വിദ്യാർഥി നേതാക്കൾ പുതിയ തലമുറയെ നയിക്കുന്നത് എങ്ങോട്ട്?
പ്രൊ.കെ.അരവിന്ദാക്ഷൻ
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലാണ് എസ്.എഫ്.ഐ നേതാക്കള്‍ കുറ്റാരോപിതാരായ പി.എസ്.സി പരീക്ഷാതട്ടിപ്പ് വിവാദമുണ്ടായത്. ഏറെ വൈകിയാണെങ്കിലും ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിനെതിരേ ചോദ്യം ചിഹ്നമായി എസ്.എഫ്.ഐ നേതാക്കൾ പങ്കാളികളായ ഉന്നതവിദ്യാഭ്യാസ രംഗത്തെ അനധികൃത ഇടപെടലുകൾ പുറത്തുവരുന്നത്.
മാർക്ക് ലിസ്റ്റിലെ കൃത്രിമങ്ങള്‍ക്കു പുറമേ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞടുപ്പിലെ ആള്‍മാറാട്ടം വഴി അധികാരത്തിലെത്താനുള്ള പിന്‍വാതില്‍ ശ്രമങ്ങള്‍, വ്യാജ സര്‍ട്ടിഫിക്കറ്റുമായി തോറ്റ വിദ്യാര്‍ഥിയുടെ പ്രവേശനം ഉള്‍പ്പെടെ എസ്.എഫ്.ഐ എന്ന ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന സമൂഹത്തിന് മുന്നില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങള്‍ എറണാകുളം മഹാരാജാസിൽനിന്ന് കായംകുളം എം.എസ്.എം കോളജ് വഴി കലിംഗ യൂനിവേഴ്‌സിറ്റിയിലേക്കും എത്തിയിരിക്കുകയാണ്. വിദ്യാര്‍ഥി സമൂഹത്തിന് മാതൃകയാവേണ്ട വിദ്യാര്‍ഥി നേതാക്കളും അധ്യാപകരും തട്ടിപ്പുകാരും വ്യാജ നിര്‍മിതികളുടെ അവകാശികളുമാവുന്നത് കലാലയ രാഷ്ട്രീയത്തിന്റെ വിശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നടന്ന യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിയുടെ പേരിന് പകരം നിലവിലുള്ള നിയമമനുസരിച്ച് മത്സരിക്കാന്‍ പോലും യോഗ്യതയില്ലാത്ത പ്രാദേശിക എസ്.എഫ്.ഐ നേതാവായ വിശാഖിനെ ഉള്‍പ്പെടുത്തി വിജയികളായവരുടെ ലിസ്റ്റ് യൂനിവേഴ്സിറ്റിയിലേക്ക് അയച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായിരിക്കുന്നത്.
1970 കളിലും പരീക്ഷയിലെ ക്രമക്കേടുകള്‍, വ്യാജരേഖകൾ സമർപ്പിക്കൽ തുടങ്ങിയവ കേരളത്തിൽ നടന്നിരുന്നു. അതെല്ലാം ചെയ്തിരുന്നത് കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടന കെ.എസ്.യു ആയിരുന്നു. ഒറ്റനോട്ടത്തില്‍ ഈ പ്രസ്താവന നല്‍കുന്ന സൂചന കെ.എസ്.യുവിൻ്റെ സ്ഥാനത്ത് ഇപ്പോള്‍ എസ്.എഫ്.ഐ ആണെന്ന് മാത്രമേയുള്ളൂ എന്നല്ലേ? എന്നാല്‍ ഇത് വകവെച്ചു കൊടുക്കാന്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടന സന്നദ്ധമല്ല. പഴയകാല എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെന്ന നിലയില്‍ ലേഖകനും ഈ അഭിപ്രായം തന്നെ പങ്കിടാനാണ് ആഗ്രഹിക്കുന്നത്. സംഘടനയുടെ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ആള്‍മാറാട്ടം വഴി സര്‍കലാശാല യൂനിയനുകളിൽ നുഴഞ്ഞുകയറാന്‍ നടത്തിയ നാണംകെട്ട ശ്രമത്തിലൂടെയും എസ്.എഫ്.