കനലണയാതെ മണിപ്പൂർ
മണിപ്പൂരിൽ കലാപം ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല; എന്നല്ല കൂടുതൽ ശക്തി പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. ഏറ്റവും അടുത്ത ദിവസങ്ങളിലായി കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. കൊള്ളയും കൊള്ളിവയ്പ്പും നടന്നു. മെയ് മൂന്നിന് കലാപം തുടങ്ങിയ ശേഷമുണ്ടായ ഒറ്റ അക്രമത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട സംഭവവും രണ്ടാമത്തെ വലിയ അക്രമ തരംഗവുമാണിത്. ഇതോടെ മരണം 114 ആയി ഉയർന്നു. ഒരു മാസമായി തുടരുന്ന സമാധാന ശ്രമങ്ങൾ പാഴായെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പ്രദേശത്ത് സമാധാനം സ്ഥാപിക്കപ്പെട്ടുവെന്ന കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും സുപ്രിംകോടതിയിലെ അവകാശവാദം പാഴ്‌വാക്കാണെന്നും വ്യക്തമായി. ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ് സംസ്ഥാനം.
തോക്കുകൾ ഉപയോഗിച്ചുള്ള അക്രമങ്ങളാണ് അധികവും.
സംസ്ഥാന പൊലിസിന് പുറമെ കേന്ദ്രസേനയും പ്രദേശത്തുണ്ട്. എന്നിട്ടും കലാപം അടിച്ചമർത്താനാവുന്നില്ല. സർക്കാർ മെയ്തി വിഭാഗക്കാർക്ക് അനുകൂലമായാണ് പെരുമാറുന്നതെന്നാണ് കലാപത്തിന്റെ പ്രധാന ഇരകളായ ഗോത്രവിഭാഗം കുക്കികൾ അവകാശപ്പെടുന്നത്. ഇത് ശരിയാണെന്ന് പ്രദേശം സന്ദർശിച്ച കേരളത്തിൽ നിന്നുള്ള എം.പിമാരടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. സർക്കാരിന്റെ ഈ നടപടി തന്നെയാണ് കലാപം വീണ്ടും പടരാൻ കാരണമാകുന്നത്. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ കുക്കി വിഭാഗത്തിലെ സാധാരണക്കാർക്ക് മാത്രമല്ല ആക്ഷേപമുള്ളത്. സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ രൂപവത്കരിച്ച 51 അംഗ സമിതിയിൽ ഉൾപ്പെട്ട കുക്കി വിഭാഗക്കാരും ഇതേ ആക്ഷേപമുന്നയിക്കുന്നുണ്ട്.
മണിപ്പൂരിൽ എത്രയും പെട്ടെന്ന് സമാധാനം കൊണ്ടുവരാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ സർക്കാർ താൽപര്യം അതിന് തുരങ്കംവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തെ നയിക്കുന്നവർക്കുണ്ട്. സർക്കാർ തീരുമാനിക്കാതെ രാജ്യത്ത് ഒരു കലാപവുമുണ്ടാകില്ല. ഈ കലാപം സർക്കാർ തീരുമാനിച്ചതാണെന്നും കേന്ദ്രസേനയുടെ വിന്യാസം വൈകിപ്പിച്ച് അതിന് ആക്കം കൂട്ടിയെന്നുമുള്ള ആക്ഷേപം ശക്തമാണ്. പ്രമുഖ നാഗാ നേതാവ് നികേതു ഇരാലുവിനെപ്പോലുള്ളവർ ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. ആകെ 200 ചർച്ചുകൾ തകർപ്പെട്ടിട്ടുണ്ടെന്നാണ് ഇരാലു ചൂണ്ടിക്കാട്ടിയത്. കുക്കികൾക്കെതിരേ മെയ്തികളുടെ ആക്രമണം നടക്കുമ്പോൾ തന്നെ മെയ്തി വിഭാഗക്കാരുടെ ചർച്ചുകളും തകർക്കപ്പെട്ടുവെന്നും സംഭവത്തിന് പിന്നിൽ ആർ.എസ്.എസ്, ഹിന്ദുത്വശക്തികളുടെ പങ്ക് സംശയിക്കേണ്ടതാണെന്നും ഇരാലു പറയുന്നു.
