വിശാല പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകള്‍
ദക്ഷിണേന്ത്യയിലെ സംഘ്പരിവാര്‍ പരീക്ഷണ ശാലയായ കര്‍ണാടകത്തില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട ബി.ജെ.പിയെ മുട്ടുകുത്തിച്ചതില്‍ നിന്നുള്ള ഊര്‍ജ്ജമാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത്. കര്‍ണാടകയില്‍ തുടങ്ങിയ ഐക്യപ്പെടലിന്റെ കാഹളം ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കും മോദിക്കുമെതിരായ വിശാല ബദലിനുള്ള മുന്നൊരുക്കം കൂടിയായി മാറി.
ബി.ജെ.പിയുമായി നേര്‍ക്കുനേര്‍ പോരാടുന്ന സംസ്ഥാനങ്ങളില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി വിശ്വസത്തിലെടുത്ത് മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് തയാറായാല്‍ മോദിക്കും സംഘത്തിനും അത് 2024ൽ വന്‍ വെല്ലുവിളി ഉയര്‍ത്തും. ഇതോടൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വാധീന സംസ്ഥാനങ്ങളില്‍ അര്‍ഹതയനുസരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസും തയാറാവുന്ന പക്ഷം ബി.ജെ.പി-ബി.ജെ.പി ഇതരര്‍ എന്ന കേന്ദ്രീകരണത്തിലേക്ക് പൊതുതെരഞ്ഞെടുപ്പ് മാറുകയും 2024ല്‍ മോദിക്ക് കടുത്ത പരീക്ഷണമാവുകയും ചെയ്യും.
കര്‍ണാടക
കോണ്‍ഗ്രസ് ഉജ്വല വിജയത്തോടെ തിരിച്ചുവന്ന കര്‍ണാടകയില്‍ 2024ൽ ബഹുഭൂരിപക്ഷം സീറ്റുകളും നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. പുതിയ സർക്കാരും ജനപ്രിയ പദ്ധതികളും ജനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള ആഭിമുഖ്യം കൂട്ടിയിട്ടുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങളും നേതാക്കൾക്കിടയിലെ പടലപിണക്കവും ബി.ജെ.പിയെയും ജനതാദള്‍ സെക്യുലറിനെയും വല്ലാതെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് കേന്ദ്രങ്ങളിലുണ്ട്.
2019ല്‍ ആകെയുള്ള 28 സീറ്റില്‍ 25ഉം നേടിയത് ബി.ജെ.പിയാണ് (51.75 ശതമാനം വോട്ട്). കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും ഓരോ സീറ്റുകളിലൊതുങ്ങി. വോട്ടുവിഹിതം യഥാക്രമം 32.11 ശതമാനവും 9.74 ശതമാനവുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 42.9 ശതമാനം വോട്ടുനേടി 135 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയുടേത് 36 ശതമാനമായി ചുരുങ്ങിയപ്പോള്‍ ദളിന് 13.3 ശതമാനത്തിലൊതുങ്ങേണ്ടിയും വന്നു.
ജനപ്രിയ പദ്ധതികളുടെ തേരിലേറി സിദ്ധരാമയ്യ സര്‍ക്കാരും കോണ്‍ഗ്രസും 2024ല്‍ പ്രതീക്ഷിക്കുന്നത് 25 സീറ്റാണ്. ഒരു പക്ഷത്തുമില്ലെന്ന് നിലപാട് തുടര്‍ന്ന ദള്‍ ഈയിടെയായി ബി.ജെ.പിയോട് അടുത്തുതുടങ്ങിയിട്ടുണ്ട്. ദളുമായി ധാരണയുണ്ടാക്കി മത്സരിക്കാനാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെങ്കില്‍ പോലും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്.
വിജയസാധ്യത നിര്‍ണയിക്കുന്ന മണ്ഡലങ്ങളിലെങ്കിലും സി.പി.എമ്മും എന്‍.സി.പിയും സി.പി.ഐയും ചില മേഖലകളില്‍ സ്വാധീനമുള്ളവരാണ്. അവരുടെ കൂടി പിന്തുണ ഉറപ്പാക്കാനായാല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് വിജയം ആവര്‍ത്തിക്കാനാകും.
തമിഴ്‌നാട്
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ഭൂമിയാണ് തമിഴ്‌നാട്. ഡി.എം.കെ മുന്നണിയുടെ അപ്രമാദിത്തം വര്‍ധിച്ചു വരുന്നതല്ലാതെ ബി.ജെ.പിക്കോ അവരുടെ ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്ന അണ്ണാ ഡി.എം.കെയ്ക്കോ വലിയ വെല്ലുവിളിയുയര്‍ത്താനാകില്ല. ഒപ്പം നില്‍ക്കുന്നവരെ ശക്തിക്കനുസരിച്ച് പരിഗണിക്കുന്ന വിശാല സമീപനമാണ് സ്റ്റാലിന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്.
അതേ മാര്‍ഗത്തിലാണ് 2024ലും പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വിശാല പ്രതിപക്ഷ സഖ്യത്തിന് തമിഴ്‌നാട്ടില്‍ കല്ലുകടിയുണ്ടാവില്ല. എതിരാളികളായ ബി.ജെ.പിക്കും എടപ്പാടിയുടെ അണ്ണാ ഡി.എം.കെയ്ക്കും സ്വാധീനം കുറയുന്നതായാണ് സമീപകാല ഉപതെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത്. ജനക്ഷേമ പദ്ധതികളിലൂടെ വോട്ടുറപ്പിക്കാനുള്ള സ്റ്റാലിന്റെ മെക്കാനിസം തമിഴ്‌നാട്ടില്‍ മറികടക്കാന്‍ ബി.ജെ.പിക്കാവില്ല.
