ന്യൂയോർക്കിനെയും ലണ്ടനെയും പാരിസിനെയും പിന്തള്ളി ദുബായ് മൂന്നാം സ്ഥാനത്ത്; ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങൾ ഇവയാണ്
ന്യൂയോർക്കിനെയും ലണ്ടനെയും പാരിസിനെയും പിന്തള്ളി ദുബായ് മൂന്നാം സ്ഥാനത്ത്
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബായ് മൂന്നാം സ്ഥാനത്ത്. ലോകത്തിലെ തന്നെ പ്രമുഖ നഗരങ്ങളെയെല്ലാം പിന്നിലാക്കിയാണ് ദുബായിയുടെ കുതിപ്പ്. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, സിഡ്‌നി, ജോഹന്നാസ്ബർഗ്, പാരിസ് തുടങ്ങി ആഗോള പ്രമുഖരെ പിന്തള്ളിയാണ് ദുബായ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. യുകെ ആസ്ഥാനമായുള്ള ദി ഇക്കണോമിസ്റ്റിന്റെ പുതിയ റാങ്കിങിലാണ് യുഎഇക്ക് നേട്ടം.
“ലോകത്തിലെ 10 പ്രമുഖ ആഗോള നഗരങ്ങളിൽ ദുബായ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ നമ്മുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം" - ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
"യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും ദുബായ് ഇക്കണോമിക് അജണ്ട (D33) നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുമാണ് ഈ മഹത്തായ നേട്ടത്തിന് കാരണമായത്. ”ഷൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷത്തെ ജനസംഖ്യ, സാമ്പത്തിക വളർച്ച, ഓഫീസ് ഒഴിവുകൾ, വീടുകളുടെ വില എന്നിങ്ങനെ നാല് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ദി ഇക്കണോമിസ്റ്റ് സൂചിക സൃഷ്ടിച്ചത്. മൊത്തത്തിലുള്ള സ്‌കോർ സൃഷ്‌ടിക്കുന്നതിന്, ഓരോ നഗരവും ഈ നടപടികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി റാങ്ക് ചെയ്‌തു. - ദി ഇക്കണോമിസ്റ്റ് വ്യക്തമാക്കി.
പട്ടികയിൽ ഒന്നാം സ്ഥാനം അമേരിക്കൻ നഗരമായ മിയാമിക്ക് ആണ്. 2019 മുതൽ 2022 വരെയുള്ള കാലയളവിലെ ശക്തമായ സാമ്പത്തിക വളർച്ചയും ആകർഷകമായ പ്രോപ്പർട്ടി മാർക്കറ്റുമാണ് മിയാമിയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.
റാങ്കിങ്ങിൽ സിംഗപ്പൂർ രണ്ടാം സ്ഥാനത്തും ദുബായ് മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 5.8 ശതമാനം ശക്തമായ ജനസംഖ്യാ കുതിപ്പും സാമ്പത്തിക വളർച്ചയുമാണ് ദുബായിയെ തുണച്ചത്. ന്യൂയോർക്ക് നാലാം സ്ഥാനത്തും ലണ്ടൻ അഞ്ചാം സ്ഥാനത്തും എത്തി. ടോക്കിയോ (6), സിഡ്‌നി (7), ജോഹന്നാസ്ബർഗ് (8), പാരീസ് (9), സാൻ ഫ്രാൻസിസ്കോ (10) എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ചത്.
2019 മുതൽ 2022 വരെയുള്ള പ്രകടനമാണ് ദി ഇക്കണോമിസ്റ്റ് വിലയിരുത്തിയത്. കോവിഡ് കാലമായിരുന്നു ഇതെന്നതിനാൽ തന്നെ മിക്ക നഗരങ്ങളും വലിയ ഭീഷണിയിലായിരുന്നു. എന്നാൽ ഈ മോശം സാഹചര്യത്തിലും പിടിച്ച് നിൽക്കാനും നേട്ടമുണ്ടാക്കാനും സാധിച്ച നഗരങ്ങളാണ് ആദ്യപത്തിൽ സ്ഥാനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."