കർഷകൻ്റെ കഴുത്തറുത്താകരുത് കതിരുകൊയ്ത്ത്
നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഏഴു ശതമാനം കൂട്ടിയത് കേരളത്തിലെ നെൽകർഷകർക്ക് നെല്ലോളംപോലും ആശ്വാസത്തിനോ ആഹ്ലാദത്തിനോ വകനൽകുന്നില്ല എന്നതാണ് നേര്. അന്നമൂട്ടുന്നവരോടുള്ള അനീതിയാണ് ഇതെന്ന് പറയാതിരിക്കാനാവില്ല. പുതിയ താങ്ങുവില പ്രകാരം ഒരു ക്വിന്റൽ നെല്ലിന് 143 രൂപയുടെ വർധനയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് കേന്ദ്ര വിഹിതമായി ഒരു ക്വിന്റലിന് ഇനി 2183 രൂപ ലഭിക്കും. ഒരു കിലോയ്ക്കുള്ള വർധന 1.43 രൂപ. എന്നാൽ വർധനയുടെ ആനുകൂല്യം കേരളത്തിലെ നെൽകർഷകർക്ക് അതേപടി കിട്ടില്ലെന്നാണ് മന്ത്രി ജി. അനിൽകുമാറിന്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.
കേരളത്തിലെ താങ്ങുവില 28.20 രൂപയാണ്. ഇതിൽ 20.40 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. കേന്ദ്രം ഏഴു ശതമാനം വിഹിതം കൂട്ടിയ സാഹചര്യത്തിൽ കേരളത്തിൽ വില 29.63 ആകണം. എന്നാൽ കേരള വിഹിതം കുറച്ച്, നിലവിലുള്ള വിലയായ 28.20 രൂപ തന്നെയേ തങ്ങൾക്കു ലഭിക്കാനിടയുള്ളൂവെന്നാണ് നെൽകർഷകരുടെ ആശങ്ക. മുൻപ് കേന്ദ്ര വിഹിതം ഒരു രൂപ കൂട്ടിയപ്പോൾ കേരളത്തിലെ കർഷകർക്ക് 20 പൈസയുടെ വർധനമാത്രമായിരുന്നു കിട്ടിയത്. 80 പൈസയും കേരള വിഹിതത്തിൽ കുറഞ്ഞു. കേരളം നൽകുന്ന 28.20 രൂപ മറ്റെങ്ങുമില്ലാത്ത മാന്യമായ വിലയാണെന്നാണ് മന്ത്രിയുടെ ന്യായം. ഇത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും വിധത്തിൽ നെൽകർഷകർക്ക് അൽപം ആശ്വാസം കിട്ടാനുള്ള വഴി തുറക്കുന്നുവെങ്കിൽ അതിനൊപ്പമാണ് സർക്കാർ നിൽക്കേണ്ടത്; ഒരുറുപ്പികപോലും കുറയ്ക്കാനാകരുത്.
അരിവില കുതിച്ചുയരുന്ന കാലത്തുപോലും സ്വന്തം ഉൽപ്പന്നം മുടക്കുമുതലിനും താഴെയുള്ള വിലയിൽ വിൽക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ നെൽകർഷകർ. എല്ലാ ഉൽപന്നങ്ങളും മുടക്കുമുതലും ലാഭവും കണക്കാക്കിയാണ് ഉൽപാദകർ വില നിശ്ചയിക്കുന്നതെങ്കിൽ നെല്ലിന്റെ വിലയിടാൻ കർഷകന് അവകാശമില്ല. തീരുമാനിക്കപ്പെടുന്ന വിലയോ പലപ്പോഴും ലാഭം പോയിട്ട് മുടക്കുമുതലിനു പോലും തികയില്ല. മുടക്കുമുതലെങ്കിലും കിട്ടിയാലേ അടുത്ത വിളയ്ക്ക് കർഷകർക്ക് പാടമൊരുക്കാൻ കഴിയൂ. എന്നാൽ വർഷങ്ങളായി പാടത്തിനുമേൽ ഉരുണ്ടുകൂടിയ ആശങ്കയുടെ മറവിൽ ഇനിയെങ്ങനെ വിളയിറക്കുമെന്ന ചിന്തയിലാണ് സംസ്ഥാനത്തെ നെൽകർഷകർ.
