ജനാധിപത്യത്തെ തകർക്കാൻ ശേഷിയുള്ള നിർമിതബുദ്ധി
മൗക്തിക് കുൽക്കർണി
കമ്പ്യൂട്ടർ സ്ക്രീനിനപ്പുറമുള്ള ലോക-സാമൂഹിക ക്രമത്തെപ്പറ്റിയും അതിലെ ജനാധിപത്യത്തിന്റെ കുഞ്ഞു ചരിത്രത്തെപ്പറ്റിയും പഠിക്കാൻ തയാറായ നിർമിതബുദ്ധി വിദഗ്ധർക്ക് കഴിഞ്ഞ മാസങ്ങൾ വളർന്നു വരുന്ന അനിശ്ചിതത്വത്തിന്റേതായിരുന്നു. മാനവരാശിക്കുമേൽ അണുവായുധാക്രമണം നടന്നതിനു സമാനമായിരുന്നു ചർച്ചകൾ. എന്നാൽ, ഈ സാങ്കേതികവിദ്യകളെ അണുവായുധങ്ങളുമായി താരതമ്യപ്പെടുത്തുന്നത് അവയുടെ നശീകരണശേഷിയെ കുറച്ചുകാണിക്കുന്നതിനു സമാനമാണ്. സാങ്കേതിക രൂപപരിണാമത്തിലൂടെ നിർമിതബുദ്ധിക്ക് അവതരിക്കാൻ സാധിക്കുന്ന ഭീകരരൂപങ്ങളെ കുറിച്ചു മനുഷ്യമനസിനു സങ്കൽപ്പിക്കാൻ പോലുമാവാത്തതിനാലാണ് ഇവയുടെ നശീകരണശേഷിയെ നാം അണുവായുധം മാത്രമായി കുറച്ചുകാണുന്നത്.
എന്നാൽ, സമീപഭാവിയിൽ ഈ നിർമിതബുദ്ധി നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സാരമായ അഴിച്ചുപണികൾ നടത്തുമെന്ന് തീർച്ച. അത് വ്യക്തിജീവിതത്തിൽ നിന്നാരംഭിച്ച് ദേശീയ, അന്തർദേശീയ മാനങ്ങളെ ഭേദിച്ച് രാഷ്ട്രീയ-സാമൂഹ്യ ജീവിതങ്ങളിൽ ചൂഴ്ന്നുനിൽക്കുകയും ചെയ്യും. അണുബോംബ് നിർമിക്കുന്നതിനു മുമ്പുതന്നെ അതിനകത്തു സംഭവിക്കുന്ന ശൃംഖലാപ്രതിപ്രവർത്തനങ്ങളെ കുറിച്ച് സൈദ്ധാന്തികമായി തന്നെ സമൂഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. കൂടാതെ അണുവായുധ ശേഷിയാണെങ്കിലും അതിന്റെ പ്രയോഗമാണെങ്കിലും ചില തെളിവുകൾ അവശേഷിപ്പിക്കുന്നതും വ്യക്തമായിരുന്നു. അതീവരഹസ്യമായി യാതൊരു തെളിവുമില്ലാതെ നിർമിക്കാനോ പ്രയോഗിക്കാനോ സാധിക്കില്ല.
എന്നാൽ, നിർമിതബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യന്ത്രമാതൃകകൾക്ക് കൃത്യമായൊരു ദൗത്യം ഇല്ല എന്നുമാത്രമല്ല, അതിനപ്പുറമായി അവ എന്തും സാധ്യമാക്കാൻ സജ്ജമായുള്ളവയാണ്. അതിനാൽ തന്നെ പരിശീലനം വഴി അനിർവചനീയമായ ദൗത്യങ്ങൾ പോലും ചെയ്തുനൽകാൻ ഇവക്കു സാധിക്കും. ഇവ ഏത് രൂപത്തിലാണ് ഉപയോഗിക്കപ്പെടുകയെന്നും അവ സമൂഹത്തിൽ ഏതു വിധത്തിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതു പോലും സങ്കൽപ്പിക്കാൻ സാധിക്കില്ല.
നിർമിതബുദ്ധി ഏതു തരത്തിൽ പുനർനിർമിക്കപ്പെടുമെന്നതിലെ ആശങ്കയെ മുൻനിർത്തിയാണ് ഈ മേഖലയിലെ അതികായരും വിദഗ്ധരും മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. നിർമിതബുദ്ധിയുടെ ആവിഷ്ക്കരണത്തോടെ എന്താണ് വരാനിരിക്കുന്ന് എന്നതിൽ യഥാർഥബോധ്യമില്ലെങ്കിലും വരാനിരിക്കുന്നതെന്തോ അത് ഇതുവരെയുള്ള ജീവിതത്തെ തകിടംമറിക്കുമെന്ന ബോധ്യത്തിൽ നിന്നുതന്നെയാണ് ഈ മേഖലയിൽ നിന്നുള്ള മുന്നറിയിപ്പുകൾ.
