കള്ളപ്പണം വെളുപ്പിക്കൽ: 30 അംഗ സംഘത്തിന് 96 വർഷം തടവും 320 ലക്ഷം ദിർഹം പിഴയും ശിക്ഷ
കള്ളപ്പണം വെളുപ്പിക്കൽ: 30 അംഗ സംഘത്തിന് 96 വർഷം തടവും 320 ലക്ഷം ദിർഹം പിഴയും ശിക്ഷ
ദുബായ്: കള്ളപ്പണം വെളുപ്പിച്ചതിനും ഓൺലൈനിലൂടെ 32 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും 30 അംഗ സംഘവും ഏഴ് കമ്പനികളും കുറ്റക്കാരെന്ന് ദുബായിലെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി. 30 അംഗ സംഘത്തിന് 96 വർഷം തടവും 320 ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന ഏഴ് സ്ഥാപനങ്ങളിൽ നിന്നായി ഏഴു ലക്ഷം ദിർഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കുശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്തും.
പിഴ അടക്കാനായില്ലെങ്കിൽ പ്രതികളുടെ ആസ്തികളും പണവും കോടതി കണ്ടുകെട്ടും. കുറ്റകൃത്യത്തിന് ഉപയോഗിച്ച കംപ്യൂട്ടറുകളും ഫോണുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 30 അംഗ സംഘം ഓൺലൈൻ തട്ടിപ്പിലൂടെ 32 ദശലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ കോടതിക്ക് കൈമാറുകയായിരുന്നു.
ഇരകളോട് പണം അയക്കാൻ ആവശ്യപ്പെട്ട് 118,000 'ഫിഷിങ് ഇ–മെയിലു'കളാണ് തട്ടിപ്പ് സംഘം അയച്ചത്. ഇരകൾക്ക് ബിസിനസ് ബന്ധമുള്ള ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു വ്യാജ ഇ-മെയിലുകൾ അയച്ചിരുന്നതെന്ന് മുതിർന്ന അഡ്വക്കറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു.
ഇത്തരത്തിൽ വന്ന പണം പ്രതികൾ എടുക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ട്. ചില പ്രതികൾ പണം വന്നതിന്റെ അനധികൃത ഉറവിടം മറയ്ക്കാൻ സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാവുന്ന തട്ടിപ്പുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് യുഎഇ അധികാരികൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്മായിൽ മദനി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."