എന്ത് കൊണ്ട് സീറ്റ് ബെല്‍റ്റ് ധരിക്കണം?
എന്ത് കൊണ്ട് സീറ്റ് ബെല്‍റ്റ് ധരിക്കണം?
പത്തനംതിട്ട: റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാര്‍ യാത്രികര്‍ക്കുള്ള സീറ്റ് ബെല്‍റ്റുകള്‍ സംബന്ധിച്ച് ഓര്‍മപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. കാറില്‍ മണിക്കൂറില്‍ 60 കി.മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ പോലും സെക്കന്റില്‍ 16 മീറ്റര്‍ വേഗതയില്‍ നമ്മള്‍ പറന്നു കൊണ്ടിരിക്കുകയാണെന്ന് തോന്നാറില്ലെന്നും അപകടം ഉണ്ടാകുമ്പോള്‍ ഈ വേഗതയില്‍ നമ്മുടെ ശരീരം എടുത്ത് എറിയുകയാണ് ചെയ്യുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ബോധവല്‍ക്കരണ സന്ദേശത്തില്‍ പറയുന്നു.
മണിക്കൂറില്‍ 70 കി.മീ അധികമാണ് കാറിന്റെ വേഗതയെങ്കില്‍ ഗ്ലാസ് തകര്‍ത്തു ചിലപ്പോള്‍ പുറത്തേക്ക് തന്നെ വന്നേക്കാം. ഒരൊറ്റ ആഘാതത്തില്‍ തന്നെ ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് ഗുരുതരമായ പരുക്കോ മരണമോ തന്നെ സംഭവിച്ചേക്കാം. പിറകില്‍ ഇരിക്കുന്ന യാത്രക്കാര്‍ മുന്‍പിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷന്‍ സമയം കുറവായിരിക്കും. അതുകൊണ്ട് തന്നെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ വാഹനം സഡന്‍ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗതയില്‍ തന്നെ തെറിച്ച് പോയി മുന്‍പിലിരിക്കുന്ന യാത്രക്കാരെയൊ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ് തന്നെയോ തകര്‍ത്ത് പുറത്ത് വരുന്നതിനൊ കാരണമാകും. അപകടം സംഭവിക്കുമ്പോള്‍, സീറ്റ് ബെല്‍റ്റുകള്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഗണ്യമായ അളവില്‍ സംരക്ഷണം നല്‍കുന്നുണ്ട്. നെഞ്ച്, ഇടുപ്പ്, തോളുകള്‍ തുടങ്ങിയ ശരീരത്തിന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളില്‍ ആഘാതം ബാധിക്കുമെന്നതിനാല്‍ ഗുരുതരമായ പരിക്കുകളോ മരണമോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
അപകട സമയത്ത് വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കാന്‍ സീറ്റ് ബെല്‍റ്റുകള്‍ സഹായിക്കുന്നുണ്ട്. ഇത് വാഹനത്തില്‍ നിന്ന് തെറിച്ചു പോകുന്നത് പുറത്തെടുക്കുന്നത് തടയാന്‍ കഴിയും. വാഹനാപകടങ്ങളില്‍ മാരകമായ പരിക്കുകളുടെ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് വാഹനത്തിനുള്ളിലോ പുറത്തേക്കോ തെറിച്ചു പോകുന്നതാണ്. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് 14 വയസിന് മുകളില്‍ പ്രായമുള്ള ഓരോ യാത്രക്കാരനും നിര്‍ബന്ധമായി സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. 14 വയസിന് താഴെയാണ് പ്രായമെങ്കില്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റീസ്‌ട്രെയിന്റ് സിസ്റ്റമോ ധരിച്ചിരിക്കണം എന്നാണ് ചട്ടം. ഡ്രൈവിണ്ട് റെഗുലേഷന്‍സ് 2017 5(7) പ്രകാരം സ്വയം സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നു മാത്രമല്ല മറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതും ഡ്രൈവറുടെ ഉത്തരവാദിത്വത്തില്‍പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."