എല്ലാ വിഭാഗത്തിനും വിശ്വാസമുള്ളൊരു കൂട്ടരെ ഇരുവിഭാഗവുമായും ചർച്ച നടത്താൻ നിയോഗിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ ഇനിയുള്ള പോംവഴി. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ കുക്കികൾ വിശ്വാസത്തിലെടുക്കുന്നില്ല. പൊലിസിലും വിശ്വാസമില്ല. കേന്ദ്ര സർക്കാരിനെയും വിശ്വാസമില്ല. പൊലിസും സർക്കാരുകളും കലാപത്തിൽ മെയ്തികൾക്കൊപ്പം നിന്നുവെന്ന ഉറപ്പാണ് കുക്കികൾക്കുള്ളത്. അതിനാൽ കലാപത്തെ നേരിടാനുള്ള ശ്രമത്തിലാണ് കുക്കി വിഭാഗം. സമാധാനശ്രമങ്ങൾ ഫലം കാണണമെങ്കിൽ കുക്കി മേഖലകളിലെ കുടിയൊഴിപ്പിക്കൽ മുതലുള്ള അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങൾ തലമുറകളായി ജീവിച്ചുവരുന്ന ഭൂമി കൂടിയാലോചനയില്ലാതെ ഒരു ദിവസം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുകയും പൊലിസിനെ അയച്ച് കുടിയൊഴിപ്പിക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് കുക്കികൾ ആരോപിക്കുന്നത്.
ഈ ആരോപണത്തിൽ വസ്തുതയുണ്ട്. മലയോര മേഖലകളിൽ കുടിയൊഴിപ്പിക്കൽ വ്യാപകമാണ്. കുക്കികളെ സർക്കാർ തന്നെ മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് വിളിച്ച് ആക്ഷേപിക്കുന്നതാണ് മറ്റൊന്ന്. കുറച്ച് വർഷങ്ങൾക്കിടെ കുക്കികൾക്കിടയിലുണ്ടായ ജനസംഖ്യാ വർധനവ് മാത്രം ആധാരമാക്കിയാണ് സർക്കാരിന്റെ ഈ ആരോപണം. പൊലിസ് നൽകിയ റൈഫിളുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ് കുക്കികൾക്ക് നേരെ മെയ്തി വിഭാഗക്കാർ ആക്രമണം നടത്തുന്നതെന്നാണ് മറ്റൊരു ആരോപണം. കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഏകദേശം 4,000 റൈഫിളുകളും ചെറിയ ആയുധങ്ങളും അഞ്ച് ലക്ഷം വെടിയുണ്ടകളും നൂറുകണക്കിന് ഹാൻഡ് ഗ്രനേഡുകളും മോർട്ടാറുകളുമാണ് സംസ്ഥാന പൊലിസ് ആയുധപ്പുരകളിൽനിന്ന് മെയ്തി ഗ്രൂപ്പുകൾ കൊള്ളയടിച്ചത്. ഇത് കണ്ടെത്താൻ പൊലിസ് കാര്യമായ ഒരു ശ്രമവും നടത്തിയില്ല. ഗോത്രീയമായി വിഭജിക്കപ്പെട്ട, അച്ചടക്കമില്ലാത്ത പൊലിസ് സംവിധാനമാണ് മണിപ്പൂരിലേത്.
ഗോത്രവർഗമല്ലാത്ത മെയ്തികൾക്ക് പട്ടികവർഗ പദവി നൽകാനുള്ള തീരുമാനമാണ് പരിഹരിക്കേണ്ട പ്രശ്‌നത്തിൽ പ്രധാനപ്പെട്ടത്. മണിപ്പൂരിലെ ഏറ്റവും രാഷ്ട്രീയ ശേഷിയുള്ള വിഭാഗമാണ് മെയ്തികൾ. 60 അംഗ നിയമസഭയിൽ 40 പേരും മെയ്തികളാണ്. ഈ 40 സീറ്റുകളും ജനറൽ സീറ്റുകളാണ്. ഗോത്രവർഗക്കാർക്കുള്ള സംവരണ സീറ്റായതുകൊണ്ട് മാത്രമാണ് ബാക്കിയുള്ള സീറ്റുകളിൽ കുക്കികൾ അടക്കമുള്ള മറ്റു വിഭാഗങ്ങൾ ജയിക്കുന്നത്. മെയ്തികൾക്ക് പട്ടികവർഗ പദവി കൂടി നൽകപ്പെട്ടാൽ ഈ സീറ്റുകളും മെയ്തികൾക്ക് മാത്രമേ ലഭിക്കൂ. പ്രശ്‌നങ്ങൾ എന്തായിരുന്നാലും അക്രമമല്ല പരിഹാരമാർഗം. കുക്കികളുടെ ആവശ്യത്തെ കലാപം കൊണ്ട് നേരിടാമെന്ന് സർക്കാരും കരുതരുത്. കലാപകാരികൾക്കും പക്ഷപാതപരമായി പെരുമാറുന്ന പൊലിസുകാർക്കുമെതിരേ നടപടി വേണം. സംസ്ഥാനത്ത് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനായിരിക്കണം സർക്കാർ പ്രാഥമിക പരിഗണന കൊടുക്കേണ്ടത്.
Content Highlights:editorial about manipur riots
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."