മഹാരാഷ്ട്ര
മഹാവികാസ് അഘാഡിയെ ശരദ് പവാര്‍ കരുതലോടെ സൂക്ഷിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും സഖ്യത്തെ ബാധിക്കാതിരിക്കാനുള്ള മെയ് വഴക്കം പവാറിനുണ്ട്. സ്വന്തം പാളയത്തെ പിളര്‍ത്തി ബി.ജെ.പിക്കൊപ്പം പോയ ഷിന്‍ഡെയെ പരാജയപ്പെടുത്തലാണ് ഉദ്ധവ് താക്കറെയുടെ മുഖ്യലക്ഷ്യം. അതുകൊണ്ടുതന്നെ സീറ്റുവിഭജന ചര്‍ച്ചകളില്‍ പരസ്പരം പോരടിച്ച് ബി.ജെ.പിക്ക് അവസരം നല്‍കാനുള്ള ഒരു നീക്കത്തെയും കോണ്‍ഗ്രസോ എന്‍.സി.പിയോ ശിവസേനയോ പ്രോത്സാഹിപ്പിക്കില്ല.
ഒരുമിച്ചു നിന്നാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും നേടാനാകുമെന്നാണ് മഹാവികാസ് അഘാഡി കരുതുന്നത്. ആകെയുള്ള 48 സീറ്റില്‍ 23 എണ്ണം ബി.ജെ.പിക്കൊപ്പവും 18 എണ്ണം ശിവസേനക്കൊപ്പവുമാണ്. 2019ല്‍ ഒന്നിച്ചുനിന്നപ്പോള്‍ 27.84 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. ശിവസേനയാകട്ടെ 23.5 ശതമാനവും. എന്‍.സി.പി 15.66 ശതമാനവും കോണ്‍ഗ്രസ് 16.41 ശതമാനം വോട്ടും നേടിയിരുന്നു.
സഖ്യവും രാഷ്ട്രീയ ചേരികളും മാറിയെങ്കിലും വിവിധ പാർട്ടികളുടെ വോട്ടുബാങ്കുകള്‍ക്ക് അധികം കോട്ടം തട്ടിയിട്ടില്ലാത്ത മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ കൂടിച്ചേരല്‍ ബി.ജെ.പിക്ക് വലിയ തലവേദനയാകും. ശിവസേനയെ പിളര്‍ത്തിയ വൈകാരിക വിഷയം കൂടി ഉയര്‍ന്നുവരുന്നതോടെ ഷിന്‍ഡെ സര്‍ക്കാരിനും ബി.ജെ.പിക്കും 2024 എളുപ്പമാവില്ല. വിട്ടുവീഴ്ചകളോടെ കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും ഒന്നിച്ചു നിന്നാല്‍ 30ഓളം സീറ്റുകളില്‍ ബി.ജെ.പി വിയര്‍ക്കും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ഹരിയാന,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ വിശാല പ്രതിപക്ഷ സഖ്യത്തില്‍ വലിയ പ്രതിസന്ധികളൊന്നും മുന്നിലില്ല. ഈ സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ നേരിടാന്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. ചില ചെറിയ പ്രാദേശിക കക്ഷികളെ കൂടി വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിക്കെതിരേ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ പ്രതിപക്ഷ നിരയ്ക്കാവും.
എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ മാസ്റ്റർ ബ്രെയിനായ നിതീഷ് കുമാറിന്റെ ബിഹാറില്‍ കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാനും അര്‍ഹിക്കുന്ന പരിഗണന നല്‍കാനും നിതീഷും ലാലുവും തയാറാകേണ്ടി വരും. അല്ലാത്ത പക്ഷം പരസ്പരം ഭിന്നിക്കുന്ന വോട്ടുകളുടെ കണക്കില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുങ്ങും. എന്തായാലും നിലവിലെ ബിഹാര്‍ രാഷട്രീയ സാഹചര്യം പ്രതിപക്ഷത്തിന് അനുകൂലമാണ്. അവസരം വിട്ടുകളയാതെ നേട്ടമാക്കാനറിയുന്ന നിതീഷ് സംസ്ഥാനത്തെ സഖ്യത്തെ ഉലയാതെ നോക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്.
ജമ്മുവിലും കശ്മിരിലും ലഡാക്കിലും നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഖ്യസാധ്യതയാണ് നിലവിലുള്ളത്. താഴ് വരയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബി.ജെ.പി ശ്രമത്തെ മൂവരും ഒന്നിച്ചു നിന്നാല്‍ പ്രതിരോധിക്കാനാകും. ഒമര്‍ അബ്ദുല്ലയും മെഹബൂബ മുഫ്ത്തിയും രാഹുലും ഒന്നിച്ചിരുന്നാല്‍ ജമ്മു – കശ്മിരിലെ ജനവിധി പ്രതിപക്ഷത്തിന് അനുകൂലമാകും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിലവിലെ അസ്വസ്ഥതകളില്‍ ബി.ജെ.പിക്കെതിരായ ജനവികാരം ശക്തിപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സമര്‍ഥമായി കാര്യങ്ങള്‍ നീക്കിയാല്‍ ചെറുതെങ്കിലും മേഖലയില്‍ നിന്നുള്ള സീറ്റുകള്‍ ഉറപ്പിക്കാനാകും.
Content Highlights:today's article about opposition party's in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."