ആന പുറത്തു കയറിയാല്‍…?
കൃഷ്ണൻ ചേലേമ്പ്ര
ആന പുറത്തു കയറിയാല്‍ ചമ്മന്തിയായതുതന്നെ. എന്നാല്‍ ആനപ്പുറത്തു കയറിയാലോ? അത് വിജേതാവിന്റെ ലക്ഷണമാണ്. ആന ചങ്ങല, ആന തോട്ടി, ആന പാപ്പാന്‍ ഇവയൊന്നും ആനയുമായി ബന്ധപ്പെടുന്നില്ല. ആനച്ചങ്ങലയും ആനത്തോട്ടിയും ആനപ്പാപ്പാനും ആനയ്ക്കു വേണ്ടപ്പെട്ടതു തന്നെ. ആനചന്തം ചന്തമല്ല, ആനച്ചന്തം അപാരം.
പകല്‍പൂരം കേള്‍ക്കാന്‍ പോലും ഇമ്പമില്ല. പിന്നെയല്ലേ കാഴ്ചക്ക്? പകല്‍പ്പൂരമാണെങ്കില്‍ സംഗതി ജോര്‍. പൂര പിറ്റേന്ന് അതേപ്പറ്റി ആരും സംസാരിക്കില്ല. പൂരപ്പിറ്റേന്നാണെങ്കില്‍ അതു തന്നെയായിരിക്കും സംസാരവിഷയം. പൂര പാട്ട് കേള്‍ക്കാനാര്‍ക്കു താത്പര്യം? പൂരപ്പാട്ടാണെങ്കില്‍ കൊടുങ്ങല്ലൂര്‍ ഭക്തര്‍ ഏറ്റുപിടിക്കും. പൂര പകിട്ട് പകിട്ടല്ല, പൂരപ്പകിട്ടാണ് പകിട്ട്. പൂരചമയവും തഥൈവ. പൂരച്ചമയം ഭേഷ്. പൂരപുറപ്പാടിനെക്കാള്‍ ഗാംഭീര്യം പൂരപ്പുറപ്പാടിനാണ്.
കോഴി തീറ്റ തിന്നുമെങ്കിലും കോഴിത്തീറ്റയാണ് കോഴിക്കുത്തമം. ഇറച്ചി കോഴി തിന്നില്ലെങ്കിലും നമുക്ക് ഇറച്ചിക്കോഴി കഴിക്കാം. കോഴി കറിയെക്കാള്‍ കോഴിക്കറിക്ക് സ്വാദേറും.
കാലിതീറ്റയെക്കാള്‍ കന്നുകാലികള്‍ക്കു പ്രിയം കാലിത്തീറ്റ.ആണ്ടി പണ്ടാരത്തെക്കാള്‍ യോഗ്യന്‍ ആണ്ടിപ്പണ്ടാരം. സമ്മാന പെട്ടി, സമ്മാന പൊതി- ഇവയെല്ലാം ആര്‍ക്കുവേണം? സമ്മാനപ്പെട്ടിയും സമ്മാനപ്പൊതിയും വാങ്ങാന്‍ കുട്ടികള്‍ വരി നിൽക്കും.
കുഞ്ഞി കൂനനും ഇത്തിരി കുഞ്ഞനും മുതുക്കി തള്ളയും പൊട്ട കണ്ണനും നമ്മുടെ ശ്രദ്ധയില്‍ പെടില്ല. കുഞ്ഞിക്കൂനനും ഇത്തിരിക്കുഞ്ഞനും മുതുക്കിത്തള്ളയും പൊട്ടക്കണ്ണനും സഹതാപം പിടിച്ചു പറ്റും.
ഓണപൊട്ടനെക്കാള്‍ മലബാറില്‍ സ്വീകാര്യന്‍ ഓണപ്പൊട്ടന്‍ തന്നെ. ഓണ ചന്തയും ഓണകുലയും ഓണപുടവയും ഓണകളിയും ഓണപൂക്കളവും ഓണകാലത്തും സ്വീകാര്യമല്ല. ഓണച്ചന്തയും ഓണക്കുലയും ഓണപ്പുടവയും ഓണക്കളിയും ഓണപ്പൂക്കളവും ഓണക്കാലത്ത് അടിപൊളിയാകും.
