ഹജ്ജ്: വിശുദ്ധി പ്രാപിക്കാനുള്ള ആത്മബലി
വെള്ളിപ്രഭാതം
ഹനീഫ് റഹ്മാനി പനങ്ങാങ്ങര
ഇനിയുള്ള ഒരാഴ്ചക്കാലം ലോകത്തിന്റെ കണ്ണും കാതും മക്കയിലേക്കാണ്. ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചവർ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിശുദ്ധഗേഹം ലക്ഷ്യമാക്കി യാത്ര തിരിച്ചുകഴിഞ്ഞു. ദേശ- ഭാഷകളുടെ അതിരുകൾ മായ്ച്ച് മനുഷ്യർ ഒരു കുടുംബമാണെന്ന് പ്രഖ്യാപിക്കുന്ന ലോക മഹാസമ്മേളനം. ഒരേ ലക്ഷ്യം, ഒരേ വേഷം, ഒരേ മന്ത്രം... വ്യത്യസ്ത രാജ്യങ്ങളിൽ പാർക്കുന്നവരും നിറവും ഭാഷയും രുചികളും ഏർപ്പാടുകളും എല്ലാമെല്ലാം വിഭിന്നമായവരും ഒരേ മണ്ണിൽ ഒരേ ദിവസം ഒത്തുകൂടി ആർജിച്ചെടുക്കുന്ന വിശുദ്ധിയുടെ നിർവൃതി, സാക്ഷാൽക്കരിക്കപ്പെടുന്ന മാനവികതയുടെ ചേതോഹര ദൃശ്യങ്ങൾ...
കാശുള്ളവന് ചെയ്യാൻ കഴിയുന്ന കേവല കർമമല്ല ഹജ്ജ്. ജീവിതാഭിലാഷമായി കൊണ്ടുനടക്കുന്ന മനസിന്റെ വിജയമാണിത്. നിരന്തര പ്രാർഥനകളുടെ സ്വീകാര്യതയോ ഒരുക്കൂട്ടിവയ്ക്കുന്ന മിച്ചങ്ങളുടെ പരിണതിയോ എന്തുമാവട്ടെ അത് വിശുദ്ധി പ്രാപിക്കാനുള്ള ആത്മബലിയാണ്. സ്രഷ്ടാവിന്റെ ഇഷ്ടം കൊള്ളാനുള്ള തന്നിഷ്ടങ്ങളുടെ കൊടുക്കലുകളാണ്. കൈയൊഴിയലുകളാണ്. ഹജ്ജിൽ പങ്കെടുക്കലോ ഹാജി എന്ന പേര് നേടലോ അല്ല പ്രധാനം. പടച്ചവന്റെ പ്രീതി നേടാനാവണം. കുട്ടിത്തത്തിലെ അകവിശുദ്ധി തിരിച്ചുപിടിക്കാനാവണം. സമർപ്പണ സന്നദ്ധതയുടെ സമര കാഹളമാവണം.
ഹജ്ജിന്റെ മുന്നോടിയായി നിശ്ചിത സ്ഥലങ്ങളിലൊന്നിൽവച്ച് ഹാജി പ്രത്യേകം കുളിച്ച് ഇഹ്‌റാമിന്റെ വേഷമണിയുന്നു. അതുതന്നെ പഴയ ജീവിതം അഴിച്ചുവച്ച് പുതിയ ജീവിതത്തിലേക്കുള്ള വേഷപ്പകർച്ചയാണ്. ഭക്തിസാന്ദ്രവും വിമലീകൃതവുമായ മനസുമായി ഏറെ കരുതലോടെയാവും ഓരോ കർമങ്ങളുടെയും നിർവഹണം. ആയുസിൽ കഴിഞ്ഞുപോയ ജീവിതത്തിലെ എല്ലാ ബാധ്യതകളിൽ നിന്നും കൊടുത്തും പൊരുത്തപ്പെടീച്ചും പശ്ചാത്തപിച്ചും സ്രഷ്ടാവിന്റെ അതിഥികളായി, ദൂതന്റെ വിളിക്കുത്തരം ചെയ്ത് വന്നിരിക്കുന്നത് പരിപൂർണ വിമോചനത്തിന്റെയും വിജയത്തിന്റെയും തേടലായാണ്.