48 രാജ്യങ്ങളിലെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പെരുന്നാൾ ദിനത്തിൽ മാംസം സമ്മാനിച്ച് യുഎഇ
48 രാജ്യങ്ങളിലെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പെരുന്നാൾ ദിനത്തിൽ മാംസം സമ്മാനിച്ച് യുഎഇ
അബുദാബി: ബലി പെരുന്നാളിനോട് അനുബന്ധിച്ച് ബലി മാസം അഞ്ച് ലക്ഷം നിർധനരായ കുടുംബങ്ങൾക്ക് സമ്മാനിച്ച് യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) ആരംഭിച്ച പദ്ധതി പ്രകാരമാണ് ബലി മാംസം ലോകത്താകമാനമുള്ള അർഹരായ 500,000 പേർക്ക് സമ്മാനിച്ചത്. യുഎഇക്ക് പുറത്തുള്ള 48 രാജ്യങ്ങളിലെ ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
യുഎഇയിൽ ഉള്ള ഒരു ലക്ഷം പേർക്കാണ് ബലി മാംസം നൽകിയത്. ബാക്കി നാല് ലക്ഷം പേർ 48 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. നാല് ഭൂഖണ്ഡങ്ങളിലെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഭക്ഷ്യക്ഷാമത്തിന് തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിഹാരം കാണാനാണ് ഇആർസി ശ്രമിക്കുന്നത്.
അബുദാബി, അൽ ഐൻ, അൽ ദഫ്ര, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖൈവയ്ൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ വഴിയാണ് യുഎഇയിലെ നിരാലംബരായ കുടുംബങ്ങൾക്ക് ഇആർസി ബലി മാംസം വിതരണം ചെയ്തത്.
ആഗോളതലത്തിൽ, നിരവധി അന്താരാഷ്ട്ര ചാരിറ്റികളുടെയും മനുഷ്യാവകാശ സംഘടനകളുടെ ഓഫീസുകൾ വഴിയുമാണ് മാംസം വിതരണത്തെ ചെയ്തത്. ഈ രാജ്യങ്ങളിലെ യുഎഇയുടെ എംബസികളിലൂടെയും വിതരണം നടത്തിയിരുന്നു.
യുഎഇയിലും വിദേശത്തും തങ്ങളുടെ ബലി മാംസ പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആളുകളുടെ എണ്ണം വർധിപ്പിക്കാനും ആവശ്യമുള്ളവർക്ക് മികച്ച സേവനങ്ങൾ നൽകാനും ഇആർസി നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഇആർസി സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബി പറഞ്ഞു.
ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലെ ജനങ്ങൾക്കാണ് ഇആർസി മാംസം വിതരണം നടത്തിയത്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇറാഖ്, നേപ്പാൾ, ജോർദാൻ, യെമൻ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, വിയറ്റ്നാം, സിറിയ തുടങ്ങിയ 11 ഏഷ്യൻ രാജ്യങ്ങൾക്കാണ് മാംസം നൽകിയത്.
ഈജിപ്ത്, മൗറിറ്റാനിയ, സിംബാബ്‌വെ, ഘാന, ഉഗാണ്ട, നൈജീരിയ, ബുർക്കിന ഫാസോ, റുവാണ്ട, സൊമാലിയ, കൊമോറോസ്, ഗിനിയ, മാലി, സെനഗൽ, ഗാംബിയ, കേപ് വെർദെ, ബെനിൻ, ചാഡ്, ഐവറി കോസ്റ്റ്, സിയറ ലിയോൺ, മൊറോക്കോ, ടാൻസാനിയ, എത്യോപ്യ, കെനിയ, നൈജർ, ടോഗോ, മൊസാംബിക്ക് എന്നിങ്ങനെ 26 ആഫ്രിക്കൻ രാജ്യങ്ങളിലും മാംസ വിതരണം നടന്നു.
കൂടാതെ, ജോർജിയ, താജിക്കിസ്ഥാൻ, സെർബിയ, കിർഗിസ്ഥാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, അൽബേനിയ, തുർക്കി, കസാക്കിസ്ഥാൻ എന്നീ എട്ട് യൂറോപ്യൻ രാജ്യങ്ങളും തെക്കേ അമേരിക്കയിലെ ചിലി, അർജന്റീന എന്നീ രാജ്യങ്ങളും പദ്ധതിയുടെ പ്രയോജനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."