ഒരു സാധാരണ രാജ്യത്തിൽ നിന്ന് ലോകത്തിലെ വലിയ ശക്തിയിലേക്ക്; വിഷൻ 2030 പദ്ധതിയിലൂടെ കുതിച്ച് സഊദി അറേബ്യ
ഒരു സാധാരണ രാജ്യത്തിൽ നിന്ന് ലോകത്തിലെ വലിയ ശക്തിയിലേക്ക്; വിഷൻ 2030 പദ്ധതിയിലൂടെ കുതിച്ച് സഊദി അറേബ്യ
റിയാദ്: ഒരു സാധാരണ രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുക എന്നത് ഏതൊരു രാജ്യത്തിന്റെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നം കൈവരിച്ച രാജ്യമാണ് സഊദി അറേബ്യ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സഊദി കൈവരിച്ച നേട്ടങ്ങൾ അവർണനീയമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടം എഴുതിക്കൊണ്ടിരിക്കുകയാണ് സഊദി അറേബ്യ.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) കണക്കനുസരിച്ച്, കഴിഞ്ഞ ദശകത്തിൽ സഊദി അറേബ്യ കൈവരിച്ചത് അവിശ്വസനീയമായ പുരോഗതിയാണ്. പ്രത്യേകിച്ചും സാമ്പത്തിക വളർച്ചയിലും ബിസിനസ് അനുകൂല പരിഷ്കാരങ്ങളിലും സഊദിയുടെ നേട്ടം എടുത്ത് പറയേണ്ടതാണ്.
2022-ൽ, ജി20-രാജ്യങ്ങളിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തെരഞ്ഞെടുക്കപ്പെട്ടത് സഊദി അറേബ്യയെയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ച ഈ കാലഘട്ടത്തിൽ 8.7% ൽ എത്തി. ശക്തമായ എണ്ണ ഉൽപാദനത്തിന് പുറമെ 4.8% എണ്ണ ഇതര ജിഡിപി വളർച്ചയും ഈ കാലഘട്ടത്തിൽ സഊദിക്ക് നേടാനായി. നേരിട്ടുള്ള വിദേശ നിക്ഷേപം 2021-ൽ 19.3 ബില്യൺ ഡോളറിലെത്തി, ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
സൽമാൻ രാജാവും അദ്ദേഹത്തിന്റെ മകൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമാണ് സഊദിയുടെ ഇപ്പോഴത്തെ വളർച്ചക്ക് പിന്നിലെന്ന് നിസംശയം പറയാം. മുഹമ്മദ് ബിൻ സൽമാൻ നടപ്പിലാക്കി വരുന്ന വിഷൻ 2030 പദ്ധതി ലോകത്തിന്റെ തന്നെ ഭാവിയെ നിർണയിക്കാൻ കെൽപ്പുള്ളതാണ്. ലോകത്തിന്റെ നഗര സങ്കല്പം തന്നെ സഊദി മാറ്റിമറിക്കാൻ ഒരുങ്ങുകയാണ്.
2030 ഓടെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സ്വകാര്യമേഖലയുടെ സംഭാവന 40% ൽ നിന്ന് 65% ആയി ഉയർത്തുക എന്നതാണ് വിഷൻ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
സ്വപ്ന പദ്ധതിയായ ഫ്യൂച്ചറിസ്റ്റിക് സിറ്റി ഓഫ് നിയോം (NEOM), ചെങ്കടൽ പദ്ധതി തുടങ്ങിയ നിരവധി മെഗാ-പ്രോജക്‌ടുകളും പുരോഗമിക്കുകയാണ്. വമ്പൻ പദ്ധതികളിൽ നിക്ഷേപം നടത്തുന്ന സഊദി പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം പോലുള്ള പദ്ധതികൾ ഇതിന് ഉദാഹരണമാണ്. രാജ്യം അടിസ്ഥാന സൗകര്യമേഖലയിലും വൻതോതിൽ നിക്ഷേപം നടത്തുന്നു.
സഊദി അറേബ്യ ലോകത്തിന് തന്നെ മാതൃകയാകുന്ന ചരിത്രം സൃഷ്ടിക്കാനുള്ള കുതിപ്പിലാണ്. ഒരു വശത്ത് ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയാകുന്നതോടൊപ്പം മറുവശത്ത് വമ്പൻ പ്രോജക്ടുകളും നടപ്പിലാക്കി വരികയാണ്. വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗമായി ഇനിയും സഊദി എന്തൊക്കെയാണ് ഒരുക്കിയിട്ടുള്ളത് എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."