കൊട്ടാക്കാമ്പൂര്‍ ഭൂമി കൈയേറ്റം: ജോയ്‌സ് ജോര്‍ജ്ജ് എം.പി പ്രതിരോധത്തില്‍
തൊടുപുഴ: കൊട്ടാക്കാമ്പൂര്‍ ഭൂമി സംബന്ധിച്ച കേസില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പിക്കും കുടുംബത്തിനും എതിരെ ശക്തമായ നടപടിക്ക് സാധ്യത. കേസ് തെളിയിക്കപ്പെട്ടാല്‍ എം.പി സ്ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഏതായാലും ജോയ്‌സ് ജോര്‍ജ് പ്രതിരോധത്തിലായി.
നീലക്കുറിഞ്ഞി പൂക്കുന്ന വട്ടവടയിലെ സംരക്ഷിത വനഭൂമിയില്‍ 600 ഏക്കറോളം വ്യാജ രേഖ ഉണ്ടാക്കി തട്ടി എടുത്തെന്നാണ് കേസ്. ഈ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. 2000 കാലഘട്ടത്തിലാണ് ഭൂമി തട്ടിപ്പ് നടന്നത്. വ്യാജ രേഖ ചമയ്ക്കല്‍ , പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി തട്ടി എടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നാലും ഒമ്പതും വയസ്സുള്ള കുട്ടികളെ പ്രായപൂര്‍ത്തിയായവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി തെറ്റിദ്ധരിപ്പിച്ച് പട്ടയം വാങ്ങിയതായും പരാതിയുണ്ട്.
തുടര്‍ന്ന് ആദിവാസികള്‍ ജോയ്‌സിന്റ പിതാവായ പാലിയത്ത് ജോര്‍ജിനും കൂട്ടാളികള്‍ക്കും തങ്ങളുടെ പട്ടയ സ്ഥലം എഴുതി നല്‍കിയതായി രേഖ നിര്‍മിച്ചുവെന്നാണ് പരാതി . പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ഇത്തരക്കാരുടെ ഭൂമി അന്യര്‍ക്ക് വില്‍ക്കാനോ മറ്റുള്ളവര്‍ വാങ്ങാനോ പാടില്ല എന്ന് വ്യവസ്ഥയുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ദേവികുളം ആര്‍ ഡി ഒ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ രേഖകള്‍ പരിശോധിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ആര്‍.ഡി.ഒ ഓഫിസ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഈ മൗനം ആരോപണ വിധേയരായവരെ രക്ഷിക്കാനാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട.്
ദേവികുളം താലൂക്കിലെ വിവിധ കൈയ്യേറ്റങ്ങള്‍ക്ക് ഈ ഓഫീസിലെ ചില ജീവനക്കാരുടെ ഒത്താശയുള്ളതായി വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴും ഈ ലോബി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് കൊട്ടാക്കാമ്പൂര്‍ വിഷയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാത്തതിനു കാരണമെന്ന് ആക്ഷേപമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജനപ്രതിനിധി എന്ന നിലയില്‍ എം പി കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."