ചൂട് കനത്തു; സഊദിയിൽ പുറം ജോലികൾക്ക് നിരോധനം
റിയാദ്: രാജ്യത്ത് ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് പുറം ജോലികൾ ചെയ്യുന്നത് നിരോധിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്ന് മാസക്കാലത്തേക്ക് ആണ് നിയന്ത്രണം. സൂര്യാഘാതം, ചൂട്, ക്ഷീണം എന്നിവയുടെ അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക, തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, അപകടങ്ങൾ കുറയ്ക്കുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ-റാജ്ഹി അറിയിച്ചു.
നിരോധനം മറി കടന്ന് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത് നിയമ വിരദ്ധമായി കണക്കാക്കുമെന്നും നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടികൾ കൈകൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതും, സഊദി വിപണിയിലെ തൊഴിൽ അന്തരീക്ഷത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതുമാണ് തീരുമാനമെന്ന് അൽ റാജ്ഹി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."