ഇനി 16 മണിക്കൂറിൽ സാധനങ്ങൾ എവിടെയുമെത്തിക്കാം; കെഎസ്ആർടിസിയുടെ പുതിയ കൊറിയർ സർവീസിന് ഇന്ന് തുടക്കം
ഇനി 16 മണിക്കൂറിൽ സാധനങ്ങൾ എവിടെയുമെത്തിക്കാം; കെഎസ്ആർടിസിയുടെ പുതിയ കൊറിയർ സർവീസിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കേരളത്തിലെവിടെയും കുറഞ്ഞ ചിലവിൽ കൊറിയർ എത്തിക്കാനുള്ള കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് തുടക്കമാകും. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങൾ എത്തിക്കുമെന്നാണ് കെഎസ്ആർടിസി നൽകുന്ന ഉറപ്പ്. പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് 11 മണിക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിക്കും.
രാവിലെ 11 മണിക്ക് കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ചാണ് കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന്റെ ഉദ്‌ഘാടനം നടക്കുക. മുൻപ് കെഎസ്ആർടിസി നടത്തിയിരുന്ന കൊറിയർ സർവീസിന്റെ വിപുലവും വേഗത്തിലുള്ളതുമായ സർവീസിനാണ് ഇപ്പോൾ തുടക്കമാകുന്നത്. സ്വകാര്യ കമ്പനികളെക്കാൾ കുറഞ്ഞ ചിലവിൽ സാധനങ്ങൾ അയക്കാനാകും.
ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് അയക്കാനും വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊറിയർ ബുക്ക് ചെയ്‌താൽ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ട്രാക്കിങ് അപ്ഡേറ്റുകൾ മെസേജായി ലഭിക്കും.
ആള് നേരിട്ട് എത്തിയാൽ മാത്രമേ കൊറിയർ സ്വീകരിക്കാൻ സാധിക്കൂ. സാധുതയുള്ള തിരിച്ചറിയൽ കാർഡ് വേരിഫൈ ചെയ്ത ശേഷമാകും സാധനം കൈമാറുക. അതുവഴി അയക്കുന്ന കൊറിയറിന്റെ സുരക്ഷാ ഉറപ്പാക്കാനാണ് ശ്രമം. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.
അതേസമയം, കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ തുടങ്ങിയ ഇടങ്ങളിലേക്കും കൊറിയർ സർവീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."