തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; തൃശൂരിൽ മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; തൃശൂരിൽ മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
തൃശൂർ: കയ്പമംഗലത്ത് കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കൻ പുരയ്ക്കൽ സുരേഷ് (52) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കരയിൽ നിന്നു 50 മീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.
മൂന്നുകടവ് ബീച്ച് പന്തൽക്കടവിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. കടലിലെ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടവരെ വടമിട്ടു രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇങ്ങനെ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും സുരേഷിനെ കാണാതാവുകയായിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിലാണ് സംഭവ സ്ഥലത്തു നിന്നു 100 മീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കടലിൽ മോശം കാലാവസ്ഥയായിരുന്നുവെന്നു തൊഴിലാളികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."