ഇസ്റാഈലിൽ 3,000 വര്‍ഷം പഴക്കമുള്ള പ്രതിമ കണ്ടെത്തി ജര്‍മനിയില്‍ 3,000 വര്‍ഷം മുന്പുള്ള വാളും
ടെല്‍അവീവ് • ഇസ്‌റാഈലിലെ ടെല്‍അവീവിനു തെക്ക് പാല്‍മാഹിം ബീച്ചില്‍ ഈജിപ്ഷ്യന്‍ ദേവതയുടെ 3,000 വര്‍ഷം പഴക്കമുള്ള പ്രതിമ കണ്ടെത്തി. ബീച്ചില്‍ ചുറ്റിനടക്കുന്നതിനിടെ 74 വയസുള്ള സ്ത്രീക്കാണ് പ്രതിമ ലഭിച്ചത്. പ്രതിമ ഇസ്‌റാഈല്‍ പുരാവസ്തു ഗവേഷകര്‍ക്ക് കൈമാറി.
അസര്‍ബൈജാനില്‍നിന്ന് കുടിയേറി ലോഡ് എന്ന സ്ഥലത്ത് താമസമാക്കിയ ലിഡിയ മാര്‍നര്‍ക്കാണ് പ്രതിമ ലഭിച്ചത്. കൊടുങ്കാറ്റുള്ള ഒരു ദിവസം കടലില്‍നിന്ന് ഒരു വസ്തു ഉയര്‍ന്നുവരുന്നത് ലിഡിയയുടെയും ഭര്‍ത്താവിന്റെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് പേജ് വഴി പുരാവസ്തു ഗവേഷകരെ സമീപിക്കുകയുമായിരുന്നു ലിഡിയ. ഫലസമൃദ്ധി, ശക്തി, സംരക്ഷണം, ജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ഈജിപ്ഷ്യന്‍ ദേവതയായ ഹാത്തോറിനെ പ്രതിനിധീകരിക്കുന്ന പ്രതിമയാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതിനിടെ, ബി.സി 14ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അഥവാ വെങ്കല യുഗത്തില്‍ നിര്‍മിച്ചതാണെന്ന് കരുതുന്ന വാള്‍ ജര്‍മനിയില്‍ കണ്ടെത്തി.
ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്ത കുഴിമാടത്തില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. 3,000 വര്‍ഷം പഴക്കമുള്ള വാളിന് കേടുപാടുകള്‍ സംഭവിക്കുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല.
വെങ്കലത്തില്‍ നിര്‍മിച്ച അഷ്ടഭുജാകൃതിയിലുള്ള വാളിന്റെ പിടിയില്‍ കൊത്തുപണികളുണ്ട്. ഈ കാലഘട്ടത്തില്‍ നിര്‍മിച്ച വാളുകള്‍ അപൂര്‍വമായി മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞയാഴ്ച തെക്കന്‍ ജര്‍മനിയിലെ ബവേറിയ പ്രദേശത്തെ നോര്‍ഡ്‌ലിങ് പട്ടണത്തില്‍ നടത്തിയ ഖനനത്തിനിടെയാണ് വാള്‍ കണ്ടെടുത്തത്.
Content Highlights:3000 years old sword and statue found israel and germany
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."