വിമാനത്തിലെ പ്രതിഷേധം: ഇ.പിക്ക് ഇൻഡിഗോയുടെ യാത്രാ വിലക്ക്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളി വീഴ്ത്തിയ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി ഇൻഡിഗോ വിമാനക്കമ്പനി.
റിട്ട. ജഡ്ജി അധ്യക്ഷനായ ആഭ്യന്തര അന്വേഷണത്തിലാണ് ജയരാജൻ കുറ്റക്കാരനാണെന്ന് കമ്പനി കണ്ടെത്തിയത്.
യുത്ത് കോൺഗ്രസിൻ്റെ പരാതിയിൽ ജയരാജനെതിരേ നടപടി എടുക്കാനാവില്ലെന്ന് പൊലിസ് പറയുമ്പോഴാണ് വിമാന കമ്പനിയുടെ ഏവിയേഷൻ ചട്ടം ലംഘിച്ചതിന് ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ഇതോടെ സർക്കാർ വെട്ടിലായി. ലോക്കൽ പൊലിസും ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും ജയരാജനെ ഒഴിവാക്കിയാണ് റിപ്പോർട്ട് നൽകിയിരുന്നത്.
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിനാണ് യൂത്ത് കോൺഗ്രസുകാരായ തലശേരിയിലെ ഫർസീൻ മജീദ്, മട്ടന്നൂരിലെ ആർ.കെ നവീൻ കുമാർ എന്നിവർക്കെതിരേ കേസെടുത്തത്. ഹൈക്കോടതി ജാമ്യം നൽകിയ ഇവർക്ക് രണ്ടാഴ്ച ഇൻഡിഗോ വിലക്കേർപ്പെടുത്തിയുട്ടുണ്ട്.
സംഭവത്തിന്റെ പിറ്റേന്ന് ഇൻഡിഗോ വിമാനത്താവള മാനേജർ ജയരാജന് ക്ലീൻ ചീറ്റ് നൽകിയിരുന്നു.
ഇതിനെതിരേ പ്രതിപക്ഷ നേതാവ് കമ്പനിക്ക് പരാതി നൽകി. തുടർന്ന്, ആഭ്യന്തര അന്വേഷണ സംഘം യൂത്ത് കോൺഗ്രസുകാരിൽ നിന്നും ഇൻഡിഗോ വിമാനത്താവള മാനേജരിൽ നിന്നും ക്രൂവിൽ നിന്നും മൊഴിയെടുത്തു.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചവർ ക്രിമിനലുകളാണെന്നറിഞ്ഞിട്ടും ഇൻഡിഗോ ടിക്കറ്റ് നൽകിയെന്നാണ് ഇ.പിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."