തെരുവുനായ നിയന്ത്രണം ശാശ്വത പരിഹാരം
ഡോ.എം.മുഹമ്മദ് ആസിഫ്
ഇന്ന് കേരളം നേരിടുന്ന സാമൂഹികപ്രശ്‌നങ്ങളുടെ പട്ടികയിലെ പ്രധാന വെല്ലുവിളിയാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിത പെരുപ്പം. കണ്ണൂർ മുഴപ്പിലങ്ങാടുണ്ടായ പതിനൊന്നുകാരന്റെ മരണമടക്കം തെരുവുനായ്ക്കളുടെ ആക്രമണത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന വാർത്തകൾ മാധ്യമങ്ങളിൽ ഇടംപിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവുനായ്ക്കളുടെ ഏകദേശ എണ്ണം. കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടയിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത് എട്ട് ലക്ഷത്തിൽ അധികം പേരാണ്. ഈ കാലയളവിൽ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങൾ, പേവിഷബാധ മരണങ്ങൾ എന്നിവകൂടി പരിഗണിക്കുമ്പോൾ മരണനിരക്ക് ഇനിയും ഉയരും.
പുനരധിവാസം പരിഹാരമോ?
ഏതെങ്കിലും പ്രദേശങ്ങളോട് ചേർന്ന് ഷെൽട്ടറുകൾ നിർമിച്ച് തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് അവയെ നിയന്ത്രിക്കാനുള്ള പദ്ധതികൾ മൃഗക്ഷേമവുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോൾ ഉചിതമല്ല. തെരുവിൽ വാഴുന്ന നായ്ക്കളിൽ മഹാഭൂരിപക്ഷവും നാടൻ നായ്ക്കൾ എന്ന് നമ്മൾ വിളിക്കുന്ന ഇന്ത്യൻ പരിയാ എന്ന തദ്ദേശീയ ഇനം നായ്ക്കളാണ്. ഇന്ത്യൻ പരിയാ ഇനം (Indian pariah dog) നായ്ക്കളും മോഗ്രൽ (Mongrel) ഇനം നാടൻ നായ്ക്കളും അടിസ്ഥാനപരമായി നാട്ടിൽ റോന്തുചുറ്റാനും ഇരതേടാനും സഹജസ്വഭാവമുള്ള ജീവികളാണ്. ഇത്തരം ജീവിവർഗത്തെ പിടികൂടി ഷെൽട്ടറിലടച്ചാൽ അവയുടെ സഹജസ്വഭാവം മാറില്ലെന്ന് മാത്രമല്ല അവർ കൂടുതൽ അക്രമകാരികളായി തീരുകയും ചെയ്യും.
ഒരു പ്രദേശത്ത് തൻ്റേതായ വിഹാരപരിധി അഥവാ ടെറിറ്ററി ഉണ്ടാക്കുകയെന്നതും ആ മേഖലയിൽ വളരെ പ്രതിരോധാത്മകമായ സ്വഭാവം കാണിക്കുകയെന്നതും ഇന്ത്യൻ പരിയാ ഇനം നായ്ക്കളുടെ സഹജസ്വഭാവമാണ്. നായ പുനരധിവാസകേന്ദ്രങ്ങളിൽ പാർപ്പിക്കുമ്പോൾ നായ്ക്കളുടെ ഈ ടെറിറ്ററി സ്വഭാവം പ്രശ്നമാവുകയും പുനരധിവാസ കേന്ദ്രങ്ങൾക്കുള്ളിൽ നായകൾ തമ്മിൽ പോരാട്ടം രൂക്ഷമാവുകയും ചെയ്യും. പുനരധിവാസകേന്ദ്രങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രായോഗിക വെല്ലുവിളികൾ വേറെയുമുണ്ട്. പരിപാലനം കാര്യക്ഷമമല്ലെങ്കിൽ നായ്ക്കളിലെ പകർച്ചവ്യാധികൾ എളുപ്പം പകരും. മാത്രമല്ല നായകളുടെ പുനരധിവാസകേന്ദ്രങ്ങൾ കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹികപ്രശ്നങ്ങളും എതിർപ്പുകളും വേറെയുമുണ്ട്.
കേരളത്തിൽ ഇന്നുള്ള ഏകദേശം രണ്ടേമുക്കാൽ ലക്ഷത്തോളം തെരുവുനായ്ക്കളെ എങ്ങനെ, എവിടെ പുനരധിവസിപ്പിച്ച് ദൈനംദിന പരിചരണം നൽകുമെന്നതും പ്രായോഗിക പ്രശ്നമാണ്.