ഐ എന്ന ഇടതുപക്ഷ സംഘടന സംസ്ഥാനത്തെ ഇടതുപക്ഷത്തിനും സര്‍ക്കാരിനും മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നുമാണ് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്രമല്ല, കെ.എസ്.യുവിന്റെ തെറ്റായ നയങ്ങള്‍ തള്ളിക്കളഞ്ഞ വിദ്യാര്‍ഥി സമൂഹമല്ലേ ഇപ്പോള്‍ എസ്.എഫ്.ഐയുടെ ശക്തികേന്ദ്രം. തുടര്‍ഭരണം കിട്ടിയതോടെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ അപ്പാടെ വിഴുങ്ങണമെന്നാണോ ഇടതുപക്ഷ മുന്നണിയുടെ നിലപാട്? ഞങ്ങളെപ്പോലുള്ള കമ്യൂണിസ്റ്റ് ഇടതുപക്ഷ ആശയഗതിക്കാര്‍ അതിന് ഏതായാലും തയാറല്ല. സഖാവ് കാനം രാജേന്ദ്രനെങ്കിലും ഇക്കാര്യം ബോധ്യപ്പെടേണ്ടതാണ്.
മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുൻ അധ്യാപകനുമായ ഈ ലേഖകന് വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തുനിന്ന് നിരവധി അനിഷ്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ, വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. വിദ്യാര്‍ഥികളുടെ താളത്തിനൊത്ത് തുള്ളുന്ന നേതാക്കളായിരുന്നില്ല ഉണ്ടായിരുന്നത്. എ.പി വര്‍ക്കിയെയും എം.എം ലോറന്‍സിനെയും പോലുള്ള ദീര്‍ഘവീക്ഷണമുള്ള, കാര്യങ്ങള്‍ മനസിലാക്കാന്‍ പ്രാപ്തരായ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു മഹാരാജാസ് കോളജിലെ എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. പിന്നീട് വിദ്യാര്‍ഥി സംഘടകളുടെ നിയന്ത്രണം നേതാക്കളില്‍ പേരിന് മാത്രമായി മാറുന്ന സാഹചര്യമുണ്ടായി.
ഒരു ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ മലയാള മനോരമ പത്രത്തിന്റെ ഓഫിസിന് മുന്നില്‍ ട്രോഫി കാണാനിടയായി. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ എസ്.എഫ്.ഐക്കെതിരേ വാര്‍ത്ത എഴുതിയതിന്റെ പേരില്‍ സാറിന്റെ കോളജിലെ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന് വച്ചതാണെന്ന് അവിടെയുണ്ടായിരുന്ന പരിചയക്കാരന്‍ പറഞ്ഞു. മികച്ച കോളജ് മാഗസിന് നല്‍കിയ ട്രോഫിയാണ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് തിരികെ കൊണ്ടുവന്ന് വഴിയില്‍ ഉപേക്ഷിച്ചത്. പിറ്റേന്ന് കടുത്ത ഭാഷയില്‍ ഞാൻ ഇതിനെ വിമർശിച്ചു. മഹാരാജാസ് കോളജിന് ലഭിച്ച അംഗീകാരം വേണ്ടെന്നുവയ്ക്കാന്‍ എസ്.എഫ്.ഐക്ക് എന്ത് അധികാരമെന്നായിരുന്നു എന്റെ ചോദ്യം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. വിദ്യാര്‍ഥികളുടെ താളത്തിനൊപ്പം നില്‍ക്കാന്‍ അന്ന് മുതിര്‍ന്ന നേതാക്കളും ഉണ്ടായിരുന്നുവെന്ന് മനസിലായി. നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനത്തിനൊപ്പം അധികാരത്തുടര്‍ച്ചയുടെ പിന്‍ബലംകൂടി ലഭിച്ചതോടെ വിദ്യാര്‍ഥി സംഘടനാ നേതാക്കൾ വഴിവിട്ട രീതികളാണ് സ്വീകരിക്കുന്നതെന്ന് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മികവിന്റെ കേന്ദ്രമായ മഹാരാജാസ് കോളജിനെ കളങ്കപ്പെടുത്താന്‍ തുനിഞ്ഞിരിക്കുന്ന മറ്റൊരു എസ്.