സഊദി വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; കോഴിക്കോട് വി എഫ് എസ് കേന്ദ്രം തുറക്കുന്നു
റിയാദ്: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായി കോഴിക്കോട് കേന്ദ്രമായി പുതിയ വി എഫ് എസ് (വിസാ ഫെസിലിറ്റഷൻ സെന്റർ) കേന്ദ്രം തുടക്കുന്നു. സഊദിയിലേക്ക് പുതിയ വിസകളിൽ പോകുന്ന മലബാറുക്കാർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി. നിലവിൽ കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി എഫ് എസ് കേന്ദ്രം ഉള്ളത്. ഇത് മൂലം നിരവധി പേരാണ് വിസ സ്റ്റാമ്പിങ് നടപടികൾക്കായി ദുരിതം നേരിടുന്നത്. സഊദിയിലേക്കുള്ള വിസ സ്റ്റാംപിംഗിന് അപേക്ഷകൾ സമർപ്പിക്കുന്ന വെബ്സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ട് കേന്ദ്രം കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി വിഎഫ്എസ് കേന്ദ്രത്തിന് കീഴിലായാണ് കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചത് എന്നാണ് നിലവിലെ വിവരം. ഈ കേന്ദ്രം വഴിയുള്ള സ്ളോട്ട് ബുക്കിംഗ് ഉടൻ പ്രവർത്തനം ആരംഭിക്കും. കൊച്ചിക്ക് പുറമെ കോഴിക്കോട് കൂടി വി എ ഫ് എസ് വരുന്നതോടെ വിസ സ്റ്റാമ്പിങ് കുറച്ച് കൂടി എളുപ്പമാകും. കൂടുതൽ പേർ പോകുന്ന സഊദിയിലേക്ക് ഇനിയും കൂടുതൽ വി എഫ് എസ് കേന്ദ്രങ്ങളെങ്കിലും വന്നാൽ മാത്രമെ പ്രായസമില്ലാതെ വിസിറ്റിങ് സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകൂ. കോഴിക്കോട് കേന്ദ്രത്തിൽ നിന്നുള്ള ബുക്കിംഗ് സ്ളോട്ടുകൾ ഇപ്പോൾ നൽകിയിട്ടില്ല. അടുത്ത ദിവസം തന്നെ സ്ളോട്ടുകൾ ലഭ്യമാകും എന്നാണ് ട്രാവൽസ് മേഖലകളിൽ ഉള്ളവർ നൽകുന്ന വിവരം. ഇതുവരെ സഊദിയിലേക്കുള്ള വിസിറ്റിങ് വിസക്ക് മാത്രമാണ് വി എഫ് എസ് കേന്ദ്രത്തിൽ പോകേണ്ടതുള്ളു. ബലിപെരുന്നാളിന് ശേഷം സഊദിയിലേക്കുള്ള തൊഴിൽ വിസക്ക് കൂടി ഇത് വരുന്നതോടെ തിരക്ക് ഇനിയും വർധിക്കും.
സഊദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിസ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി വിരലടയാളം പതിക്കണം. എങ്കില്‍ മാത്രമേ വിസ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. നേരത്തെ സഊദിയിലിരങ്ങി അവിടത്തെ വിമാനത്താവളത്തിൽ വെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് വിസക്ക് അപേക്ഷിക്കുന്ന ഘട്ടത്തിൽ തന്നെ ശേഖരിക്കുന്നുവെന്നതാണ് മാറ്റം. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്ത് എത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ സഊദി വിദേശകാര്യ മന്ത്രാലയമാണ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. സഊദിയിലേക്ക് പ്രവേശന വിലക്കുള്ളവർക്കും നാട്ടിൽ വെച്ച് തന്നെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഇതോടെ വ്യക്തമാകും. നിലവിൽ പ്രവേശന വിലക്ക് അറിയാതെ എത്തുന്നവർ സഊദിയിൽ എത്തിയ ശേഷം സഊദിയിലേക്ക് പ്രവേശനം അനുവദിക്കാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."