ഉണ്ണ്യാലിലെ അക്രമം; മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
തിരൂര്‍: ഉണ്ണ്യാലിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലിസ് മേധാവിയോടു മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയുണ്ടായ അക്രമം സംബന്ധിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് അംഗം അഡ്വ. കെ. മോഹനകുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനും പാര്‍പ്പിടം, തൊഴിലിടം, വാഹനങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കു സമാശ്വാസ സഹായത്തിനു നടപടി സ്വീകരിക്കാനും കമ്മിഷന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അണികളെ നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോടും നിര്‍ദേശിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ മാര്‍ക്കറ്റിങ് സഹകരണ സംഘത്തില്‍ താല്‍ക്കാലിക ജീവനക്കാരിയെ നീക്കം ചെയ്ത സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സംഘം സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. സെക്രട്ടറി അടുത്ത സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്നു കമ്മിഷന് ഉത്തരവിട്ടു.
ഫ്രാന്‍സില്‍ ജോലി നല്‍കാമെന്നു പറഞ്ഞു റഷ്യയിലേക്ക് കൊണ്ടുപോയി യുവാക്കളെ വഞ്ചിച്ച കേസില്‍ ഡി.ജി.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശിക്കെതിരേ തേഞ്ഞിപ്പലം സ്വദേശി വിനീഷ്, അഴിഞ്ഞിലം സ്വദേശികളായ മോഹന്‍ദാസ്, സന്തോഷ്കുമാര്‍ എന്നിവരടക്കം ഒരു കൂട്ടം യുവാക്കള്‍ നല്കിയ പരാതിയിലാണ് നടപടി. സിറ്റിങ്ങില്‍ 37 പരാതികള്‍ പരിഗണിച്ചതില്‍ 12 എണ്ണം തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."