പട്ടികുട്ടിയെയും പശുകുട്ടിയെയും ആരു ലാളിക്കും? പട്ടിക്കുട്ടിയും പശുക്കുട്ടിയുമാണെങ്കിലോ?
കന്നികൊയ്ത്തില്‍ വിളയുണ്ടായെന്നു വരില്ല. കന്നിക്കൊയ്ത്താണെങ്കില്‍ പൊലിക്കും.
വിവാഹ പന്തലും സമ്മേളന പന്തലും സ്വയം വരപന്തലും എത്ര തന്നെ അണിയിച്ചൊരുക്കിയാലും വിവാഹപ്പന്തലിന്റെയും സമ്മേളനപ്പന്തലിന്റെയും സ്വയം വരപ്പന്തലിന്റെയും നാലയലത്തു വരുകയില്ല.
വിമാനമിറങ്ങാന്‍ വിമാനതാവളം പോരാ, വിമാനത്താവളം തന്നെ വേണം.
മുല്ലപൂവിനും ജമന്തിപൂവിനും റോസാപൂവിനും സുഗന്ധമുണ്ടാവില്ല. മുല്ലപ്പൂവും ജമന്തിപ്പൂവും റോസാപ്പൂവും സുഗന്ധത്തില്‍ ആറാടിക്കും. ആമ്പല്‍പൂവിനു ചന്തമില്ലെങ്കിലും ആമ്പല്‍പ്പൂവ് ചേതോഹാരിയാണ്.
കല്‍കണ്ടവും കരുപട്ടിയും പകരുന്നത് ദുഃസ്വാദെങ്കില്‍ കരുപ്പട്ടിക്കും കല്‍ക്കണ്ടത്തിനും മാധുര്യമേറും.
ദേശാടന പക്ഷിയെക്കാള്‍ കാഴ്ചക്കഴക് ദേശാടനപ്പക്ഷിക്കു തന്നെ.
സ്വര്‍ണാഭരണങ്ങള്‍ക്ക് പണികൂലിയും തേയ്മാനകുറവും ഇളവെന്ന പരസ്യത്തില്‍ ആകൃഷ്ടരാവാതെ പണിക്കൂലിക്കുറവുണ്ടോയെന്നും തേയ്മാനക്കുറവിലെ ആനുകൂല്യവും ചോദിച്ചറിയുക.
അറബിപൊന്ന് നൽകാമെന്ന വാക്കു വിശ്വസിക്കരുത്. അറബിപ്പൊന്നാണെങ്കില്‍ വാങ്ങാം.
അമ്മതൊട്ടിലില്‍ കിടക്കുകയില്ല, അമ്മത്തൊട്ടിലില്‍ ധൈര്യപൂര്‍വം കുഞ്ഞിനെ കിടത്താം.
ഓര്‍മകുറവിനും ഓര്‍മ തെറ്റിനും പ്രതിവിധിയില്ല, ഓര്‍മക്കുറവിനും ഓര്‍മത്തെറ്റിനും പരിഹാരം തേടാം.
നീരാളിപിടിത്തത്തില്‍ ഭയക്കരുത്, നീരാളിപ്പിടിത്തമാണെങ്കില്‍ പേടിക്കണം.
തോരന്‍ വെക്കാന്‍ (വയ്ക്കാനല്ല) ഇടി ചക്കയെക്കാള്‍ നല്ലത് ഇടിച്ചക്കയാണ്.
പൊലീസിന്റെ ലാത്തിചാര്‍ജിനെക്കാള്‍ കഠിനം ലാത്തിച്ചാര്‍ജായിരിക്കും.
തല തുവര്‍ത്താന്‍ ഈരെഴ തോര്‍ത്തിനെക്കാള്‍ നല്ലത് ഈരെഴത്തോര്‍ത്താണ്.
ചീനചട്ടിയിലെ പാചകം ഹാനികരമത്രേ. ചീനച്ചട്ടി തന്നെ ഉപയോഗിക്കുക.