നിർമിതബുദ്ധിയെ വൈയക്തികമായി സമീപിക്കുമ്പോൾ നേരിടുന്ന ഒരു സങ്കീർണതയാണ് നിർമിതബുദ്ധിയുടെ മതിഭ്രമം അഥവാ വസ്തുതകൾ പ്രസ്താവിക്കുന്നതോടൊപ്പം കൽപിതമായതിനെ വാസ്തവമെന്നോണം അവതരിപ്പിക്കുന്ന പ്രവണത. ഇങ്ങനൊരു തലം നിർമിതബുദ്ധിക്കുണ്ടെന്ന് അംഗീകരിക്കുന്ന വിദഗ്ധർ ഇവ പരിഹരിക്കാൻ സാധ്യമല്ലെന്നും പറയുന്നു. നിർമിതബുദ്ധിയെ മാനുഷികപരിണാമ സാധ്യതകളിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നവർ പറയുന്നത് ചാറ്റ് ജിപിടി അല്ലെങ്കിൽ ഇതിനു സമാനമായ മറ്റു നിർമിതബുദ്ധി മാതൃകകളുടെ അടിസ്ഥാനമായുള്ള ബൃഹത്ഭാഷാ മാതൃകകൾ, അടിസ്ഥാനപരമായി സത്യത്തിന്റെ ഉറവിടങ്ങളാണെന്നും മനുഷ്യനു സമാനമായി ഇടക്ക് ചില മതിഭ്രമ പ്രവണതകൾ ഇവയെ പിടികൂടുന്നതുമാണെന്നാണ്. ഇതു മറ്റു പല സങ്കീർണതകളിലേക്കും വിരൽചൂണ്ടുന്നു.
കാരണം യഥാർഥത്തിൽ ഈ ബൃഹത്ഭാഷാ മാതൃകകൾ സത്യത്തിന്റെയോ വസ്തുതകളുടെയോ ഉറവിടമല്ല. പകരം, ഇന്ന് അവ പുറപ്പെടുവിക്കുന്ന വിവരങ്ങൾ അല്ലെങ്കിൽ അവയെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വിവരങ്ങളുടെ ഉത്പന്നം മാത്രമാണ്. ചാറ്റ് ജിപിടി പോലുള്ള ഇന്ന് പ്രചാരത്തിലുള്ള മാതൃകകൾ വസ്തുതകളുടെ ഉറവിടമെന്ന് തോന്നുന്നത് അവ നിർമിച്ചിരിക്കുന്നത് സദുദ്ദേശപരമായതിനാലാണ്. എന്നാൽ, ഇവയുടെ അടിസ്ഥാനമായുള്ള ബൃഹത് മാതൃകകൾ വസ്തുതകളുടെ അല്ലെങ്കിൽ സത്യത്തിന്റെ വിഷയത്തിൽ സന്ദേഹ സ്വഭാവത്തിലുള്ളവയാണ്. കാരണം, ഒരു വാക്ക് ഇവക്കു നൽകുമ്പോൾ അതിനു പിന്തുടർന്നു വരേണ്ട നിശ്ചിതമായൊന്നിനു പകരം അഥവാ ഉറപ്പായ ഒന്നിനു പകരം ഇവ ഉത്പാദിപ്പിക്കുന്നത് ഈ വാക്കിനെ പിന്തുടർന്നു വന്നേക്കാവുന്ന ചില വാക്കുകളെയാണ്.
ഒരു വലിയ ഭാഷാമാതൃക പരിശീലിപ്പിക്കപ്പെടുന്നത് അനേകം സാങ്കൽപ്പികതകളും നുണകളും ഉപയോഗിച്ചാണ്. അപ്പോൾ അവ വസ്തുതകളെന്ന വ്യാജേന ഉൽപാദിപ്പിക്കുന്നതും നുണകൾ തന്നെയായിരിക്കും. ഇത്തരം നിർമിത ബുദ്ധികൾ ഉൽപാദിപ്പിക്കുന്ന മതിഭ്രമ അവാസ്തവങ്ങളെയായിരിക്കും വരും കാലത്ത് സമൂഹം സത്യമെന്ന പേരിൽ വിശ്വസിക്കാൻ പോകുന്നത്. നിർമിതബുദ്ധിയെയും അതിന്റെ എല്ലാ വശങ്ങളെയും അംഗീകരിച്ചുകൊണ്ട് കൃത്യമായ മനുഷ്യ ഇടപെടലിലൂടെയും മേൽനോട്ടത്തിലൂടെയും ഇവയുടെ ദോഷവശങ്ങളെ കവച്ചുവയ്ക്കാൻ മനുഷ്യനു സാധിക്കും.
