വിദ്യക്കെതിരായ വ്യാജരേഖ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു; സംഘത്തില്‍ സൈബര്‍സെല്‍ വിദഗ്ധരും
വിദ്യക്കെതിരായ വ്യാജരേഖ കേസ്: അന്വേഷണസംഘം വിപുലീകരിച്ചു; സംഘത്തില്‍ സൈബര്‍സെല്‍ വിദഗ്ധരും
പാലക്കാട്: എസ്.എഫ്.ഐ മുന്‍ നേതാവ് കെ, വിദ്യ അട്ടപ്പാടി കോളജില്‍ ഹാജരാക്കിയ വ്യാജപ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണസംഘം വിപുലീകരിച്ചു. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. അഗഴി സി.ഐ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ സെല്‍ വിദഗ്ധരും സംഘത്തിലുണ്ട്.
ഇന്നലെ അന്വേഷണസംഘം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എത്തി അന്വേഷണം നടത്തിയിരുന്നു. പാലക്കാട് അഗളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സര്‍വകലാശാലയില്‍ എത്തി അന്വേഷണം നടത്തിയത്. വി.സിയുമായും, രജിസ്ട്രാറുമായും സര്‍വകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥരുമായും, വിദ്യയുടെ പി.എച്ച്.ഡി അഡ്മിഷനെക്കുറിച്ചും സര്‍വകലാശാല വിദ്യാഭ്യാസ കാലയളവില്‍ വിദ്യയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ കുറിച്ചും സംഘം അന്വേഷിച്ച് അറിഞ്ഞു. സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യയുടെ പഠനവുമായി ബന്ധപ്പെട്ട രേഖകളും സംഘം ശേഖരിച്ചു.
അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ അധ്യാപിക ജോലിക്കായി വ്യാജ രേഖ ചമച്ച കേസില്‍ ഒളിവിലാണ് കെ വിദ്യ. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം ചട്ടങ്ങള്‍ പാലിച്ചല്ല നടന്നത് എന്ന് പുറത്തുവന്നിരുന്നു. വ്യാജ രേഖ ചമച്ച് അധ്യാപക ജോലിയില്‍ തുടരാന്‍ വേണ്ടിയാണ് മുഴുവന്‍ സമയ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന വിദ്യ ഇടതുപക്ഷ അനുകൂല അധ്യാപകരുടെ സഹായത്തോടെ പാര്‍ട്ട് ടൈം ആക്കി മാറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."