കായല്‍ പരപ്പിലെ ഉല്ലാസയാത്ര ബോറടിക്കും; കായല്‍പ്പരപ്പിലൂടെയുള്ള യാത്ര നയനാനന്ദകരവും.
സിന്ദൂരപൊട്ടിനെക്കാള്‍ കുലവധുവിനുചിതം സിന്ദൂരപ്പൊട്ടെന്നതില്‍ സംശയമില്ല.
ചോരകുഞ്ഞിനെ ഉപേക്ഷിക്കുന്നത് അപരാധമല്ല, ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാണ്.
ചേരകുഞ്ഞിനെ കൊന്നാലും ചേരക്കുഞ്ഞിനെ വെറുതെ വിടുക.
കൈകൂലി ആരും വാങ്ങില്ല, കൈക്കൂലി വാങ്ങുന്നവര്‍ ഏറെയുണ്ടു താനും.
ചെറ്റ കുടിലില്‍ ജനിച്ചാലും ചെറ്റക്കുടിലില്‍ ജനിക്കുന്നവര്‍ ചെറ്റയാകണമെന്നില്ല.
എലികെണി ആരു പേടിക്കും? എലിക്കെണിയെ എലിയെങ്കിലും പേടിക്കും.
ആള്‍കൂട്ടത്തില്‍ നിന്നാലറിയാം. ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിച്ചറിയാനാണ് പ്രയാസം.
തങ്കപതക്കം തങ്കതളികയില്‍ വച്ചു നീട്ടിയാല്‍ ആരു സ്വീകരിക്കും? തങ്കപ്പതക്കം തങ്കത്തളികയില്‍ വച്ചു നീട്ടിയാലോ?
പെടാപാടും പങ്കപാടും ആരുമറിയില്ല. പെടാപ്പാടും പങ്കപ്പാടും അനുഭവിച്ചവര്‍ക്കറിയാം.
പാടിപതിഞ്ഞ ഗാനത്തെക്കാള്‍ കേള്‍ക്കാനിമ്പം പാടിപ്പതിഞ്ഞ ഗാനങ്ങള്‍ക്കാണ്.
മുതല കണ്ണീര്‍ പൊഴിച്ചാലും ഗൗനിക്കാത്തവര്‍ മുതലക്കണ്ണീരു കണ്ട് പതറിപ്പോകും.
കലാപം പൊട്ടിപുറപ്പെട്ടാല്‍ ഗൗനിക്കേണ്ട, കലാപം പൊട്ടിപ്പുറപ്പെടാതെ ശ്രദ്ധിക്കണം.
ലക്ഷ്യം നേടണമെങ്കില്‍ തള്ളിക്കയറണം, തള്ളികയറിയാല്‍ പോരാ.
സ്വര്‍ണത്തിളക്കത്തില്‍ ഭ്രമിക്കുന്നവര്‍ സ്വര്‍ണതിളക്കം കണ്ടില്ലെന്നു നടിക്കും.
ശര്‍ക്കരക്കുടത്തില്‍ കൈയിടുന്നവര്‍ ശര്‍ക്കര കുടത്തെ തിരിഞ്ഞു നോക്കില്ലെന്നുറപ്പ്.
കത്തികുത്തില്‍ മുറിവുണ്ടാവില്ല, കത്തിക്കുത്തില്‍ ജീവഹാനി തന്നെ സംഭവിക്കും.
കേരള തനിമയില്‍ പുതുമയില്ല, കേരളത്തനിമയ്ക്ക് എപ്പോഴും പുതുമ തന്നെ.
വൃക്ഷത്തൈ നടുന്ന സുഖം വൃക്ഷതൈ നട്ടാലുണ്ടാവില്ല.
പാല്‍പായസത്തെക്കാള്‍ രുചി പാല്‍പ്പായസത്തിനാണ്.
നീല കുറിഞ്ഞി പൂത്തു നിൽക്കുന്നതിനെക്കാള്‍ മനോഹാരിത നീലക്കുറിഞ്ഞി പൂത്തു നിൽക്കുമ്പോഴാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."