നല്ല വിത്തില്ല, മഴ കനിയാത്തതിൽ വരണ്ടുണങ്ങിയ പാടം, വളക്ഷാമം, തൊഴിലാളികളുടേയും കൊയ്ത്തുയന്ത്രങ്ങളുടേയും അപര്യാപ്തത, കൊയ്‌തെടുത്ത നെല്ലിൽ വെള്ളം കയറാതെ സംരക്ഷിക്കൽ, വിറ്റുകഴിഞ്ഞാലും പണം കിട്ടാനുള്ള കാത്തിരിപ്പ്… അങ്ങനെ അന്നമൂട്ടുന്ന നെൽകർഷകന്റെ കണ്ണുനീർ പാടത്തുവീഴാനുണ്ട് ഒരുപാട് കാരണങ്ങൾ. ഇനിയെങ്കിലും ഇതിനൊക്കെ അറുതിയുണ്ടാകുമെന്ന് ഓരോ സീസണിലും മോഹിച്ചുപോകുമെങ്കിലും ആ മോഹങ്ങൾ മറ്റൊരു കണ്ണീരുപ്പായി മാറുകയാണ് പതിവ്. സാമ്പത്തിക ലാഭം പോയിട്ട് മുടക്കുമുതൽ പോലും കഷ്ടിച്ചു നേടിയാണ് സംസ്ഥാനത്തെ നെൽ കർഷകർ വീണ്ടും വീണ്ടും കൃഷിയിറക്കുന്നത്. മണ്ണിനേയും കൃഷിയേയും ജീവിത താളമായി കണ്ട നെൽകർഷകർ അതിജീവനത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണിപ്പോൾ. പാടത്ത് ഇനിയും വിത്തുകൾ വീണാലേ മലയാളിക്ക് അന്നമുണ്ണാൻ കഴിയൂവെന്നതിനാൽ കതിർവിളയിക്കുന്ന കർഷകരെ സർക്കാർ കരുതലോടെ ചേർത്തുപിടിക്കുക തന്നെ വേണം.
വിറ്റ നെല്ലിന്റെ വില ഇനിയും കൈയിൽകിട്ടിയില്ല എന്നതൊക്കെ മറന്നാണ് സർക്കാർ വീണ്ടും കർഷകമനസിൽ ആശങ്ക വിതയ്ക്കുന്നത്. ഇക്കഴിഞ്ഞ സീസണിൽ സപ്ലെയ്‌കോ സംഭരിച്ച നെല്ലിന്റെ വില പൂർണമായും ലഭിച്ചിട്ടില്ല. സംഭരണത്തിന്റെ കണക്ക് ദേശസാൽകൃത ബാങ്കുകളിൽ നൽകിയാൽ സപ്ലെയ്‌കോയുടെ അനുമതി പത്രം വാങ്ങി തുക കർഷകരുടെ അക്കൗണ്ടിലേക്ക് അപ്പോൾ തന്നെ നൽകുന്ന രീതിയായിരുന്നു കഴിഞ്ഞ വർഷം വരെ. എന്നാൽ ബാങ്കിന് കൃത്യമായ പണം സർക്കാർ നൽകാതായതോടെ പ്രതിസന്ധി രൂക്ഷമായി. ഈ വർഷം കേരള ബാങ്ക് വഴിയാക്കി പണവിതരണം. അവരും കുറച്ചുതുക നൽകി പിന്നീട് നിർത്തി. ഇപ്പോൾ ബാങ്കുകളുടെ കൺസോർഷ്യം നൽകുന്ന പണം സിവിൽ സപ്ലൈയ്‌സ് കോർപറേഷൻ നേരിട്ട് കർഷകർക്ക് നൽകുകയാണ്. എന്നാൽ മാർച്ച് മാസിത്തിനുശേഷം ആർക്കും പണം ലഭിച്ചിട്ടില്ല. 1097 കോടിയോളം കുടിശ്ശികയുണ്ട് നെല്ലെടുത്തത് വഴി കർഷകർക്ക് നൽകാൻ. ഇത് 2022-23ൽ മാത്രം സംഭരിച്ച വകയാണ്.
