അസിഡിറ്റി വല്ലാതെ അലട്ടുന്നുവോ; ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍
അസിഡിറ്റി വല്ലാതെ അലട്ടുന്നുവോ; ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍
ഉദരസംബന്ധമായ രോഗങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകള്‍ ആദ്യം പറയുന്നത് അസിഡിറ്റിയെ കുറിച്ചായിരിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് അസിഡിറ്റി?. അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ആമാശയ ഗ്രന്ഥികള്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണത്തെ ദഹിപ്പിക്കേണ്ടതിലും അധികം ആസിഡ് ഉത്പാദിപ്പിക്കുമ്പോള്‍ വയറ്റിനുള്ളില്‍ പൊകച്ചിലും പൊള്ളുന്നതുപോലെയുമുള്ള അനുഭവവും ഉണ്ടാകുന്നു. ഇതാണ് അസിഡിറ്റി എന്ന് പറയുന്നത്. നെഞ്ചിന് താഴെയാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. പലപ്പോഴും നെഞ്ചരിച്ചില്‍ എന്നും ഇതിനെ പറയാറുണ്ട്.
അസിഡിറ്റിക്ക് പ്രധാനകാരണങ്ങള്‍
ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളാണ് മിക്കവാറും അസിഡിറ്റിക്ക് കാരണമാകുന്നത്. സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത്, ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നത്. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നതും അസിഡിറ്റിക്ക് കാരണമാകുന്നു. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ്ഡ്രിങ്ക്‌സ്, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പിസ, ഡോണട്ട്, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളായും അസിഡിറ്റി ഉണ്ടാകാറുണ്ട്.
ചില പരിഹാര മാര്‍ഗങ്ങളിതാ
കറുവാപ്പട്ട
ഈ അടുക്കള സാധനം അസിഡിറ്റിയെ തടയുന്നതിന് സ്വാഭാവിക ആന്റാസിഡായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ വയറിനെ ശമിപ്പിക്കും. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.
വാഴപ്പഴം
കടുത്ത അസിഡിറ്റിക്ക് ഉത്തമമായ ഒരു മറുമരുന്നാണ് പഴുത്ത വാഴപ്പഴം. ദഹന പ്രക്രിയയെ സഹായിക്കുന്ന ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കുടലിന്റെയും വയറിന്റെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ ഇവ ആമാശയത്തിലെ മ്യൂക്കസിന്റെ ഉത്പാദനം വര്‍ധിപ്പിക്കും, ഇത് അമിതമായ ആസിഡ് ഉണ്ടാകുന്നത് തടയുകയും അതിന്റെ ദോഷകരമായ ഫലങ്ങളെ ചെറുക്കുകയും ചെയ്യും.
ശര്‍ക്കര
ശര്‍ക്കരയില്‍ ഉയര്‍ന്ന മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍, കുടലിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്നതിലൂടെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുക, അതിന്റെ ഗുണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അറിയാനാവും. ശരീരത്തില്‍ സാധാരണ താപനില നിലനിര്‍ത്താനും വയറിനെ തണുപ്പിക്കാനും ശര്‍ക്കര ഉപയോഗിച്ചുളള പാനീയം കുടിക്കുന്നത് നല്ലതാണ്.
പുതിന ഇല
അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ പുതിന ഇല സഹായിക്കും. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അസിഡിറ്റി നിയന്ത്രിക്കാനും ശമിപ്പിക്കാനും കുറച്ച് പുതിനയില അരിഞ്ഞത് അല്ലെങ്കില്‍ കുറച്ച് ഇലകള്‍ ഇട്ട തിളപ്പിച്ച വെളളം തണുത്തശേഷം കുടിക്കുക.
ഇഞ്ചി
ചുമയും ജലദോഷവും ഭേദമാക്കുന്നത് മുതല്‍ ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോള്‍, 1 ടീസ്പൂണ്‍ വീതം ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും വേദന മാറാനും സഹായിക്കും.
പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അസിഡിറ്റിയില്‍ നിന്ന് രക്ഷ നല്‍കും. മോര്,തൈര്,യോഗര്‍ട്ട് തുടങ്ങിയവയിലെല്ലാം ഇതടങ്ങിയിട്ടുണ്ട്. കൂടാതെ വെള്ളരിക്ക, ഫ്രഷ് ലൈം, തണ്ണിമത്തന്‍ ജ്യൂസ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കരിക്കില്‍ വെള്ളം പതിവാക്കുന്നതും നല്ലതാണ്. ഭക്ഷണ ശേഷം അല്‍പം ജീരകവെള്ളമോ വെറും ചൂടുവെള്ളമോ അസിഡിറ്റി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.എപ്പോഴും ശുദ്ധമായ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നത് അസിഡിറ്റിക്ക് മാത്രമല്ല എല്ലാ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
these-kitchen-treasures-to-cure-and-control-acidity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."