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സർവം സമര്‍പ്പിച്ച ഒരു കുടുംബത്തിന്റെ ഉജ്ജ്വല സ്മരണകളിലൂടെയാണ് ഹാജി നടന്നുനീങ്ങുന്നത്. കർമങ്ങളിലൂടെ ഇബ്‌റാഹീമീ കുടുംബത്തിന്റെ ജീവിതം പ്രതീകവൽക്കരിക്കുകയാണ്. നാടും വീടും കുടുംബവും ഉപേക്ഷിച്ച ഇബ്റാഹീം പ്രവാചകന്റെയും അദ്ദേഹത്തിന്റെ നിയോഗങ്ങളിൽ സർവാത്മനാ സഹകരിച്ച ഭാര്യാ, സന്താനങ്ങളുടെയും ജീവിതം ജീവിക്കുകയാണ് ഹാജി. തന്റെ സമ്പത്തും ജീവതവുമാകെ കുടുംബത്തെയും വംശ പരമ്പര തന്നെയും സമർപ്പണം ചെയ്യാൻ പരീക്ഷിക്കപ്പെടുകയും അതിൽ വിജയശ്രീലാളിതനാവുകയും ചെയ്ത പ്രവാചകനാണ് ഇബ്റാഹീം (അ). ദൗത്യ നിർവഹണത്തിനു മുമ്പിൽ ശത്രു ഒരുക്കിയ അഗ്നികുണ്ഡം സഹിച്ചും ഇറാഖ്, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത്, മക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ചും ജീവിത സായന്തനത്തിൽ ലഭിച്ച പിഞ്ചോമനയെ ബലി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചും അങ്ങനെയങ്ങനെ, സ്രഷ്ടാവിന്റെ കൽപനയെങ്കിൽ അവിടെ തന്നിഷ്ടത്തിനോ യുക്തിവിചാരണയ്‌ക്കോ ഇടം കൊടുക്കാതെ ദൈവപ്രീതിയിലേക്ക് പ്രയാണം നടത്തി അല്ലാഹുവിന്റെ ചങ്ങാതി 'ഖലീലുല്ലാഹ്' എന്ന ബഹുമതി ലഭിച്ച പ്രവാചകന്റെ 'സ്മാരകശിലകളാ'ണ് മക്കയിലും പരിസരങ്ങളിലുമുള്ളത്.
എല്ലാകാലത്തേക്കുമുള്ള ജനതതികള്‍ക്കായി അല്ലാഹു കാത്തുവച്ച മാതൃകകളുടെ വിളിപ്പേരാണ് ഇബ്റാഹീം (അ) എന്ന നാമം. പരീക്ഷണങ്ങൾ ഇബ്റാഹീം നബി(അ) സമചിത്തതയോടെ നേരിട്ട് റബ്ബിന്റെ പ്രീതി നേടിയതിനെക്കുറിച്ചും അദ്ദേഹത്തെ എല്ലാവര്‍ക്കുമുള്ള നേതാവാക്കിയതിനെക്കുറിച്ചും ഖുര്‍ആന്‍ പരാമർശിക്കുന്നു:
ഇബ്റാഹീം നബിയെ തന്റെ നാഥന്‍ ചില അനുശാസനങ്ങളിലൂടെ പരീക്ഷിച്ചതും താനവ പൂര്‍ത്തീകരിച്ചതും സ്മരണീയമത്രെ. അല്ലാഹു പറഞ്ഞു: ഞാന്‍ താങ്കളെ മാനവതയ്ക്ക് നേതാവാക്കുകയാണ്. (അല്‍ബഖറ:124)
കഅ്ബ, സംസം, ഹിജ്ർ ഇസ്മായീൽ, ഹജറുല്‍ അസ്‌വദ്, മഖാമു ഇബ്‌റാഹീം, സഫാ മർവാ, മിന, ജംറകൾ ... എല്ലാമെല്ലാം ഇസ്മാഈലിനെയും ഹാജറയെയും അനുസ്മരിപ്പിക്കുന്ന ചരിത്രസ്മാരകങ്ങളാണ്.
ഇഹ്‌റാം മുഖേന നിഷിദ്ധമായ കാര്യങ്ങൾ ശരീരം വേണ്ടെന്ന് വെക്കുമ്പോൾ ദുർവികാരങ്ങൾ വേണ്ടെന്ന് മനസും തീരുമാനിക്കണം. ഇഹ്‌റാം ചെയ്യേണ്ടത് മനസുകൊണ്ട് കൂടിയാണ്. കർമങ്ങളിൽ മുഴുകുമ്പോൾ മനസ്സകമിൽ വിശ്വാസത്തിന്റെ ഉശിരും തഖ്‌വയുടെ പ്രൗഢിയും ഇഖ്‌ലാസ്വിന്റെ പ്രകാശവും തളിർക്കണം. തർക്കവും അനാവശ്യ സംസാരവും ഒഴിവാക്കണം.
