ഏജന്‍സികള്‍ വഴി വിദേശ പഠനത്തിന് ശ്രമിക്കുന്നവര്‍ ജാഗ്രതൈ… നിങ്ങളും കബളിക്കപ്പെട്ടേക്കാം; കാനഡയിലെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്
ഏജന്‍സികള്‍ വഴി വിദേശ പഠനത്തിന് ശ്രമിക്കുന്നവര്‍ ജാഗ്രതൈ… നിങ്ങളും കബളിക്കപ്പെട്ടേക്കാം; കാനഡയിലെത്തിയ നിരവധി വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്
നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില് നിന്ന് നാടുകടത്തല്‍ (ഡിപോര്‍ട്ടേഷന്‍) ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. പഠന വിസ കരസ്ഥമാക്കുന്നതിനായി വ്യാജ ഓഫര്‍ ലെറ്ററുകള്‍ കാണിച്ചതിനാണ് നടപടി. പഠനം പൂര്‍ത്തിയാക്കുകയും കാനഡയില്‍ വര്‍ക്ക് പെര്‍മിറ്റ് നേടുകയും ചെയ്തവരാണ് ഇവരില്‍ ഭൂരിഭാഗവും.
ഡിപോര്‍ട്ടിങ് ലെറ്റര്‍ ലഭിച്ചവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. സ്ഥിര താമസത്തിന് (പിആര്‍) അപേക്ഷിച്ചപ്പോഴാണ് ഇവര്‍ക്ക് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ (സിബിഎസ്എ) നിന്ന് നാടുകടത്തല്‍ കത്തുകള്‍ ലഭിച്ചത്. പഞ്ചാബിലെ ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ് എന്ന മൈഗ്രേഷന്‍ സേവന സ്ഥാപനം വഴിയാണ് ഇവര്‍ പഠന വിസയ്ക്ക് അപേക്ഷിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച നാടുകടത്തല്‍ നോട്ടിസുകള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, നാടുകടത്തല്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 700ലും കുറവാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്.
ബിരുദം പൂര്‍ത്തിയാക്കി വര്‍ക്ക് പെര്‍മിറ്റ് നേടിയശേഷം സ്ഥിരതാമസത്തിന് അപേക്ഷിച്ച മാര്‍ച്ചിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ കൈവശമുള്ളത് വ്യാജ പ്രവേശന കത്തുകളാണെന്ന് അറിയുന്നത്. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വിസ് ഏജന്‍സി ഇവര്‍ക്ക് ലെറ്റര്‍ അയക്കുകയായിരുന്നു. അവരുടെ കോളജ് ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നും അറിയിച്ചു. 2017 നും 2018 നും ഇടയില്‍ പഠന വിസയില്‍ കാനഡയിലേക്ക് പോയവരാണ് മിക്ക വിദ്യാര്‍ത്ഥികളും.നിലവില്‍ വിദ്യാര്‍ഥികളെ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരാക്കിയിരിക്കുകയാണ്.
നാടുകടത്തല്‍ നേരിടുന്ന മിക്ക വിദ്യാര്‍ത്ഥികളും Education Migration Servicse എന്ന സ്ഥാപനമുള്ള ജലന്ധര്‍ ആസ്ഥാനമായുള്ള ഏജന്റ് ബ്രിജേഷ് മിശ്ര നല്‍കിയ വ്യാജ ഓഫര്‍ ലെറ്ററുകള്‍ വഴിയാണ് പഠന വിസ നേടിയത് .ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 ലക്ഷം രൂപയാണ് മിശ്ര ഈടാക്കിയിരുന്നത്, അത് അഡ്മിഷന്‍ ഫീസും അവരുടെ രേഖകളുടെ പ്രോസസ്സിംഗും ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കും ഉപയോഗിക്കും. അതേസമയം ഫ്‌ളൈറ്റ് ടിക്കറ്റും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഇതില്‍ പെടില്ലായിരുന്നു. ആദ്യം മിശ്ര ഇവര്‍ക്ക് കോളജ് ഓഫര്‍ ലെറ്ററുകള്‍ നല്‍കി.പിന്നീട് അവര്‍ കാനഡയിലെത്തിയപ്പോള്‍ മറ്റൊരു കോളജിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനായി രാജ്യത്ത് എത്തിയ ശേഷം അവരുടെ കോളജുകള്‍ മാറ്റാന്‍ കാനഡ അനുവദിക്കുന്നുണ്ട്. കാനഡയില്‍ ഇറങ്ങിയ ശേഷം കോളേജ് മാറ്റാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ തീരുമാനം ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയെ (IRCC) അറിയിക്കണം. അവര്‍ അവരുടെ നിയുക്ത ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡിഎല്‍ഐ) വിശദാംശങ്ങളും പുതിയ കോളേജിന്റെ പേരും ഐഡി നമ്പറും നല്‍കണമെന്നതു മാത്രമാണ് അതിനുള്ള നടപടി. അതിനാല്‍ വിദ്യാര്‍ഥികള്‍ തങ്ങള്‍ കബളിക്കപ്പെടുകയാണെന്ന് അറിഞ്ഞുമില്ല.
തങ്ങളെ നാടുകടത്തുന്നതിനെതിരെ മെയ് 29 മുതല്‍ സിബിഎസ്എ ആസ്ഥാനത്തിന് പുറത്ത് 'അനിശ്ചിതകാല കുത്തിയിരിപ്പ്' നടത്തി പ്രതിഷേധിക്കുകയാണ് വിദ്യാര്‍ഥികള്‍. അതേസമയം, നാടുകടത്തുന്നത് തടയാനും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് പഞ്ചാബ് എന്‍ആര്‍ഐ കാര്യ മന്ത്രി കുല്‍ദീപ് സിംഗ് ധലിവാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കി. നാടുകടത്തല്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സഹായിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പഞ്ചാബ് സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രവേശന കത്ത് വ്യാജമായി നിര്‍മ്മിച്ചതിന് ഉത്തരവാദിയായ ഏജന്റ് ബ്രിജേഷ് മിശ്രയ്ക്കും രണ്ട് കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തു. മിശ്രഒളിവിലാണ്. അദ്ദേഹത്തിന്റെ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. വ്യാജ അഡ്മിഷന്‍ ലെറ്ററുകളുടെ അടിസ്ഥാനത്തില്‍ വിസ അനുവദിച്ച കനേഡിയന്‍ എംബസി ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."