ഓണം: കര്‍ശന പരിശോധനയെന്ന് ഋഷിരാജ് സിങ്
കാഞ്ഞങ്ങാട്: ഓണം പ്രമാണിച്ച് സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
ഓരോ ജില്ലയിലും രണ്ടു സ്‌ട്രൈക്കിങ് ഫോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്. വിദേശ മദ്യ, ലഹരിവസ്തുക്കള്‍ക്കെതിരേയുള്ള വേട്ട കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഓണ്‍ലൈന്‍ മദ്യവ്യാപാരം എക്‌സൈസ് നിയമപ്രകാരം പ്രായോഗികമല്ല. മദ്യ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് റൂം നമ്പര്‍ അനുസരിച്ച് ലൈസന്‍സ് നല്‍കുന്നത് എക്‌സൈസ് വകുപ്പാണ്. ഇതിന് പുറമേ സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ളത് 21 വയസ് മുതലാണ്. ഓണ്‍ലൈന്‍ വിപണനം വന്നാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മദ്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ 6,080 അബ്കാരി കേസ്,718 ലഹരി കേസ്,11000 കഞ്ചാവ് കേസ് എന്നിവ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകളില്‍ 5879 പേരേയും കഞ്ചാവ്, ലഹരി തുടങ്ങിയ കേസുകളില്‍ 791 പേരേയും അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് 40,000 കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇതിനു പുറമേ 11,300 ലിറ്റര്‍ അരിഷ്ടം, 8,107 വിദേശമദ്യ കെയ്‌സുകള്‍, 260 കിലോ കഞ്ചാവ് ഉള്‍പ്പെടെയുള്ള വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നരലക്ഷം വാഹനങ്ങളാണ് കസ്റ്റഡിയിലായത്.
ഇടുക്കി,കാസര്‍കോട്,പാലക്കാട് ജില്ലകളിലാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കൂടുതല്‍ വിപണനം ചെയ്യപ്പെടുന്നത്. എക്‌സൈസ് വകുപ്പില്‍ 400 ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
200 വനിതാ ജീവനക്കാരേയും ഇതിന് പുറമേ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."