ഇന്ത്യന്‍ ടെക്‌നോളജിയില്‍ ചാറ്റ്ജിപിടി പോലൊരു എഐ ചാറ്റ്‌ബോട്ട്: പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആള്‍ട്ട്മാന്‍; വെല്ലുവിളി ഏറ്റെടുത്ത് ടെക് മഹീന്ദ്ര
ഇന്ത്യന്‍ ടെക്‌നോളജിയില്‍ ചാറ്റ്ജിപിടി പോലൊരു എഐ ചാറ്റ്‌ബോട്ട്: പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആള്‍ട്ട്മാന്‍
ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ടിന്റെ സൃഷ്ടാക്കളായ ഓപ്പണ്‍എഐ കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ രണ്ട് ദിവസമായി ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ സാങ്കേതിക നേട്ടങ്ങള്‍ അവിശ്വസനീയമാണെന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ശേഷം ആള്‍ട്ട്മാന്‍ പ്രതികരിച്ചത്. ആള്‍ട്ട്മാന്റെ ഈ പ്രശംസ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പ്രസ്താവന വന്ന് ഒരു ദിവസം മാത്രം പിന്നിടുമ്പോഴേക്ക് കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ടെക് കമ്പനികളെക്കൊണ്ട് ചാറ്റ്ജിപിടി പോലൊരു എഐ ചാറ്റ്‌ബോട്ട് സൃഷ്ടിക്കാന്‍ സാധിക്കില്ല എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വന്‍ ചര്‍യായി മാറി.
ഇന്ത്യന്‍ കമ്പനികളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന രീതിയില്‍ അദ്ദേഹം പരാമര്‍ശം നടത്തി എന്ന നിലയ്ക്ക് പോലും വ്യാഖ്യാനങ്ങളും വരുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു ചോദ്യത്തിന് ആത്മാര്‍ഥമായി മറുപടി പറയുകമാത്രമാണ് ആള്‍ട്ട്മാന്‍ ചെയ്തത്. തന്റെ പരാമര്‍ശത്തില്‍ ഇന്ത്യക്കാരെയോ ടെക് സ്റ്റാര്‍ട്ടപ്പുകളെയോ കുറ്റം പറയുന്നതൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല. ചാറ്റ്ജിപിടിക്ക് സമാനമായ ഒരു ടൂള്‍ നിര്‍മിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം എത്രത്തോളം വെല്ലുവിളി നിറഞ്ഞ ശ്രമമായിരിക്കുമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും ഗൂഗിള്‍ ഇന്ത്യയുടെ മുന്‍ മേധാവിയുമായ രാജന്‍ ആനന്ദന്‍ ആള്‍ട്ട്മാനോട് ചോദിച്ചു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ എഐ രംഗത്ത് സുപ്രധാനമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ എവിടെയാണ് കേന്ദ്രീകരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ആള്‍ട്ട്മാന്റെ അഭിപ്രായവും രാജന്‍ ആനന്ദന്‍ തേടി. ഈ ചോദ്യത്തിന് മറുപടി പറയവേ ഈ മേഖലയിലെ പ്രതിസന്ധികള്‍ സൂചിപ്പിച്ചുകൊണ്ട് ചാറ്റ്ജിപിടിയെപ്പോലൊരു എഐ സംവിധാനം നിര്‍മിക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കില്ലെന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു. അത്തരമൊരു ശ്രമം നിരാശാജനകമായിരിക്കുമെന്നും ഓപ്പണ്‍എഐയോട് മത്സരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കില്ലെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
എങ്കിലും നിങ്ങള്‍ക്ക് അതിനായി പരിശ്രമിക്കാമെന്നും പക്ഷേ ഫലം നിരാശയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ആള്‍ട്ട്മാന്‍ പറഞ്ഞു. ആള്‍ട്ട്മാന്റെ ഈ പ്രസ്താവന സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറി. ഇത്തരം വാദങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സി പി ഗുര്‍നാനി ആള്‍ട്ട്മാന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് രംഗത്തെത്തി. ആള്‍ട്ട്മാന്റെ പരാമര്‍ശം അടങ്ങുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നതായി ഗുര്‍നാനി ട്വിറ്ററിലൂടെ അറിയിച്ചു.
ആള്‍ട്ട്മാന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെ ചോദ്യം ചോദിച്ച രാജന്‍ ആനന്ദനും ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തി. വ്യക്തമായ മറുപടിക്ക് നന്ദി @sama. ''അത് പ്രതീക്ഷയ്ക്ക് വകയില്ലാത്തതാണ്, പക്ഷേ നിങ്ങള്‍ക്ക് ശ്രമിക്കാം'' എന്ന് താങ്കള്‍ പറയുകയുണ്ടായി. ഒരു ഇന്ത്യന്‍ സംരംഭകനെ ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ് 5000 വര്‍ഷത്തെ ഇന്ത്യന്‍ സംരംഭകത്വം ഞങ്ങള്‍ക്ക് കാണിച്ചുതന്നിട്ടുള്ളത്. ഒരു ശ്രമം നടത്താന്‍ തന്നെയാണ് ഞങ്ങളുടെ ഉദ്ദേശം'' എന്ന് രാജന്‍ ആനന്ദനും ട്വീറ്റ് ചെയ്തു. ആള്‍ട്ട്മാന്റെ പരാമര്‍ശം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ ശ്രമം എഐ രംഗത്ത് ഇന്ത്യയെ വളര്‍ത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ആള്‍ട്ട്മാന്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."