അയല്‍വാസിയുടെ മരം ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടോ? എങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങാം
അയല്‍വാസിയുടെ മരം ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ടോ?
മഴക്കാലമാണ്, കെടുതികളും നഷ്ടങ്ങളും നമ്മള്‍ വിചാരിക്കുന്നതിലും കൂടുതലായി നേരിടേണ്ടിവന്നേക്കാം. എന്നാലും നമ്മള്‍ ക്ഷണിച്ചുവരുത്തുന്ന ചില ദൂരവ്യാപക നഷ്ടങ്ങളുണ്ടാവാറുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ തലങ്ങളിലും അല്ലാതെയുമെല്ലാം നിര്‍ദേശങ്ങള്‍ പലരും നല്‍കാറുണ്ട്. ചിലരൊക്കെ അത് ഗൗരവത്തോടെ എടുക്കുകയും മറ്റു ചിലര്‍ അത് നിസാര വത്കരിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ അവഗണിക്കാറുമാണ് പതിവ്.
മഴയത്ത് വിവിധ മരങ്ങള്‍ കടപുഴകി വീഴാറുണ്ട്. സ്വകാര്യ വ്യക്തികളുടേതോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ ഉള്ളതോ ആവാം. വിവിധ സ്ഥലങ്ങളില്‍ മരം കാരണം സംഘട്ടനങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാവുന്നതും അത് പിന്നീട് വലിയ കേസുകളും കോടതിവരെ എത്തിയ അവസരങ്ങള്‍ വരെ ഉണ്ടാവാറുണ്ട്. അയല്‍പക്കത്തുള്ള ഒരു മരം നമ്മുടെ വീട്ടിലേക്ക് ചാഞ്ഞ് നില്‍ക്കുകയും പലപ്പോഴും അത് നമ്മുടെ വീടിന് ഒരു ഭീഷണിയായി മാറുകയും ചെയ്യാറുണ്ട്. അത് മുന്‍കൂട്ടിക്കണ്ട് മുറിച്ച് മാറ്റുന്നവരും ഉണ്ട്, മുറിക്കാതെ ചില പിണക്കങ്ങളുടെ പേരില്‍ വെട്ടാതെ തന്നെ നിലനിര്‍ത്തുന്നവരും ഉണ്ട്. മതിലിനോട് ചേര്‍ന്നും മറ്റും ഇത്തരത്തില്‍ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് കൊമ്പ് പൊട്ടി വീഴാനും, ഇലകളും കമ്പുകളും വീണ് വൃത്തികേട് ആവുന്നതിനും എല്ലാം കാരണമാകാറുണ്ട്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള വീട്ടിലെ മരം നിങ്ങളുടെ വീട്ടിലെ ജീവനും സ്വത്തിനും ഹാനികരമാകുന്ന രീതിയില്‍ വളര്‍ന്നു വന്നാല്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.
ഇങ്ങനെയുള്ള സാഹചര്യത്തില്‍ ആദ്യം ചെയ്യാവുന്ന ഒരു കാര്യമാണ് പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ റസിഡന്റ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ പരാതി ബോധിപ്പിക്കുകയും അതുവഴി കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുക എന്നത് നടക്കുന്ന കാര്യമല്ല. നിയമപരമായി ഇതിനെ നേരിടാന്‍ ശ്രമിക്കുകയാണെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ, ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. കൂടാതെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
പെട്ടെന്നുള്ള നടപടി എടുക്കേണ്ട സാഹചര്യങ്ങളില്‍ പഞ്ചായത്ത് അതില്‍ നേരിട്ട് ഇടപെടുന്നതിനും അതിനാവശ്യമായ ചിലവ് ഉത്തരവാദിയായ വീട്ടുകാരില്‍ നിന്ന് ഈടാക്കാനും സാധിക്കും. അടുത്ത വീട്ടിലെ മരത്തിലെ ഇലകള്‍ വീണ് കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതു ഗതാഗതത്തെ ബാധിക്കുന്ന രീതിയില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആവശ്യമായ നടപടികള്‍ പഞ്ചായത്തിന് സ്വീകരിക്കാം. പരാതിനല്‍കി ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചില്ല എങ്കില്‍ സിആര്‍പിസി 133പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കാം.
ഇത്തരം പരാതികള്‍ ലഭിക്കുന്ന പക്ഷം സി ആര്‍ പി സി സെക്ഷന്‍ 138 പ്രകാരം ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ വൃക്ഷം നില്‍ക്കുന്ന വീട്ടുടമയ്ക്ക് ആവശ്യമായ വാദങ്ങള്‍ നിരത്താന്‍ സാധിക്കുന്നതുമാണ്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള മരം നില്‍ക്കുന്നത് മൂലം നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പറഞ്ഞ രീതിയില്‍ കാര്യങ്ങളെ നേരിടാവുന്നതാണ്.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ മരങ്ങള്‍ വൈദ്യുത തൂണുകളിലും കമ്പികളിലും മറ്റും വീണുണ്ടാകുന്ന അപകടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും അതിന്റെ ഉടമസ്ഥനാണ് പൂര്‍ണ ഉത്തരവാദിത്തം എന്നാണ് ദുരന്ത നിവാരണ വകുപ്പ് 2018 ല്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ദുരന്ത നിവാരണ നിയമം2015 ലെ സെക്ഷന്‍ 20(2)/വി പ്രകാരം സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മാറ്റേണ്ടത് ഉടമകളാണെന്നതും ഓര്‍മയിലിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."