സംഭരണകാലത്ത് സംഘർഷത്തിലേക്ക് നീങ്ങിയ പാടയോരങ്ങൾ, സംഭരിച്ച നെല്ലിന്റെ പണത്തിനും സമരത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങുന്നത് നല്ലതല്ല. ഓരോ വർഷവും സംഭരിക്കേണ്ട നെല്ലിന്റെ പണം മുൻകൂട്ടി മാറ്റിവച്ചാൽ സംഭരണവും പണവിതരണവും പരാതിയില്ലാതെ നടക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് നെല്ലു സംഭരണത്തിനും പണവിതരണത്തിനും നിയന്ത്രണത്തിനും പിന്നിലെങ്കിലും ഇത് തീർത്തും കർഷകവിരുദ്ധവും കൃഷിവിരുദ്ധവുമാണെന്ന് പറയാതെ വയ്യ.
സ്വകാര്യ സംഭരണക്കാരിൽ നിന്ന് അമിത കിഴിവാണ് കർഷകർക്ക് നേരിടേണ്ടി വന്നത്. ഇത് പലയിടത്തും സംഘർഷത്തിലേക്ക് വഴി തുറന്നിരുന്നു. ഏജന്റുമാരെ മർദിച്ച സംഭവം വരെയുണ്ടായി. ഇടനിലക്കാർ അടക്കം ഒന്നടങ്കം നെല്ല് സംഭരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. കൊയ്ത്തിന്റെ ആദ്യഘട്ടത്തിൽ ഒരു കിലോ മുതൽ മൂന്നു കിലോ വരെ കിഴിവ് വാങ്ങി സംഭരിച്ചിരുന്നത് അവസാന ഘട്ടമെത്തിയപ്പോൾ 10 കിലോ വരെ അധിക നെല്ല് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
ഇതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഈർപ്പം ഉണ്ടെന്നും അതിനാൽ കൂടുതൽ കിഴിവ് വേണമെന്നും ആവശ്യപ്പെട്ട് ചില പ്രദേശങ്ങളിലെ നെല്ല് സംഭരണം പൂർണമായും അനിശ്ചിതത്വത്തിലുമായിരുന്നു. ഇപ്പോൾ സപ്ലൈയ്‌കോ സംഭരിച്ച നെല്ലിന്റെ വിലയുടെ പേരിലും സംഘർഷമാണ് പലയിടത്തും.
പാടത്ത് പണി വരമ്പത്ത് കൂലിയെന്നത് നെൽകർഷകർക്ക് മാത്രം നിഷിദ്ധമാണിപ്പോൾ. നെല്ലെടുത്താൽ പാടവരമ്പത്ത് തന്നെ കൂലി കിട്ടുന്ന സാഹചര്യമുണ്ടാകണം. കർഷകന്റെ ന്യായവും മിതവുമായ അവകാശമാണത്. ആ അവകാശത്തിന്റെ ആനുകൂല്യമാണ് നമ്മുടെ തീൻമേശയിൽ നിറയുന്ന അന്നം. താങ്ങുവിലയ്ക്കുവേണ്ടി കേന്ദ്രം നൽകുന്ന വിഹിതത്തിന്റെ പേരിൽ സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നത്, കർഷകൻ്റെ അവകാശങ്ങൾക്കുമീതെ സർക്കാർ വീശുന്ന അരിവാളായിരിക്കും എന്നതിൽ സംശയമുണ്ടാവില്ല.
Content Highlights: editorial in suprabhaatham
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."