യു.എസിലെ ഏറ്റവും 'അപകടകാരി' അന്തരിച്ചു
വാഷിങ്ടണ്‍ • വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ലോകത്തോട് പറഞ്ഞ നുണക്കഥകള്‍ വെളിച്ചത്ത് കൊണ്ടുവന്ന ഡാനിയല്‍ എല്‍സ്‌ബെര്‍ഗ് അന്തരിച്ചു. 92 വയസായിരുന്നു. യു.എസ് പ്രതിരോധ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവര്‍ത്തിച്ചശേഷം പെന്റഗണില്‍ ജോലി ചെയ്ത എല്‍സ്‌ബെര്‍ഗിനെ അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.
'പെന്റഗണ്‍ പേപ്പറുകള്‍' ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതോടെ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റിമറിക്കപ്പെട്ടു. 1971ല്‍ ആയിരക്കണക്കിന് രേഖകള്‍ യു.എസ് മാധ്യമങ്ങള്‍ക്ക് നല്‍കിയപ്പോള്‍ എല്‍സ്‌ബെര്‍ഗ് മിലിട്ടറി അനലിസ്റ്റായിരുന്നു.
ഇതിലൂടെ യു.എസ് ഭരണകൂടങ്ങള്‍ വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് നിരന്തരം പൊതുജനങ്ങളോട് കള്ളം പറഞ്ഞതായി വെളിപ്പെട്ടു. യുദ്ധത്തില്‍ വിജയിക്കാനാവുമെന്ന യു.എസ് ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്ന 7,000ത്തോളം പേജ് റിപ്പോര്‍ട്ടുകളാണ് എല്‍സ്‌ബെര്‍ഗ് പുറത്തുവിട്ടത്.
ന്യൂയോര്‍ക്ക് ടൈംസ് ആണ് പെന്റഗണ്‍ പേപ്പറുകള്‍ ആദ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. യു.എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണിന്റെ ഭരണകൂടം ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കോടതിയുടെ സഹായത്തോടെ താൽക്കാലിക വിലക്ക് സമ്പാദിച്ചെങ്കിലും തുടര്‍ന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഇവ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
പെന്റഗണ്‍ പേപ്പറുകള്‍ ചോര്‍ന്നതിനു പിന്നാലെ മോഷണം, ചാരവൃത്തി, ഗൂഢാലോചന, രേഖകള്‍ ചോര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടെങ്കിലും ലോസ് ആഞ്ചലസ് കോടതി കേസ് തള്ളി. ചാരവൃത്തി നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടിരുന്നുവെങ്കിലും 1973ല്‍ കേസ് അവസാനിപ്പിച്ചു.
പെന്റഗണ്‍ പേപ്പറുകളുടെ പ്രസിദ്ധീകരണത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലെ കഥ വിവരിക്കുന്ന 'ദി പോസ്റ്റ്' എന്ന ഹോളിവുഡ് ത്രില്ലര്‍ 2017ല്‍ പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചാവിഷയമായിരുന്നു.
എല്‍സ്‌ബെര്‍ഗ് ശക്തമായ ആണവായുധ വിരുദ്ധ പ്രചാരകനായിരുന്നു. 'ദി ഡൂംസ്‌ഡേ മെഷീന്‍: കണ്‍ഫെഷന്‍സ് ഓഫ് എ ന്യൂക്ലിയര്‍ വാര്‍ പ്ലാനര്‍' എന്ന പേരില്‍ 2017ല്‍ ബൃഹത് ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനാണെന്നും ആറ് മാസം കൂടി ജീവിച്ചേക്കുമെന്നും എല്‍സ്‌ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlights:Daniel Ellsberg American economist is dead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."