വാഫി വഫിയ്യ പ്രശ്‌നം: തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം
വാഫി വഫിയ്യ പ്രശ്‌നം: തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം
കോഴിക്കോട്: 2023 ജൂണ്‍ ഒന്നിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എം.സി മായിന്‍ ഹാജി എന്നീ നേതാക്കള്‍ കോഴിക്കോട്ടുവെച്ച് നടത്തിയ ചര്‍ച്ചയില്‍ വാഫി വഫിയ്യ പ്രശ്‌നം സംബന്ധിച്ച് കൈക്കൊണ്ട തീരുമാനങ്ങള്‍ 06.06.2023നു ചേര്‍ന്ന സി.ഐ.സി സെനറ്റ് അംഗീകരിച്ചതായി സി.ഐ.സി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വന്തം ലെറ്റര്‍ഹെഡില്‍ സമസ്തയ്ക്കു നല്‍കിയ കത്ത് എല്ലാ നിലയ്ക്കും സ്വാഗതം ചെയ്യുകയും തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തുന്നതാണെന്നും കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു.
ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശ്ശേരി രാജിവയ്ക്കുകയും സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് രാജി സ്വീകരിക്കുകയും ചെയ്തതായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്തയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി 06.06.2023ന് ചേര്‍ന്ന സി.ഐ.സി സെനറ്റ് യോഗത്തില്‍ വീണ്ടും ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചയ്ക്കു വെച്ചതിലൂടെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ അവഗണിച്ചതായും യോഗം വിലയിരുത്തി.
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനു നേതാക്കള്‍ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സമസ്തയ്‌ക്കെതിരില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടര്‍നടപടികള്‍ക്കു വേണ്ടി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.എം അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.
സമസ്ത നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ച വിവിധ കോഴ്‌സുകള്‍ വിപുലപ്പെടുത്താനും കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം സാധ്യമാക്കാനും യോഗം തീരുമാനിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."