കാരുണ്യത്തിന്റെ റൂട്ടില്‍ 13 ബസുകള്‍!
വെട്ടത്തൂര്‍: ബാഗിനു പകരം കൈയില്‍ ബക്കറ്റുമായി കണ്ടക്ടര്‍മാര്‍ ഇറങ്ങിയപ്പോള്‍ യാത്രക്കാരും നാട്ടുകാരും അതു നിറച്ചുകൊടുത്തു. അകാലത്തില്‍ വിടപറഞ്ഞ ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കുന്നതിനായി 13 ബസുകളാണ് തിങ്കളാഴ്ച സര്‍വിസ് നടത്തിയത്. വെട്ടത്തൂര്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന്, മണ്ണാര്‍മല, വളാഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, അരക്കുപറമ്പ് റൂട്ടിലോടുന്ന ബസുകളാണ് കാരുണ്യവഴിലോടിയത്.
കാപ്പ് സ്കൂള്‍പടിയിലെ കുരിക്കള്‍ മുസ്തഫ എന്ന മുത്തു (34) കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ വഴി തിരുവിഴാംകുന്ന് റൂട്ടിലോടുന്ന യാത്ര ബസിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മുത്തുവിന്റെ വിയോഗത്തിലൂടെ നിര്ധനരനായ കുടുംബത്തെ സഹായിക്കാന്‍ സഹപ്രവര്‍ത്തകരും ബസുടമകളും മുന്നിട്ടിറങ്ങുകയായിരുന്നു. ഉടമകള്‍ ബസുകള്‍ വിട്ടുനല്‍കുകയും ജീവനക്കാര്‍ ഒരു ദിവസത്തെ വേതനം സഹായമായി നല്‍കുകയും ചെയ്തു. ഇതിനു പുറമേ, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ഓട്ടോടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ ചേര്‍ന്നു സമാഹരിച്ച തുക ബസ് ജീവനക്കാരെ ഏല്‍പ്പിക്കുകയും ചെയ്തു.
മൂന്നു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. തുക അടുത്ത ദിവസം കുടുംബത്തിന് കൈമാറുമെന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കിയ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് താലൂക്ക് സെക്രട്ടറി കെ. മുഹമ്മദാലി ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."