തെരുവ് നായ്ക്കളെ കൂട്ടമായി കൊന്നുതള്ളുന്നത് പോലുള്ള ക്രൂരതകളിലൂടെയും അവയുടെ നിയന്ത്രണം സാധ്യമാവില്ല. ഇത്തരം ക്യാച്ച് ആൻഡ് കിൽ(പിടികൂടുക, കൊല്ലുക) പോളിസികൾ നടപ്പാക്കാൻ നമ്മുടെ രാജ്യത്ത് നിയമപരമായി (PCA Act (1960) and the ABC Rule (2001)) ഇന്ന് സാധ്യവുമല്ല. യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ തെരുവുനായശല്യത്തിന് ബാൻഡ് എയ്ഡ് പരിഹാരങ്ങളില്ല.
നിയന്ത്രണത്തിന് ഒറ്റമൂലികളില്ല
നായ്ക്കളുടെ വന്ധ്യംകരണശസ്ത്രക്രിയ-(ആനിമൽ ബർത്ത് കണ്ട്രോൾ പ്രോഗ്രാം /എ.ബി.സി) നടത്തി അവയുടെ പ്രജനനം തടയുന്നതിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാവൂ. എന്നാൽ തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. എന്നാൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഗുണപരമായ മാറ്റം കണ്ടുതുടങ്ങും എന്നത് ഉറപ്പാണ്. ഏഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാൽ അടുത്ത മൂന്ന് വർഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. വന്ധ്യംകരണം നടത്തുന്നതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പ്പും നൽകണം.
എഴുപത് ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ ബാക്കി നായ്ക്കൾ പേവിഷ വൈറസിനെതിരേ ആർജിത പ്രതിരോധം കൈവരിക്കുകയും ഹെർഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന ലക്ഷ്യം നേടുകയും ചെയ്യും. പേവിഷ വൈറസിന്റെ കാരിയർമാരാവാൻ പിന്നെ നായ്ക്കൾക്കാവില്ല. ഈയിടെ സമ്പൂർണ്ണ പേവിഷവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഗോവയുടെ പ്രതിരോധ മാതൃകയിൽ ഇത് വ്യക്തമാണ്. പക്ഷേ ഈ പ്രവർത്തനങ്ങൾ കാര്യക്ഷമതയോടെയും മുടക്കമില്ലാതെയും നടപ്പാക്കണമെങ്കിൽ കൃത്യമായ സംവിധാനങ്ങളും സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും വേണം. നിർഭാഗ്യകരമെന്ന് പറയട്ടെ, തെരുവ് നായ ശല്യവും പേവിഷബാധയും വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ദ്യശ്യമാണ്. കോർപറേഷനുകളും ജില്ലാപഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ ചുരുക്കം ചില സ്ഥലങ്ങളിലൊഴിച്ചാൽ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക്, താലൂക്കുതലത്തിൽ പോലും തെരുവുനായ്ക്കളെ പിടികൂടി പ്രജനനനിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ നിലവിലില്ല.
പ്രവർത്തനങ്ങൾ തുടങ്ങിയ പല മേഖലകളിലും പല കാരണങ്ങളാൽ പദ്ധതികൾ പാതിവഴിയിൽ മുടങ്ങുന്നതും പതിവാണ്. പദ്ധതികൾ നടപ്പാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവർത്തനങ്ങളെ പരിഗണിക്കുന്നത്. എന്നാൽ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുള്ള മതിയായ ഫണ്ട് പലപ്പോഴും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നീക്കിവയ്ക്കാത്തതിനാൽ പദ്ധതി സാമ്പത്തികപ്രതിസന്ധി കാരണം മുടങ്ങുന്ന സാഹചര്യവുമുണ്ട്. പദ്ധതി മുടങ്ങുന്നതോടെ വന്ധ്യംകരണം നടത്താൻ ബാക്കിയുള്ള നായ്ക്കൾ ഈ ഇടവേളയിൽ പെരുകുന്നു, അതോടെ നായ്ക്കളുടെ എണ്ണം വീണ്ടും ഉയരുന്നു. ഇത് അതുവരെ ചെയ്ത പ്രജനന നിയന്ത്രണപ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്നു.
