വിലക്കിയ വാക്കുകള്‍ ഇന്നും മുദ്രാവാക്യങ്ങളായി മുഴക്കി പ്രതിപക്ഷം; പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ് ഉച്ചവരെ നിര്‍ത്തി വെച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. വിലക്കയറ്റത്തിന്റെയും നാണയപ്പെരുപ്പത്തിന്റെയും പേരിലാണ് പ്രതിഷേധം. പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് ലോക് സഭയും രാജ്യസഭയും നിര്‍ത്തിവെച്ചു. ഉച്ചക്ക് രണ്ടുമണി വരെയാണ് നിര്‍ത്തിവെച്ചത്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
വാക്കുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് ലംഘിച്ച പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് കഴിഞ്ഞ ദിവസം പ്രക്ഷുബ്ധമായ തുടക്കം കുറിച്ചിരുന്നു. അവശ്യസാധനങ്ങളുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) കൂട്ടി ജനജീവിതം ദുസ്സഹമാക്കിയതിനെതിരെ ലോക്‌സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തില്‍ മുദ്രാവാക്യവുമായി ഇറങ്ങിയ പ്രതിപക്ഷം നടപടികള്‍ സ്തംഭിപ്പിച്ചു. ഒടുവില്‍ നടപടികളിലേക്ക് കടക്കാനാവാതെ ഇരുസഭകളും ചൊവ്വാഴ്ചത്തേക്ക് പിരിയുകയായിരുന്നു. ഇന്നും തിങ്കളാഴ്ചയിലെ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം തുടരുകയായിരുന്നു.
#WATCH Delhi | Congress leader Rahul Gandhi joins Opposition protest over the issues of inflation and price rise, in front of Gandhi statue in Parliament, on the second day of the Monsoon session pic.twitter.com/WK2iJGGufl
— ANI (@ANI) July 19, 2022
അവശ്യസാധനങ്ങളുടെ ജി.എസ്.ടി കൂട്ടിയത് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ അടിയന്തര ചര്‍ച്ചക്ക് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി അടക്കം അന്തരിച്ചവര്‍ക്കുള്ള ആദരാഞ്ജലിക്കും ശേഷം അടിയന്തര ചര്‍ച്ച അനുവദിക്കാതെ സഭാ നടപടികളിലേക്ക് കടന്നതോടെ കോണ്‍ഗ്രസ് എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. സഭാരേഖകള്‍ മേശപ്പുറത്തുവെക്കാന്‍ നായിഡു കേന്ദ്ര മന്ത്രിമാരെ വിളിക്കുകകൂടി ചെയ്തതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. താനാശാഹി നഹീ ചലേഗി, മോദിശാഹി നഹീ ചലേഗി, മോദി സര്‍ക്കാര്‍ മുര്‍ദാബാദ് (സ്വേഛാധിപത്യം നടപ്പില്ല, മോദിയുടെ ആധിപത്യം നടപ്പില്ല) തുടങ്ങി അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകള്‍ മാത്രം മുദ്രാവാക്യങ്ങളാക്കിയായിരുന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."