മണിപ്പൂര്‍ സംഘര്‍ഷം: ബിജെപിയുമായുള്ള സഖ്യം പുനഃപരിശോധിക്കും, മുന്നറിയിപ്പുമായി എന്‍പിപി
മണിപ്പൂര്‍ സംഘര്‍ഷം: ബിജെപിയുമായുള്ള സഖ്യം പുനഃപരിശോധിക്കും, മുന്നറിയിപ്പുമായി എന്‍പിപി
ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യകക്ഷിയായ എന്‍പിപി. ബിജെപിയുമായുള്ള സഖ്യം പുനഃപരിശോധിക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ഡിജിപിയുമായ എന്‍പിപി വൈസ് പ്രസിഡന്റ് ജോയ്കുമാര്‍ സിംഗ് പറഞ്ഞു. 'കാവി പാര്‍ട്ടിയുമായുള്ള സമവാക്യം പുനഃപരിശോധിക്കാന്‍ എന്‍പിപി നിര്‍ബന്ധിതരാകും. ഞങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരാകാന്‍ കഴിയില്ല, ആര്‍ട്ടിക്കിള്‍ 355 നിലവിലുണ്ട്, അതിനാല്‍ ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്, എന്നാല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടക്കുന്നില്ല ' ജോയ്കുമാര്‍ സിംഗ് പറഞ്ഞു.
മണിപ്പൂരില്‍ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കിംവദന്തികള്‍ പടരുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ 11 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തു. അക്രമത്തെക്കുറിച്ച് സംസാരിച്ച എന്‍പിപി വൈസ് പ്രസിഡന്റ്, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷയുടെ ഇംഫാലിലെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് ആകാശത്തേക്ക് വെടിവെച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ മന്ത്രിയുടെ ഓഫീസിനും ആള്‍ക്കൂട്ടം തീയിട്ടു. മുഖ്യമന്ത്രി ബിരേന്‍ സിങ് കഴിഞ്ഞാല്‍ മണിപ്പൂര്‍ മന്ത്രിസഭയിലെ രണ്ടാമനാണ് ബിശ്വജിത് സിങ്.ബിഷ്ണുപുര്‍, ചുരചന്ദ്പുര്‍ ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ കലാപകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."