യുഎഇയിൽ ചൂട് കൂടുന്നു; മിഡ്-ഡേ ബ്രേക്ക് ജൂൺ 15 മുതൽ നിർബന്ധം, പക്ഷേ ചില തൊഴിലാളികൾക്ക് വിശ്രമമില്ല
യുഎഇയിൽ ചൂട് കൂടുന്നു; മിഡ്-ഡേ ബ്രേക്ക് ജൂൺ 15 മുതൽ നിർബന്ധം, പക്ഷേ ചില തൊഴിലാളികൾക്ക് വിശ്രമമില്ല
ദുബായ്: വേനൽ തുടങ്ങുമ്പോഴേക്കും യുഎഇ ചുട്ടുപൊള്ളാൻ തുടങ്ങി. ഈ ആഴ്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇതിന് പിന്നാലെ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് തൊഴിലാളികൾക്ക് ഉച്ചക്ക് ഇടവേള നൽകണമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.
ചൂടുള്ള വേനൽ മാസങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് മിഡ്-ഡേ ബ്രേക്ക് നടപ്പിലാക്കുന്നത്. ഇത് 19-ാം വർഷമാണ് ഈ കാമ്പെയ്‌ൻ നടപ്പിലാക്കുന്നത്. ജൂൺ 15-ന് ആണ് ഈ വർഷത്തെ മിഡ്-ഡേ ബ്രേക്ക് ആരംഭിക്കുന്നത്. വിശ്രമത്തിന് പുറമെ നിരവധി ബോധവത്കരണ പ്രവർത്തനങ്ങളും ഈ സമയത്ത് നടത്താറുണ്ട്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന, ചൂട് ഏൽക്കുന്ന തരത്തിൽ ജോലി എടുക്കുന്ന എല്ലാ തരം തൊഴിലാളികൾക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം ചില തൊഴിലുകളെയും ജോലികളെയും സാങ്കേതിക കാരണങ്ങളാൽ മധ്യാഹ്ന ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്യുന്ന ജോലിയിൽ ഉള്ളവർ, ജലവിതരണത്തിലോ വൈദ്യുതിയിലോ ഉള്ള തടസ്സങ്ങൾ തീർക്കുന്നവർ, ഗതാഗതം നിയന്ത്രിക്കുന്നവർ തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ, അപകടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾ ചെയ്യുന്നവരെയാണ് ഒഴിവാക്കിയത്.
ഒഴിവാക്കിയ ജോലികളുടെ കാര്യത്തിൽ, തൊഴിലാളികൾക്ക് മതിയായ സുരക്ഷ ഓര്ക്കേണ്ടതുണ്ട്. കുടിക്കാൻ തണുത്ത കുടിവെള്ളം തൊഴിലുടമ നൽകണം. യുഎഇയിലെ പ്രാദേശിക അധികാരികൾ ഉപയോഗിക്കുന്നതിന് അംഗീകരിച്ചിട്ടുള്ള ജലാംശം നൽകുന്ന ഭക്ഷണം നൽകണം. പൊതുജനാരോഗ്യവും സുരക്ഷയും നിലനിർത്തണം. ജോലിസ്ഥലത്ത് പ്രഥമശുശ്രൂഷ, കൂളിംഗ്, നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്ന കുടകൾ എന്നിവയും തൊഴിലുടമ നൽകണം.
അതേസമയം, നിയമം തെറ്റിച്ചാൽ 5,000 ദിർഹം മുതൽ 50,000 വരെ പിഴയടക്കേണ്ടി വരും. പരാതികൾ ഉണ്ടെങ്കിൽ 600590000 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."