ആ തിരച്ചിലും പ്രാര്‍ഥനയും വെറുതെയായില്ല, ബാലസോറില്‍ പിതാവ് അന്വേഷിച്ചെത്തിയ മകനെ കണ്ടെത്തി
ബാലസോറില്‍ പിതാവ് അന്വേഷിച്ചെത്തിയ മകനെ കണ്ടെത്തി
ഒഡീഷ ട്രെയിനപകടത്തിന്റെ വാര്‍ത്തയ്‌ക്കൊപ്പം നോവായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ തിരയുന്ന അച്ഛന്റെ മുഖം. അത്രത്തോളം ദുരന്തത്തിന്റെ ഭീകരത ആ ചിത്രം തുറന്നുകാട്ടുന്നുണ്ടായിരുന്നു. ട്രെയിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞയുടന്‍ പിതാവ് ഹേലാറാം മാലിക്ക് മകനെ ഫോണില്‍ വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഒരു ആംബുലന്‍സുമായി അയാള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു.തന്റെ മകനൊന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ഥനയോടെ.
ബാലസോറിലെ ഒരു സ്‌കൂളില്‍ കൂട്ടിയിട്ട മൃതദേഹങ്ങളില്‍ നിന്നാണ് പിതാവ് മകനെ കണ്ടെത്തിയത്. മകനെ തിരിച്ചറിഞ്ഞയുടനെയാണ് മകന്റെ കൈ വിറയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ഇരുപത്തിനാലുകാരനായ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.
കൃത്യസമയത്ത് മകനെ തേടി ആ പിതാവ് എത്തിയിരുന്നില്ലെങ്കില്‍ ആ മൃതദേഹങ്ങള്‍ക്കിടയില്‍ കിടന്ന് ബിശ്വജിത്തും മരണത്തിന് കീഴടങ്ങുമായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയപ്പോള്‍ മരിച്ചെന്ന് തെറ്റിദ്ധരിച്ചതാവാമെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."