ചെങ്കോലേന്തുന്ന ക്രിമിനൽ
ചിഹ്നം താമരയോ സൈക്കിളോ ആകട്ടെ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിന് ഗോദയില്‍ വെല്ലുവിളിയായി ആരും ഉണ്ടായിട്ടില്ല. ലോകോത്തര ഗുസ്തി താരങ്ങള്‍ ലൈംഗികപീഡന പരാതിയുമായി സുപ്രിംകോടതി വരെ കയറിയിറങ്ങിയിട്ടും ഒരു രാജ്യത്തെ നിയമസംവിധാനം പ്രതിക്കു മുമ്പില്‍ തല കുനിച്ച് നില്‍ക്കുന്നത് ലോകം കാണുന്നു. പരാതിക്കാരികളില്‍ ഒരാള്‍ നിര്‍ണായക മൊഴി തിരുത്തും വരെ പൊലിസ് കാത്തുനിന്നു. പാര്‍ലമെന്റ് മന്ദിരം വെഞ്ചരിക്കാനെത്തിയ സന്യാസിമാര്‍ ബ്രിജ്ഭൂഷണ് വേണ്ടി അയോധ്യയില്‍ വലിയ റാലിക്കൊരുങ്ങിയതാണ്.
രാജ്യത്തിന്റെ അഭിമാന ഭാജനങ്ങളായ ഗുസ്തി താരങ്ങള്‍ തങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് ആരും ചെവി കൊടുക്കുന്നില്ല. എവിടെ കായിക താരങ്ങളെന്ന് ചോദിച്ചു തുടങ്ങിയപ്പോള്‍ കപില്‍ ദേവിന്റെ സംഘം മാനം കാത്തു. സച്ചിന്‍ ടെണ്ടുല്‍ക്കറെ കണ്ടതുമില്ല. മലയാളികളുടെ അഹങ്കാരമായ പി.ടി ഉഷ രാജ്യത്തെ നാണം കെടുത്തുന്നവരെ തിരിച്ചറിഞ്ഞത് മഹാഭാഗ്യം.
നോട്ട് നിരോധനം തെറ്റായ തീരുമാനമെങ്കില്‍ പച്ചക്ക് കത്തിച്ചോളൂവെന്ന് രാജ്യത്തോട് പറഞ്ഞ നരേന്ദ്രമോദി ഇന്നും ചെങ്കോലേന്തുന്നുവെന്നതുകൊണ്ടു തന്നെയാണ് ഗുസ്തി താരങ്ങള്‍ പറയുന്നത് ശരിയെന്ന് തെളിഞ്ഞാല്‍ തൂങ്ങി മരിക്കാമെന്ന് ബ്രിജ്ഭൂഷണും പറയുന്നത്. ഇദ്ദേഹത്തിന്റെ നാലു മക്കളില്‍ മൂത്തവന്‍ 23ാമത്തെ വയസില്‍ അച്ഛന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് സ്വന്തം തലയിലേക്ക് വെടിയുണ്ട കയറ്റി. ആത്മഹത്യക്കുറിപ്പില്‍ അച്ഛന്റെ മനോഭാവത്തെ കുറിച്ച് എഴുതിവച്ചാണ് അവന്‍ പോയത്. ഇനി എന്റെ അനിയത്തിയെയും സഹോദരങ്ങളെയുമെങ്കിലും അച്ഛന്‍ ശ്രദ്ധിക്കട്ടെയെന്നും അവന്‍ കുറിച്ചു. കൊന്നും കൊല്ലിച്ചുമുള്ള ക്ഷാത്ര രാഷ്ട്രീയ ഗുണ്ടായിസത്തില്‍ ഈ ക്ഷത്രിയന് കാലിടറിയിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും ബ്രിജ്ഭൂഷണെതിരേ വിരലനക്കിയിട്ടില്ല.
മോട്ടോര്‍ ബൈക്ക് മോഷണം മുതല്‍ മദ്യക്കച്ചവടം വരെ നിരവധി കേസുകള്‍ ബ്രിജ്ഭൂഷണ് കൂടെയുണ്ടായിരുന്നു. ക്ഷേത്രക്കുളത്തില്‍ കുട്ടികളെ കൊണ്ട് മുങ്ങിച്ച് പണം എടുക്കുന്ന ബിസിനസില്‍ നിന്ന് ചില്ലറ കരാറിലേക്ക് ബ്രിജ്ഭൂഷണ്‍ നീങ്ങുമ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവായ വിനോദ് കുമാര്‍ സിങ് എന്ന പണ്ഡിറ്റ് സിങും കൂടെ ഉണ്ടായി. പിന്നീട് ഈ പണ്ഡിറ്റ് സിങ്ങിനു നേരെ വെടിയുതിര്‍ത്തതിന് ബ്രിജ്ഭൂഷണെതിരേ കേസുണ്ടായി. പണ്ഡിറ്റ് സിങ് പോലും ഇയാള്‍ക്കെതിരേ മൊഴി കൊടുത്തില്ല. ഒരാളെ താന്‍ വെടിവച്ച് കൊന്നുവെന്ന് ബ്രിജ്ഭൂഷണ്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതാണ്.
