒഴിവാക്കിയത്. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിൻ്റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ ജനാധിപത്യം, പിരിയോഡിക് ടേബിള്‍, ഊര്‍ജസ്രോതസുകള്‍ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.


പരിസ്ഥിതി സുസ്ഥിരത (Environmental Sustainability) സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടിയുടെ വാദങ്ങള്‍. പാഠപുസ്തകങ്ങളിൽ തുടർച്ചയായി നടക്കുന്ന ഒഴിവാക്കലുകൾക്കും വെട്ടിനിരത്തലുകൾക്കും നിരന്തരമായി പറയുന്ന കാരണമാണിത് എന്നതിനാൽ എന്‍.സി.ഇ.ആര്‍.ടിയുടെ വിശദീകരണത്തിന് ഒരു പ്രസക്തിയുമില്ല.


കൊവിഡിനെപ്പോലും മറയാക്കി സ്‌കൂൾ സിലബസിൽനിന്ന് മതേതരത്വം, ജനാധിപത്യം, ദേശീയത, പൗരത്വം, ഫെഡറലിസം, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യയിലെ തദ്ദേശ ഭരണത്തിന്റെ വളര്‍ച്ച തുടങ്ങിയവ ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം വലിയ വിവാദമായിരുന്നു. ആറു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, പൗരധർമ്മം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും 2023 -2024 അധ്യയന വർഷത്തേക്കുള്ള സിലബസിൽനിന്ന് എൻ.സി.ഇ.ആർ.ടി വെട്ടിനിരപ്പാക്കിയ വാർത്ത പുറത്തുവന്നിരുന്നു. ക്ലാസ് നഷ്ടത്തിന്റെ പേരുപറഞ്ഞ് കഴിഞ്ഞ വർഷം സിലബസിൽനിന്ന് വെട്ടിമാറ്റിയതു മുഴുവൻ സംഘ്പരിവാറിന് അസ്വസ്ഥത ഉണ്ടാക്കുന്നതും അസ്വീകാര്യവുമായ ഇന്ത്യയുടെ ബഹുസ്വരതയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ്.


12–ാം ക്ലാസിൽ കഴിഞ്ഞ 15 വർഷമായി വിദ്യാർഥികൾ പഠിച്ചുപോന്ന എൻ.സി.ഇ.ആർ.ടിയുടെ രാഷ്ട്രതന്ത്രശാസ്ത്ര പുസ്തകത്തിൽനിന്ന് 'വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങി. ആർ.എസ്.എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചു' എന്ന ഭാഗം ഒഴിവാക്കി. ഗാന്ധിവധവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനെതിരേ ഉയർന്ന ആരോപണങ്ങളെ ചരിത്രത്തിൽനിന്ന് തുടച്ചുമാറ്റുന്നതിന് വേണ്ടിയായിരുന്നു ഈ ഒഴിവാക്കൽ.


കാവിവൽക്കരണത്തിന്റെ ചരിത്രം


1999 ൽ ബി ജെ പി ഇന്ത്യയിൽ അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാവിവത്കരണ ശ്രമങ്ങളുടെ പരിസമാപ്തിയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ എത്തിനിൽക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി. 2016 ജൂലൈ 30 ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച കരട് ദേശീയ വിദ്യാഭ്യാസ നയം ഈ കാവിവത്കരണത്തിന്റെ ഭാഗമായിരുന്നു. കരടുനയത്തിന്റെ ആമുഖത്തിലെ വേദകാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനുള്ള ആഹ്വാനവും ഇന്ത്യയിലെ ഭാഷകളുടെ മൂലഭാഷയായി സംസ്കൃതത്തെ അവരോധിക്കാനുള്ള ശ്രമങ്ങളും സംസ്കൃതത്തെ മുന്നിൽനിർത്തി ഇന്ത്യയിൽ സാംസ്കാരിക ദേശീയത രൂപീകരിക്കാനുള്ള ശ്രമങ്ങളും കൃത്യമായ ആർ.എസ്.എസ് അജൻഡയുടെ ഭാഗമായിരുന്നു.


