പ്രതിരോധത്തിൻ്റെ കന്നഡ വഴി
സി.വി ശ്രീജിത്ത്
വാഗ്ദാനം പാലിച്ചപ്പോള്‍ വഴിയിലുടക്കുമായി വരുകയാണ് കര്‍ണാടകയില്‍ ബി.ജെ.പി. തങ്ങളെ അധികാരമേല്‍പ്പിച്ചാല്‍ അഞ്ച് ഗ്യാരൻ്റികള്‍ നടപ്പാക്കുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ വോട്ടുചോദിച്ചത്. അഴിമതിയും വര്‍ഗീയതയും വിദ്വേഷ-ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും മടുത്ത എല്ലാ വിഭാഗത്തിലുള്ള ജനങ്ങളും കോണ്‍ഗ്രസിന് വോട്ടുകുത്തി. അനന്തരം സിദ്ധരാമയ്യ മുഖ്യമന്ത്രിയുമായി.
പരാജയം അംഗീകരിക്കുമെന്നും വിശദമായി പരിശോധിക്കുമെന്നും തോറ്റതിന്റെ അന്നുരാത്രിതന്നെ, കാവല്‍ മുഖ്യമന്ത്രിയായി മാറിയ ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞതാണ്. എന്നാല്‍ ആഴ്ചയൊന്നു പിന്നിടും മുമ്പെ, വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപവുമായി സര്‍ക്കാരിനെതിരേ വടിയും കൊടിയുമായി തെരുവിലിറങ്ങാനുള്ള ആഹ്വാനമാണ് ബി.ജെ.പി നല്‍കിയത്. ആദ്യ സമ്പൂര്‍ണ മന്ത്രിസഭായോഗത്തില്‍ തന്നെ അഞ്ച് ഗ്യാരൻ്റി പദ്ധതികള്‍ക്കും അംഗീകാരം നല്‍കുകയും നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്താണ് സര്‍ക്കാര്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയത്.
അഞ്ചിന ഗ്യാരൻ്റിയില്‍ ആദ്യം നടപ്പാക്കിയത് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര നല്‍കുന്ന ശക്തി പദ്ധതിയാണ്. പദ്ധതി നടപ്പാക്കാന്‍ വൈകിയെന്ന് വിലപിച്ച ബി.ജെ.പി ഇപ്പോള്‍ പറയുന്നത് സ്വകാര്യ ബസുകളിലും സൗജന്യ യാത്ര വേണമെന്നാണ്. ശക്തി പദ്ധതി നടപ്പാക്കാനാകില്ലെന്നും വോട്ടുചെയ്തവരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നുമാണ് ബി.ജെ.പി നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്.
മജസ്റ്റിക് കെംപെ ഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് ബി.എം.ടി.സി ബസില്‍ കയറിയ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയും യാത്രക്കാരായ സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി അവര്‍ക്കൊപ്പം വിധാന്‍ സൗധവരെ സഞ്ചരിക്കുകയും ചെയ്തതോടെ കര്‍ണാടകം മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ത്തു.
പരിമിതികളും പ്രതിബന്ധങ്ങളും അതിജീവിക്കാനുള്ള വിദഗ്ധമായ ആസൂത്രണവും പ്രവര്‍ത്തനവും ഒപ്പമുണ്ടെങ്കില്‍ ജനപക്ഷത്തുനിന്നുള്ള ഇത്തരം ഇടപെടലുകള്‍ പൂര്‍ണമായും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. അഞ്ച് ഗ്യാരൻ്റി പദ്ധതികളുടെ പ്രഖ്യാപനവും നടപ്പില്‍വരുത്തലും വെല്ലുവിളികള്‍ നിറഞ്ഞതാണ്. സംസ്ഥാനത്തിന്റെ ധനശേഷി അപകടരേഖയിലൂടെ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റത്. അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്ന പരാതി ആദ്യ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
എന്നാല്‍, തങ്ങളുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ലെന്ന ആത്മവിശ്വാസമാണ് സിദ്ധരമായ്യയും കൂട്ടരും പ്രകടിപ്പിക്കുന്നത്. ഇൗ ആത്മവിശ്വാസത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞതിനാലാവണം, തുടക്കം മുതല്‍ തൊട്ടതെല്ലാം കുറ്റമാക്കി മാറ്റാനായി ബി.ജെ.പി രംഗത്തുവരുന്നത്. എത്രതന്നെ എതിര്‍ത്താലും വഴിമുടക്കിയാലും തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുമെന്ന നിലപാടിലാണ് സര്‍ക്കാരും ഭരണനേതൃത്വവും.
വരുന്നു ഹെൽപ്പ് ലൈന്‍
വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളനിലമാക്കി കര്‍ണാടകയെ മാറ്റാനാണ് സംഘ്പരിവാർ കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടേയിരുന്നത്. ഭരണം കൈയില്‍നിന്ന് പോയെങ്കിലും വിദ്വേഷ ആശയക്കാരുടെ പ്രഭാരി വേഷം അഴിച്ചുവയ്ക്കാന്‍ സംഘ്പരിവാർ കാഡറുകള്‍ തയാറുമല്ല. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പൊലിസ് മേധാവികളോട് കര്‍ശനഭാഷയില്‍ നിര്‍ദേശം കൊടുത്തത് വിദ്വേഷാദി, സദാചാര അക്രമികളെ നിലയ്ക്കു നിര്‍ത്തണമെന്നാണ്.
സംഘ്പരിവാറിന്റെ സ്വാധീനമേഖലകളിലാണ് ജാതി, മത, വര്‍ഗ, ഭാഷാ, ഭക്ഷണ വിഷയങ്ങളില്‍ കണ്ണില്‍ കണ്ടവനെ തല്ലിയൊതുക്കുന്ന രീതിയുണ്ടായിരുന്നത്. ഇക്കാര്യം നന്നായറിയാവുന്ന ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വര, നിയമം കൈയിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ കൈയാമംവച്ച് കല്‍ത്തുറുങ്കിലടയ്ക്കാനാണ് പ്രത്യേക പൊലിസ് സംഘത്തെ നിയോഗിക്കുമെന്ന് പറഞ്ഞത്. എന്തായാലും ഇൗ പറഞ്ഞത് ബി.ജെ.പിക്ക് ഒട്ടും ദഹിച്ചില്ല. തങ്ങളുടെ പ്രവര്‍ത്തകരെ വേട്ടയാടാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പരാതിയാണ് ബി.ജെ.പിക്കുള്ളത്. നിരപരാധികളായ പാര്‍ട്ടിപ്രവര്‍ത്തകരെ വേട്ടയാടാനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ നേരെ ചൊവ്വേ ഭരിക്കാന്‍ വിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. എന്തായാലും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് പരമേശ്വരയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആവര്‍ത്തിച്ചു. ഇതിനിടെ വിദ്വേഷ പ്രചാരകരെ കണ്ടെത്താനും പ്രചാരണങ്ങള്‍ തടയാനുമായി പീസ്ഫുള്‍ കര്‍ണാടക എന്ന പേരില്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി വ്യവസായ മന്ത്രി എം.ബി പാട്ടീലും രംഗത്തെത്തി.