നാമനിര്‍ദേശ പത്രികയിലെ കേസുകളുടെ വ്യാപ്തി കണ്ടാല്‍ ഞെട്ടും. 40 വരെ കേസുകള്‍. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, കലാപം, കൊള്ള…. എന്നിങ്ങനെ കേസുകള്‍. ഒന്നില്‍പോലും ശിക്ഷിക്കപ്പെട്ടില്ല. പണ്ഡിറ്റ് സിങ്ങിനെ വെടിവച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരും ഹാജരായില്ല. ചുമ്മാ കേസ് തോറ്റുകൊടുത്തതു കണ്ട് കോടതി പോലും ആശ്ചര്യം പ്രകടിപ്പിച്ചു. ദാവൂദ് ഇബ്രാഹീമിന്റെ സ്വന്തക്കാര്‍ക്ക് ഒളിത്താവളം ഒരുക്കിയതിന് സി.ബി.ഐ എടുത്ത കേസില്‍ ബ്രിജ്ഭൂഷണ്‍ പ്രതിയായി. അതും വിട്ടുപോയ കേസാണ്. 2008ല്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ മന്ത്രിസഭ ആണവ കരാറിനെ തുടര്‍ന്ന് വിശ്വാസ വോട്ടിനെ അഭിമുഖീകരിച്ചപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് കൂറുമാറി മന്‍മോഹന് വോട്ട് ചെയ്തയാളാണ് ബ്രിജ്ഭൂഷണ്‍. അതിന് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയെങ്കിലും 2009ലെ തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ സമാജ് വാദി സ്ഥാനാര്‍ഥിയായി ബ്രിജ്ഭൂഷണ്‍ ലോക്‌സഭയിലെത്തി.
യു.പിയിലെ ഗോണ്ട മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ആദ്യം ലോക്‌സഭയിലെത്തിയത്. 2004ല്‍ ഇവിടേക്ക് പാര്‍ട്ടി പരിഗണിച്ച ഘനശ്യാം ശുക്ള ദുരൂഹ സാഹചര്യത്തില്‍ റോഡപകടത്തില്‍ മരിക്കുകയായിരുന്നു.
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ആദ്യം അറസ്റ്റിലായതിന്റെ പേരില്‍ ഊറ്റം കൊള്ളുന്നയാളാണിദ്ദേഹം. സ്വന്തം അംഗരക്ഷകരെ കൊണ്ടു നടക്കുന്ന ഭാര്യ കെത്കി ദേവി സിങ് ഗോണ്ടയില്‍ നിന്ന് ഒരിക്കല്‍ ലോക്‌സഭയിലേക്ക് ജയിച്ചു. ജില്ലാ പഞ്ചായത്ത് അംഗമാണിപ്പോള്‍.
വലിയ ദേശാഭിമാനികളായാണ് ബി.ജെ.പി സ്വയം അവകാശപ്പെടുക. ലോക വേദികളില്‍ ഇന്ത്യക്കാരായാ കായിക താരങ്ങള്‍ നേട്ടം കൈവരിക്കുമ്പോള്‍ വല്ലാതെ ഊറ്റം കൊള്ളുന്ന സംഘ്പരിവാര്‍ പക്ഷെ ലോകോത്തര വേദികളില്‍ മെഡലുകള്‍ വാരിക്കൂട്ടുന്ന വനിതാ ഗുസ്തി താരങ്ങളുടെ പരാതിയെയും പ്രക്ഷോഭങ്ങളെയും അവമതിക്കുകയാണ്. 2011 മുതല്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനാണ്. 2012 മുതല്‍ 2022 വരെ കാലത്ത് രാജ്യത്തിന് അകത്തു പുറത്തുമായി അധ്യക്ഷന്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പരാതികള്‍ക്ക് ചെവി കൊടുക്കാന്‍ കായിക വകുപ്പിനോ പൊലിസിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കുന്നില്ല. ജനുവരിയിലാണ് വിനീഷ് ഫോഗട്ടും സാക്ഷി മാലികും ബജ്‌റംഗ് പുനിയയുമടങ്ങുന്ന അന്തര്‍ദേശീയ താരങ്ങള്‍ പരാതി ഉയര്‍ത്തിയത്. അന്ന് കായിക വകുപ്പ് മന്ത്രി ഇടപെട്ട് നടപടി ഉറപ്പു നല്‍കി. നാല് മാസമായിട്ടും നടപടിയില്ലെന്ന് വന്നപ്പോഴാണ് വീണ്ടും പ്രക്ഷോഭത്തിലേക്ക് വന്നത്.
ജനുവരിയില്‍ സമര വേദിയിലെത്തിയ രാഷ്ട്രീയ നേതാക്കളെ അവര്‍ ഇറക്കിവിടുകയായിരുന്നു. സമരത്തിന് രാഷ്ട്രീയ മുഖം ഉണ്ടാവരുതേയെന്ന പ്രാര്‍ഥനയായിരുന്നു അപ്പോള്‍. എന്നിട്ടും സമരത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബ്രിജ്ഭൂഷണ്‍ ആരോപിച്ചു. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്വേഷിക്കുന്നുവെന്ന മറുപടിയില്‍ കോടതിയെ ചെറുക്കുകയും ചെയ്യുന്നു. ഗുസ്തി വനിതാ പുരുഷ താരങ്ങള്‍ കരുത്തരാണ്. അവരെ കൈകാര്യം ചെയ്യാന്‍ കരുത്തന്‍ തന്നെ വേണം എന്നതായിരുന്നു ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് വരുമ്പോള്‍ ബ്രിജ്ഭൂഷണ്‍ പറഞ്ഞത്. ഇയാളുടെ കരുത്ത് ഇന്ന് ലോകത്തിന് മുമ്പില്‍ നാണക്കേടുണ്ടാക്കുന്നു, രാജ്യത്തിന്.
Content Highlights: editorial about Brij Bhushan Sharan Singh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."