ഇപ്പോൾ നടന്ന ഒഴിവാക്കലുകൾക്ക് കാരണമായി എൻ.സി.ഇ.ആർ.ടി പറയുന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന്റെ വ്യവസ്ഥകൾ അനുസരിച്ച് പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ഈ പരിഷ്കാരങ്ങൾ എന്നാണ്. ഇന്ത്യയിൽ നടപ്പാക്കിവരുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംഘ്പരിവാറിനെ എതിർക്കുന്ന വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിച്ച ആശങ്കകൾ ഈ ഒഴിവാക്കലുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ‘ഭാരത കേന്ദ്രീകൃത’മാക്കണം എന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നയരേഖ പറയുന്നത്. അത് വിരൽചൂണ്ടുന്നത് സംഘ്പരിവാറിന്റെ കാഴ്ചപ്പാടിലുള്ള പൗരാണിക ഭാരതത്തെക്കുറിച്ചാണ്. 'The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy’(പൗരാണികവും നിത്യവുമായ ഇന്ത്യൻ ജ്ഞാനത്തിന്റെയും ചിന്തയുടെയും സമ്പന്നമായ പൈതൃകമാണ് ഈ നയരേഖയെ വഴികാട്ടുന്ന വെളിച്ചം) എന്നാണ് നയരേഖയുടെ ആമുഖത്തിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്നത്.


2014 ൽ നരേന്ദ്ര മോദി സർക്കാർ ഭരണമേറ്റതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളാണ് 18 സംസ്ഥാനങ്ങളിലെ അഞ്ചു കോടിയോളം വിദ്യാർഥികൾ പഠിക്കുന്ന പാഠപുസ്തകങ്ങളിൽ വരുത്തുന്നത് എന്നാണ് ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രത്തിലെ എൻ.ഡി.എ ഭരണത്തിനിടെ മൂന്നാമത്തെ പാഠപുസ്തക അവലോകനമാണിത്. ആദ്യത്തേത് 2017ൽ നടന്നു. അതിൽ എൻ.സി.ഇ.ആർ.ടി 182 പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഡേറ്റ അപ്ഡേറ്റുകളും ഉൾപ്പെടെ 1,334 മാറ്റങ്ങൾ വരുത്തി. രണ്ടാമത്തെ അവലോകനം 2019ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദേശപ്രകാരം വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു ആരംഭിച്ചത്. മൂന്നാമതായി പാഠപുസ്തകങ്ങളിൽ വരുത്തിയ എല്ലാ തിരുത്തലുകളുടെയും മാറ്റങ്ങളുടെയും സമഗ്രമായ പട്ടിക എൻ.സി.ആർ.ടി കഴിഞ്ഞ വർഷംതന്നെ പുറത്തിറക്കിയിരുന്നു, എന്നാൽ, അധ്യയന വർഷം ആരംഭിച്ചതിനാൽ അന്നത് ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഭാഗങ്ങൾ നീക്കം ചെയ്ത് പുനഃപ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഈ അക്കാദമിക് വർഷം വിദ്യാർഥികളിൽ എത്തി.


ഉയരുന്ന പ്രതിഷേധങ്ങൾ


എൻ.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പാഠപുസ്തക വക്രീകരണത്തിനെതിരേ വലിയ വിമർശനമാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800 ഓളം ശാസ്ത്രജ്ഞന്മാർ സര്‍ക്കാരിന് തുറന്ന കത്തെഴുതി പ്രതിഷേധിച്ചിരുന്നു. ചരിത്രപാഠങ്ങൾ ഒഴിവാക്കാനുള്ള എൻ.സി.ഇ.ആർ.ടിയുടെ തീരുമാനത്തെ അപലപിച്ച് രാജ്യത്തെ പ്രമുഖ ചരിത്രപണ്ഡിതന്മാർ പ്രസ്താവന ഇറക്കി. 'തങ്ങളുടെ പ്രത്യശാസ്ത്രവുമായി പൊരുത്തപ്പെടാത്ത പാഠഭാഗങ്ങൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നത് ഭരണകൂടത്തിന്റെ പക്ഷപാത അജൻഡയാണെന്ന്' അന്തർദേശീയതലത്തിൽ ശ്രദ്ധേയരായ റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, ആദിത്യ മുഖർജി, ബാർബറ മെറ്റ്കാഫ്, ദിലീപ് സിമിയോൺ, മൃദുല മുഖർജി തുടങ്ങിയവർ പ്രസ്താവനയിൽ പറയുന്നു. പ്രതിഷേധങ്ങൾ ഉയരുമ്പോഴും അജൻഡകളുമായി സംഘ്പരിവാർ മുന്നോട്ടുപോവുകയാണ്. തങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായ പുതിയ ഇന്ത്യയെ രൂപീകരിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറു വർഷങ്ങൾ തികയുന്ന 2025ൽ ഹിന്ദുത്വയുടെ കൊടിതോരണങ്ങൾ ഉയരുന്ന ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ പരിവർത്തനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ. പുതിയ പാർലമെന്റ് മന്ദിരവും പാഠപ്പുസ്തകങ്ങളുമെല്ലാം ഈ അജൻഡയിലെ ചില ഉദാഹരണങ്ങൾ മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago