ഓണ വിപണി; ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന നടത്തി
കല്‍പ്പറ്റ: ലീഗല്‍മെട്രോളജി വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിയ പ്രത്യേക പായ്ക്കറ്റുകള്‍, നോട്ട്ബുക്ക് മറ്റു കണ്‍സ്യൂമര്‍ പാക്കറ്റുകള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ഉല്പന്നങ്ങളുടെ പാക്കറ്റിനു പുറത്ത് ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാനും മറ്റും രേഖപ്പെടുത്തുന്ന ടെലഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമാണോ എന്നും ജില്ലാ അസിസ്റ്റന്റ് കണ്ട്രോളറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്പന നടത്തുന്ന വിവിധ ഉല്പന്നങ്ങളുടെ പാക്കറ്റുകളുടെ തൂക്കം ഉപയോക്താക്കള്‍ക്ക് പരിശോധിക്കുന്നതിനുള്ള ഒരു ഗ്രാം കൃത്യതയുള്ള ത്രാസ് സജീകരിക്കാത്തതിനും പാക്കറ്റിനു പുറത്ത് എം.ആര്.പി ഉള്‍പ്പെടെയുള്ള വിലകള്‍ രേഖപ്പെടുത്താത്ത ഉല്പന്നങ്ങള് വില്പന ചെയ്തതിനും എം.ആര്.പി തിരുത്തി കൂടുതല്‍ വില എഴുതി ചേര്‍ത്തതിനും ജില്ലയില്‍ നാലുസൂപ്പര്മാര്ക്കറ്റുകള്ക്കെതിരേ നടപടികള്‍ സ്വീകരിച്ചു. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കല്‍പ്പറ്റ, മേപ്പാടി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ ബി.ഐ സൈലാസ്, പി.എസ് പ്രദീപ് നേതൃത്വം നല്കി. ഇന്‍സ്പെക്ടര്‍ പി ഫിറോസ്, അസിസ്സന്റുമാരായി പി.ആര് ഷൈന്‍, ജോണ്സണ്, എം.എന്‍ രാജീവന്, എ.സി രാജന്, എ. സുബൈര്‍, എന്‍. ബീരാന്‍കുട്ടി പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."