എഫ്.ഐ നേതാവ് കെ. വിദ്യ, തട്ടിപ്പിൽ ഡോക്‌ടറേറ്റിന് അര്‍ഹയാണന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണം നടക്കുമ്പോള്‍ ഹാജരാകാതെ ഒളിവിലിരുന്ന് ജാമ്യത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവിൽ കോഴിക്കോട്ടുനിന്ന് അവരെ പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിദ്യ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് അധ്യാപക തസ്തികയിലേക്കാണ് എന്നത് ഏറെ ചിന്തിപ്പിക്കുന്നതാണ്. ഒളിവിദ്യ പുറത്തെടുത്തിരിക്കുന്ന കെ. വിദ്യയ്ക്ക് പിന്തുണ നല്‍കുന്നവരെക്കുറിച്ചും അന്വേഷിക്കേണ്ടതല്ലേ? വിദ്യക്ക് എസ്.എഫ്.ഐയുമായി ബന്ധമില്ലെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് എം.ജി യൂനിവേഴ്സിറ്റിയിൽ വിദ്യക്ക് ഗവേഷണത്തിന് അവസരം ലഭിച്ചതെന്ന ആരോപണമുണ്ട്. വിദ്യയുടെ തട്ടിപ്പിന്റെ കഥകള്‍ കൂടുതല്‍ പുറത്തുവരുമ്പോള്‍ ജനം ശ്രീമതി ടീച്ചറുടെ ഫേസ്ബൂക്ക് കുറിപ്പിലെ എന്നാലും എന്റെ വിദ്യേ എന്ന് അറിയാതെ അതിശയിച്ചുപോകുകയാണ്.
വിദ്യാര്‍ഥി നേതാക്കളെ ന്യായീകരിച്ച് രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വെട്ടില്‍ വീണ അവസ്ഥയിലാണ്. കായംകുളം എം.എസ്.എം കോളജില്‍നിന്ന് ബിരുദം ജയിക്കാതെ കലിംഗ യൂനിവേഴ്‌സിറ്റിയില്‍നിന്ന് വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി അതേ കോളജില്‍ ബിരുദാനന്തര ബിരുദത്തിനെത്തിയ നിഖില്‍ തോമസ് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
നിഖില്‍ തോമസ് മാനേജ്‌മെന്റ് സീറ്റ് തരപ്പെടുത്തിയത് എസ്.എഫ്.ഐ നേതാവ് എന്ന ലേബലില്‍ സി.പി.എം നേതാവിന്റെ ശുപാര്‍ശയിലാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേടിയ നേട്ടങ്ങളെല്ലാം എസ്.എഫ്.ഐ നേതാക്കളിലൂടെ തകരുന്ന അവസ്ഥയാണുള്ളത്. പൊതുജീവിതത്തില്‍നിന്ന് ധാര്‍മികതയും സുതാര്യതയും നഷ്ടമായിരിക്കുന്നു എന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാചകമാണ് ഓര്‍മവരുന്നത്. ധാര്‍മികബോധം പകരേണ്ട വിദ്യാര്‍ഥി നേതാക്കളും അധ്യാപകരും പുതിയ തലമുറയെ എങ്ങോട്ടാണ് നയിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്.
(പ്രമുഖ സാമ്പത്തിക വിദഗ്ധനായ
ലേഖകൻ മഹാരാജാസ് കോളജ് മുൻ
പ്രിൻസിപ്പലാണ് )
Content Highlights:Today's article by prof.k.aravindakshan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."