ജനാധിപത്യ സമൂഹങ്ങളും ആധുനിക നിയമവിധികളും നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും സാക്ഷ്യവും സ്പഷ്ടവുമായ വസ്തുതകളെ ആശ്രയിച്ചാണ്. ഈ വ്യവസ്ഥയുടെ നിർമിതിയാണ് വ്യക്തിയുടെ ഉത്തരവാദിത്തം എന്ന ആശയം. എന്നാൽ, ഇച്ഛാസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലെന്ന് ആരൊക്കെ വാദിച്ചാലും സമൂഹമാധ്യമ ഇടങ്ങളിൽ ഇതേ ഇച്ഛാ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് അതിന്റെ ഭാഗമായി പല കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ഇത് നിയമസംവിധാനം ആ വ്യവസ്ഥക്കിടയിൽ ഇടപെടേണ്ട സാഹചര്യത്തെയും സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന നിലപാടാണ് പലപ്പോഴും സമൂഹമാധ്യമങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ നിർമിക്കുന്ന ഉള്ളടക്കങ്ങൾ വിതരണം ചെയ്യുക എന്നതുമാത്രമാണ് തങ്ങളുടെ ജോലിയെന്നും അതിലെ ധാർമികപക്ഷത്തെ തിരയേണ്ടതില്ലെന്ന നിലപാടാണ് ഇവർക്കുള്ളത്. ഈ ന്യായം നിർമിതബുദ്ധിയുടെ മേഖലയിലും സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ.
കാരണം, വ്യക്തികൾ നടത്തുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് എന്തെങ്കിലും തെളിവുകൾ സമൂഹമാധ്യമങ്ങളിൽ അവശേഷിക്കുമെന്നിരിക്കേ നിർമിതബുദ്ധിക്ക് യാതൊരു തെളിവുമില്ലാത്ത വിധം രൂപമാറ്റം നേടാനുള്ള കഴിവുണ്ട്. അതിനാൽ തന്നെ, ജനാധിപത്യ സംവിധാനങ്ങൾക്കും അതിന്റെ നിയമമേഖലക്കും നിർമിതബുദ്ധിയെയും അതിന്റെ അനുബന്ധതലങ്ങളെയും നിരീക്ഷിക്കാനും നിർമാണാത്മകമാം വിധത്തിൽ നിയന്ത്രിക്കാനുമുള്ള അവസരമുണ്ടാകണം. അത്തരത്തിലുള്ള നിയമനിർമാണത്തെ കുറിച്ച് ഇപ്പോഴെങ്കിലും ചർച്ചകൾ ബൗദ്ധിക ഇടങ്ങളിൽ ആരംഭിച്ചാൽ മാത്രമേ നിർമിതബുദ്ധിയുടെ മേഖലയിലുള്ള അതിവേഗ വളർച്ചയെപ്പറ്റി സമൂഹത്തെ ജാഗരൂകരാക്കാൻ സാമൂഹിക സംവിധാനങ്ങൾക്ക് സാധിക്കൂ.
നിർമിതബുദ്ധി ഉപയോഗിച്ച് സ്വേച്ഛാധിപത്യ ശക്തികൾക്ക് ജനാധിപത്യത്തിനെതിരേ യാതൊരു തെളിവുകളുമില്ലാത്ത, ബൗദ്ധികപോരാട്ടങ്ങൾ നടത്താൻ സാധിക്കും. ജനാധിപത്യത്തിന്റെ തുടക്കം മുതലേ വളരെ കുറഞ്ഞ സ്ഥലങ്ങളിലേ ജനാധിപത്യം നിലനിൽക്കുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ, ഏകാധിപത്യത്തേക്കാളും സുസ്ഥിരതയും താരതമ്യേന മെച്ചപ്പെട്ട ഭരണക്രമവും ജനാധിപത്യം തന്നെയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
എന്നാൽ, ഭാവിയിലെ നിർമിതബുദ്ധിയുടെ കാലത്ത് ജനാധിപത്യത്തിനു നിലനിൽക്കണമെന്നുണ്ടെങ്കിൽ വ്യാജവാർത്തകളുടേയും കൽപിതവിവരങ്ങളുടേയും ഒഴുക്കിനെ തടയുന്നതിനുള്ള ഭരണസംവിധാനങ്ങളും നിയമവ്യവസ്ഥയും കൃത്യമായ നിരീക്ഷണസംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്. വ്യാജവിവരങ്ങൾ സൃഷ്ടിച്ച് ജനാധിപത്യത്തെ അപകടപ്പെടുത്താൻ ഈ സാങ്കേതികവിദ്യക്കു സാധിക്കും.
(കടപ്പാട്: scroll.in)
Content Highlights: Todays article about ai and democracy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."