ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം; മൂന്ന് പ്രവാസികൾ അറസ്റ്റിൽ
സഊദി: ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ മൂന്ന് പ്രവാസികളെ സഊദി പൊലിസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി വ്യാജ ഹജ്ജ് യാത്രകൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെയാണ് പൊലിസ് പിടികൂടിയത്. വിശുദ്ധ നഗരമായ മക്കയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്കെതിരെ നടപടിക്ക് പബ്ലിക് പ്രോസിക്യൂഷന് ശുപാർശ ചെയ്തു.
ഹജ്ജ് യാത്രകൾക്കായി വ്യാജ പ്രചരണം നടത്തുന്നതിനെക്കുറിച്ച് അധികാരികളെ അറിയിക്കാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജനങ്ങൾ നൽകിയ വിവരത്തെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തീർഥാടന പ്രചാരണങ്ങൾ പരസ്യമാക്കുന്ന തട്ടിപ്പുകാരെ കുറിച്ച് സൗദി ഹജ്ജ് മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 920002814 എന്ന ഏകീകൃത നമ്പർ ഉൾപ്പെടെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി ഹജ്ജ് യാത്രകൾ സംഘടിപ്പിക്കുന്നതിന് ലൈസൻസുള്ള കമ്പനികളുടെ പരിശോധന നടത്താമെന്ന് മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം പറയുന്നതനുസരിച്ച്, ഹജ്ജ് നിർവഹിക്കുന്നതിന് അംഗീകൃത പ്ലാറ്റ്‌ഫോമുകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും നുസുക് ആപ്പുമാണ്. സ്വദേശികൾക്ക് ഇവ രണ്ടും ഉപയോഗിച്ച് ഹജ്ജ് നടത്താം.
യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തീർഥാടകർക്ക് നുസുക് ഹജ്ജ് പ്ലാറ്റ്‌ഫോം വഴിയാണ് രജിസ്‌ട്രേഷൻ. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജ് കാര്യ ഓഫീസുകൾ വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഇതല്ലാതെ മറ്റു വഴിക്ക് നടത്തുന്ന രെജിസ്ട്രേഷനുകൾ വ്യാജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."