5 ടെക്‌സ്റ്റൈൽ മില്ലുകൾ പൂട്ടി ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു
കൊല്ലം • സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ ഉടമസ്ഥതയിലുള്ള അഞ്ച് ടെക്‌സ്‌റ്റൈൽ മില്ലുകൾ ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ട് വ്യവസായ വകുപ്പ് താഴിട്ടു. മുടങ്ങിയ ശമ്പളമോ ആനുകൂല്യങ്ങളോ നൽകാതെയാണ് തൊഴിലാളി വിരുദ്ധ നടപടി.ചെങ്ങന്നൂർ പ്രഭുറാം മിൽസ്, മലപ്പുറം എടരിക്കോട് ടെക്‌സ്‌റ്റൈൽസ്, തൃശൂർ കോപറേറ്റീവ് മില്ലുകൾ എന്നിവ കഴിഞ്ഞ നാലുമാസമായി അടഞ്ഞുകിടക്കുകയാണ്. കോട്ടയം ടെക്‌സ്‌റ്റൈൽസ്, സീതാറാം ടെക്‌സ്‌റ്റൈൽസ് എന്നിവ മൂന്നാഴ്ചമുമ്പ് ഷട്ടറുകൾ താഴ്ത്തി. കോട്ടയം ടെക്‌സ്‌റ്റൈൽസിൽ മുന്നൂറോളം സ്ഥിരം തൊഴിലാളികളുണ്ടായിരുന്നു.
സീതാറാമിൽ 200, എടരിക്കാട് 250, പ്രഭുറാമിൽ 200, തൃശൂർ കോപറേറ്റീവ് മില്ലിൽ 225 സ്ഥിരം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ശമ്പള കുടിശ്ശിക മാത്രമല്ല ഇ.എസ്.ഐ, പി.എഫ് എന്നിവയും അടച്ചിട്ടില്ല. വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകിയില്ല.
സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളേയും കടക്കെണിയിൽനിന്ന് കരകയറ്റുകയാണെന്ന് അവകാശപ്പെടുന്ന സർക്കാർ നഷ്ടക്കണക്കു പറഞ്ഞാണ് ടെക്‌സ്‌റ്റൈൽ മില്ലുകൾ പൂട്ടിയത്.
ടെക്‌സ്‌റ്റൈൽ ഫെഡറേഷൻ നേതാക്കൾ രണ്ടുതവണ വ്യവസായ മന്ത്രി പി.രാജീവിനെ കണ്ട് നിവേദനം നൽകിയെങ്കിലും വിഷയം ചർച്ചചെയ്യാൻ ഇതുവരെ യോഗംപോലും വിളിച്ചില്ല.തൊഴിലാളികൾക്ക് ലേഓഫ് വേതനമായി പ്രതിമാസം 1.15 കോടി രൂപയാണ് വ്യവസായ വകുപ്പ് നൽകേണ്ടത്. വേതനം കണക്കാക്കിയാൽ 3 കോടി രൂപയിലധികം വരും. ഫാക്ടറി ചട്ടങ്ങൾ അനുസരിച്ച് ഒരു കമ്പനി സ്ഥിരംതൊഴിലാളിയെ പിരിച്ചുവിടുമ്പോൾ ശമ്പളത്തിന്റെ പകുതി ലേ ഓഫ് വേതനത്തിന് അർഹതയുണ്ട്. ഇതൊന്നും നൽകിയിട്ടില്ല.
കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ ഏജൻസികളിൽനിന്നാണ് മില്ലുകൾ പരുത്തി വാങ്ങിയിരുന്നത്. ഈ വർഷം പരുത്തി സംഭരിക്കാനുള്ള ഫണ്ടും മുടങ്ങിക്കിടക്കുകയാണ്.
Content Highlights:textile mill in kollam closed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."