ഹജ്ജിലെ പ്രധാന ചടങ്ങാണ് അറഫാ സംഗമം. ഭൂമിയിൽ ഇറക്കപ്പെട്ട ശേഷം മനുഷ്യപിതാവ് ആദം(അ)മും പത്നി ഹവ്വ(റ)യും സംഗമിച്ച സ്ഥലത്ത് ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളെന്ന നിലയിൽ അവരുടെ സ്മരണയില്‍ ലയിച്ചു മാനവസമൂഹം ഒത്തുകൂടുമ്പോൾ അതിനു പ്രസക്തിയേറെയുണ്ട്. ‘ഓ മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനില്‍നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങള്‍ക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളില്‍ ഉത്തമർ കൂടുതല്‍ ഭക്തിയുള്ളവരത്രെ’. വിശുദ്ധ ഖുർആൻ (13/49).
അറഫയിലെ നിമിഷങ്ങളിലോരോന്നിലും ഇലാഹിയായ ചിന്തകൾ ഉള്ളിൽ നിറക്കണം. മുസ്ദലിഫയിലെത്തുമ്പോൾ സ്വന്തത്തെ മറന്ന് അല്ലാഹുവിൽ സമർപ്പിക്കണം. പുണ്യ കർമത്തിനിറങ്ങുന്ന വിശ്വാസിയുടെ മനസിനെ നിരന്തരമായി പ്രകോപിപ്പിക്കും പിശാച്. പലതും പറയാനും കേൾക്കാനും പ്രേരിപ്പിക്കും. ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കാൻ അവൻ പ്രചോദിപ്പിക്കുന്നു. ആവശ്യമില്ലാത്തിടത്തെല്ലാം ഇടപെടാൻ ഹാജിയെ നിർബന്ധിക്കും. അവന്റെ കുരുക്കിലകപ്പെട്ടാൽ അവസാനം ഒന്നും നേടാനാവാതെ വെറും കൈയോടെ മടങ്ങേണ്ടിവരും. മിനയിലെ കല്ലേറുകളിൽ ഹൃദയത്തിനുള്ളിലെ ദുർവികാരങ്ങളെയാണ് ദൂരെ എറിയേണ്ടത്. മൃഗബലി നടത്തുമ്പോൾ രക്ഷിതാവിൽ ഞാൻ സമർപ്പിതനാവുന്നുവെന്ന ബോധ്യം ഉള്ളിൽ നിറയണം.
കേവല ദിനരാത്രങ്ങളുടെ നീളമാണ് ഹജ്ജിനുള്ളതെങ്കിലും ദൈവിക സാന്നിധ്യത്തിന്റെ രസമറിഞ്ഞ് ആ പുണ്യലായനിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന, നീണ്ടുകിടക്കുന്ന ഇന്നലെകളുടെ ഓര്‍മകളെയാണ് അത് പുനരര്‍പ്പണം ചെയ്യുന്നത്. ഹജ്ജിന്റെ ഓരോ കര്‍മങ്ങളും കേന്ദ്രങ്ങളും ചരിത്രത്തിന്റെ പുനരാവിഷ്‌കാരമാണ്. സല്‍സ്വഭാവവും നിസ്വാര്‍ഥതയും വിനയവും ഉള്‍ക്കൊള്ളാന്‍ പ്രേരിതമാകുന്നതിന് പുറമെ പൂര്‍വിക ത്യാഗസ്മരണ ഉത്തേജിപ്പിക്കുന്നതാണ് അതിലെ കര്‍മങ്ങളത്രയും.
പ്രവാചകർ(സ്വ) പറഞ്ഞു: കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ ഒരാള്‍ ഹജ്ജ് നിര്‍വഹിച്ചു മടങ്ങിയാല്‍ മാതാവ് പ്രസവിച്ച ദിനംപോലെ പരിശുദ്ധമായാണവന്‍ തിരിച്ചുവരുന്നത്’( ബുഖാരി, മുസ് ലിം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."