ഇതാണ് മിക്കയിടങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെരുവ് നായ്ക്കൾ പെരുകി നമ്മുടെ തെരുവുകൾ അധീനപ്പെടുത്തുന്നതിന്റെയും സ്വൈരജീവിതത്തിന് തടസ്സമുണ്ടാക്കുന്നതിന്റെയും കാരണവും ഈ ഉദാസീനത തന്നെയാണ്.
ഒരു ജില്ലയിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങളല്ല, തെരുവുനായ ശല്യം പ്രാദേശിക പ്രശ്നം ആയതുകൊണ്ടുതന്നെ പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത വന്ധ്യംകരണ കേന്ദ്രങ്ങളാണ് വേണ്ടത്. നായ്ക്കളുടെ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന വന്ധ്യംകരണ- വംശനിയന്ത്രണ പ്രവർത്തനങ്ങളായ എ.ബി.സി. പ്രോഗ്രാം(അനിമൽ ബർത്ത് കൺട്രോൾ), എ.എൻ.ഡി പ്രോഗ്രാം(ഏർലി ന്യൂട്ടറിങ് ഓഫ് ഡോഗ്സ്) കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ ബ്ലോക്ക് അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് താലൂക്കുതലത്തിൽ എങ്കിലും രണ്ടോ മൂന്നോ വെറ്ററിനറി ഹോസ്പിറ്റലുകളെ നവീകരിച്ച് ശസ്ത്രക്രിയാസംവിധാനങ്ങൾ ഉൾപ്പെടെയുള്ള സ്ഥിരം സംവിധാനങ്ങളും പുതിയ വെറ്ററിനറി ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാവുന്നതാണ്.
മൃഗസംരക്ഷണവകുപ്പിനേക്കാൾ ഉപരി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് മുൻകൈ എടുക്കേണ്ടത്. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ കൂടി പ്രവർത്തനത്തിൽ പങ്കാളികളാക്കിയാൽ പദ്ധതി നിർവഹണം എളുപ്പമാവും. പദ്ധതി നിർവഹണത്തിനും ഏകോപനത്തിനുമായി മൃഗസംരക്ഷണവകുപ്പിന് കീഴിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം രൂപീകരിക്കാവുന്നതാണ്.
വേണ്ടത് കർമപദ്ധതി
തെരുവുനായ്ക്കളുടെ പെരുപ്പവും പേവിഷബാധയും സംസ്ഥാനം നേരിടുന്ന വലിയ പൊതുജനാരോഗ്യ വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. നായ്ക്കളുടെ പ്രജനന നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനൊപ്പം തെരുവുനായ്ക്കളുടെ പെരുപ്പത്തിന് കാരണമായ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തി തിരുത്താനുള്ള നടപടികളും വേണം. നിരത്തുകളിൽ സുലഭമായി ലഭ്യമായ ഭക്ഷണാവശിഷ്ടം നായകളുടെ പെരുപ്പത്തിന് മൂലകാരണമാണ്. ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. ശാസ്ത്രീയമായി സംസ്കരിക്കാതെ പൊതുയിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ പുറന്തള്ളുന്നവർക്കെതിരേ കർശന നടപടികൾ വേണം.
തദ്ദേശസ്ഥാപനങ്ങൾ പൊതുയിടങ്ങളിൽ നിന്നുള്ള മാലിന്യനീക്കം ശക്തിപ്പെടുത്തണം. വളർത്തുനായ്ക്കളുടെ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രനിയമങ്ങൾ കർശനമായി കേരളത്തിൽ നടപ്പാക്കണം. ലൈസൻസും വാക്സിനേഷനുമില്ലാതെ നായ്ക്കളെ പരിപാലിക്കുന്നവർക്കും അനധികൃത നായ പ്രജനനകേന്ദ്രങ്ങൾ നടത്തുന്നവർക്കും കനത്ത പിഴശിക്ഷ തന്നെ വേണ്ടതുണ്ട്. നായ്ക്കളെ പിടികൂടി കൂട്ടക്കുരുതി നടത്തലോ കൂട്ടിലടക്കലോ തെരുവുനായ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള മാർഗമല്ലെന്ന് തെരുവുനായപ്പേടിയിൽ മനംപിടയുന്ന ഈ കാലത്ത് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
(ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാനസമിതി അംഗമാണ് ലേഖകൻ)
Content Highlights:Today's Article About Stray dogs by dr.m.muhammad asif
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."