അതേസമയം, തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നിയമസഹായത്തിന് ബി.ജെ.പിയും ഹെല്‍പ് ലൈന്‍ തുടങ്ങുകയാണത്രെ. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് അവകാശപ്പെടുന്ന ഹെല്‍പ് ലൈന്‍ വഴി നൂറോളം അഭിഭാഷകരുടെ സേവനം ലഭിക്കുമെന്നും യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ. കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാജ കേസുകളില്‍ കുരുക്കി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നത് തടയാനും നിയമസഹായം നല്‍കാനുമാണ് ഹെല്‍പ് ലൈന്‍ എന്നാണ് തേജസ്വി സൂര്യ വിശദീകരിച്ചത്. കര്‍ണാടകത്തില്‍ ഇനി കുറേയേറെ ഹെല്‍പ് ലൈന്‍ വേണ്ടി വന്നേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഓരോ ദിവസവും, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഓരോ വിഷയത്തിലും അന്വേഷണവുമായി വരുകയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ കാലത്തെ കരാറുകാരുടെ കമ്മിഷന്‍ ആരോപണം, ബിറ്റ്‌കോയിന്‍ തട്ടിപ്പ്, പൊലിസ് സബ്-ഇന്‍സ്‌പെക്ടര്‍ നിയമന കുംഭകോണം തുടങ്ങി അനവധി ക്രമക്കേടുകളിലും അഴിമതികളിലും അന്വേഷണം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ബി.ജെ.പിക്ക് ഒരു ഡസനോളം ഹെല്‍പ് ലൈന്‍ തുടങ്ങേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ജയിലിലുള്ളവരെക്കുറിച്ച് അറിയണം
പാര്‍ട്ടി പ്രവര്‍ത്തകരെ 'വേട്ടയാടുമെന്ന്'കണക്കുകൂട്ടി അവരെ നിയമപരമായും രാഷ്ട്രീയമായും സാമ്പത്തികമായും സഹായിക്കാനുള്ള വിശാല മനസുകാട്ടുന്ന ബി.ജെ.പി, തങ്ങളുടെ ഭരണകാലത്ത് സംസ്ഥാനത്തെ ജയിലുകളില്‍ പിടിച്ചിട്ട നിരപരാധികളുടെ കണ്ണീരും നിസഹായതയും ഇടയ്ക്ക് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നാണ് ചില മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
പൊലിസിനെ കല്ലെറിഞ്ഞുവെന്ന ആരോപണത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലടച്ച ഹുബ്ബള്ളിയിലെ ഷംസുദ്ദീനും ആനന്ദ് നഗറിലെ അന്‍സാരിയും വാട്‌സ്ആപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലലടച്ച ഭട്കലിലെ അഫ്ത്താബും തുടങ്ങി ആയിരത്തോളം നിരപരാധികളാണ് രണ്ടും മൂന്നും അതിലധികവും വര്‍ഷങ്ങളായി കര്‍ണാടകയിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്.
ഇരു മതവിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന്റെ പേരില്‍ പൊലിസ് വേട്ടയാടുന്നുവെന്ന പരാതിയുമായാണ് 2022 ഏപ്രില്‍ 16 ന് ഹുബ്ബള്ളിയിലെ പൊലിസ് സ്റ്റേഷനുമുന്നലില്‍ ആയിരത്തോളം പേര്‍ പ്രതിഷേധവുമായെത്തിയത്. എന്നാല്‍ നീതി വിലക്കിയ പൊലിസ് സമാധാനപരമായി പ്രതിഷേധിച്ച ആയിരത്തോളം വരുന്ന ജനങ്ങളുടെ പേരില്‍ തീവ്രവാദക്കുറ്റം ചുമത്തി കേസേടുത്തു. ഒരു സംഭവത്തില്‍ പന്ത്രണ്ടോളം പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ തയാറാക്കി അത്ഭുതം കാട്ടിയ പൊലിസ് എല്ലാത്തിലും നഗരപ്രാന്തത്തിലെ ഒരു പ്രത്യേക സമുദായക്കാരെ മാത്രം പ്രതിയാക്കി.
യു.എ.പി.എ പ്രകാരം നിരപരാധികളുടെ പേരില്‍ കേസെടുക്കുന്നതിന് പൊലിസ് പറഞ്ഞ കാരണം അവരെ കല്ലെറിഞ്ഞുവെന്നും വാട്‌സ്ആപ്പ് വഴി കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ്. അന്ന് കേസില്‍പ്പെട്ടവരില്‍ പലരും ഇന്നും ജയിലഴിക്കുള്ളിലാണ്. ഇവർക്ക് നീതി ലഭിക്കേണ്ടിയിരിക്കുന്നു.
Content Highlights: Todays article written by c.v sreejith
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."