മലപ്പുറത്തിന് പാണക്കാട് കുടുംബത്തിന്റെ സ്‌നേഹസമ്മാനം; പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി 15 സെന്റ് ഭൂമി കൈമാറി
പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ഭൂമി വിട്ടുനല്‍കി പാണക്കാട് കുടുംബം
മലപ്പുറം: മലപ്പുറം നഗരസഭയ്ക്ക് കീഴില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കി പാണക്കാട് കുടുംബം. ആശുപത്രി നിര്‍മാണത്തിന് ആവശ്യമായ 15 സെന്റ് സ്ഥലമാണ് സൗജന്യമായി നല്‍കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങി.
കാരാത്തോട് എടായിപ്പാലത്തിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്നുള്ള 15 സെന്റ് ഭൂമിയാണ് ആശുപത്രിക്കായി കൈമാറിയത്. ഭൂമി ലഭ്യമായതോടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ ഭരണ സമിതി തീരുമാനം.
പാണക്കാട് തോണിക്കടവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് പുതിയ കെട്ടിടത്തിലേക്ക് കൂടുതല്‍ സൗകര്യങ്ങളോടെ മാറ്റിസ്ഥാപിക്കുന്നത്. പരിമിത സൗകര്യത്തിലായിരുന്നു ഏഴ് വര്‍ഷമായി ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം നിര്‍മിക്കാന്‍ മലപ്പുറം നഗരസഭ പദ്ധതി അവതരിപ്പിച്ചു.
ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ആശുപത്രിക്കാവശ്യമായ ഭൂമി പാണക്കാട് കുടുംബം നല്‍കിയത്. സഹജീവികള്‍ക്ക് സഹായമാകുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ പാണക്കാട് കുടുംബാംഗങ്ങളുടെ സന്മനസ്സിന്റെ അടയാളമായി ആശുപത്രി കെട്ടിടം ഉടന്‍ യാഥാര്‍ത്ഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."