സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി; ടൂവീലര്‍ 60 കി.മീ; സ്‌കൂള്‍ ബസിന് 50 കി.മീ
സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി; ടൂവീലര്‍ 60 കി.മീ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കാനാണ് തീരുമാനം. മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ജൂലൈ 1 മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
6 വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 90 (85) കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി.ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് 6 വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ ഐ.ഒ.എഫ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."