ഇരുട്ട് ശാശ്വതമല്ല
എവിടെയുമില്ല എവിടെയുമില്ല
ചോരയുടെ അവശിഷ്ടം
ഘാതകന്റെ കൈകളിലോ
അവന്റെ നഖങ്ങളിലോയില്ല.
വസ്ത്രക്കൈയിൽ ഒരു പൊട്ടുമില്ല;
ഭിത്തിയിൽ കറ പുരണ്ടിട്ടില്ല.
അവന്റെ കഠാരയുടെ അറ്റത്ത് ചെമപ്പില്ല.
ബയണറ്റിന്റെ മുനയിൽ
ചായം പുരണ്ടിട്ടില്ല.
ചോരയുടെ അടയാളം എവിടെയുമില്ല.
(ഫയ്‌സ് അഹമ്മദ് ഫയ്‌സിന്റെ കവിതയിൽനിന്ന്)
രണ്ടു മാസത്തോളമായി അക്ഷരാർഥത്തിൽ മണിപ്പൂർ കത്തിയെരിയുകയാണ്. മണിപ്പൂരിൽനിന്ന് വരുന്നത് കരിഞ്ഞ മനുഷ്യമാംസത്തിന്റെ മണമാണ്. കുക്കികളും മെയ്‌ത്തികളും തമ്മിൽ നടക്കുന്ന സംഘട്ടനങ്ങൾ ഇല്ലാതാക്കാൻ ബാധ്യതയുള്ള മണിപ്പൂർ ഭരണകൂടമാകട്ടെ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തു ചേർന്നു കൂട്ടക്കുരുതിക്ക് കൂട്ടുനിന്നു എന്ന ആക്ഷേപവുമുണ്ട്. മണിപ്പൂരിൽ കുക്കികളും നാഗരും പട്ടികവർഗവിഭാഗത്തിലാണ്. അതേ പദവി തങ്ങൾക്കും വേണമെന്ന ആവശ്യമുന്നയിച്ച് മെയ്ത്തികളും തെരുവിലിറങ്ങുകയായിരുന്നു. മെയ്ത്തികളുടെ ഈ സമരത്തിനെതിരേ ഓൾ ട്രൈബൽ സ്റ്റുഡൻസ് യൂനിയൻ ഓഫ് മണിപ്പൂർ ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. ഈ മാർച്ചിൽ കുക്കി, നാഗ വിഭാഗത്തിന്റെ വൻ പങ്കാളിത്തമായിരുന്നു. പിന്നീട് തീവയ്പ്പുകളുടെയും അക്രമങ്ങളുടെയും കഥകളാണ് കേൾക്കുന്നത്. ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. ഗുജറാത്തിൽ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് മുസ്‌ലിംകൾക്ക് എതിരേ നടന്ന കലാപത്തിന് സമാനമായി ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഒരു കലാപമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു.
സമാധാന ശ്രമങ്ങൾക്കും സർവകക്ഷി യോഗത്തിനുശേഷവും കലാപമൊടുങ്ങാത്ത മണിപ്പൂരിനെയാണ് നാം കാണുന്നത്. സൈന്യം പിടികൂടിയ പന്ത്രണ്ട് പ്രക്ഷോഭകാരികളെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് മോചിപ്പിച്ചതായാണ് വാർത്ത.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനവും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജിനാടകവും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്.
നമ്മുടെ പ്രതിപക്ഷ കക്ഷികൾ ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ ബഹളമുണ്ടാക്കുന്നതിനിടയിൽ, കലാപത്തിന്റെ തീ ഇനിയും അണഞ്ഞിട്ടില്ലാത്ത മണിപ്പൂരിൽ ധൈര്യസമേതം കടന്നുചെന്ന് ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് സമാധാനം പകർന്നുനൽകുന്ന രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി റോഡുമാർഗമുള്ള രാഹുലിന്റെ യാത്രക്ക് പൊലിസ് അനുമതി നിഷേധിച്ചെങ്കിലും ഹെലികോപ്റ്ററിൽ രാഹുൽ ചുരാചന്ദ്പുരിലെത്തി ക്യാംപുകളിൽ കഴിയുന്നവരെ കാണുകയായിരുന്നു.
മണിപ്പൂരിനെപ്പറ്റി ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഏക സിവിൽകോഡിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മോദി സർക്കാരിന്റെ ഏക സിവിൽകോഡ് നീക്കത്തെ നിശിതമായി വിമർശിച്ചിട്ടുണ്ട് പ്രതിപക്ഷ പാർട്ടികളും മത, സാമുദായിക സംഘടനകളും. മണിപ്പൂരിൽ കലാപമൊടുക്കാൻ തുനിയാതെ ഏക സിവിൽകോഡ് വിഷയത്തിൽ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമവും നാട് തിരിച്ചറിയുന്നുണ്ട്. ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളും ഓരോന്നായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഫെഡറലിസത്തെ തകർക്കാൻ കേന്ദ്രത്തിന്റെ ഏജന്റുമാരായി ഗവർണർമാരും രംഗത്തുണ്ട്.
ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സർവകലാശാല സന്ദർശിച്ചത് മണിപ്പൂർ കലാപത്തിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നത് ഭയപ്പാടോടെ കണ്ടുകൊണ്ടായിരുന്നു. മണിപ്പൂർ കലാപത്തിൽ മോദിയുടെ മൗനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകളും അധ്യാപക സംഘടനകളും ചടങ്ങ് ബഹിഷ്‌കരിച്ചു. വിദ്യാർഥികളെ കരുതൽ തടങ്കലിലാക്കിയായിരുന്നു സന്ദർശനം.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർക്കറിയാം അപകടകരമാണ് ഈ രാജ്യത്തിന്റെ പോക്കെന്ന്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്രമോദി നടത്തിയ ഏക വാർത്താസമ്മേളനത്തിൽ അമേരിക്കയിലെ പത്രപ്രവർത്തക സബ്രീന സിദ്ധീഖിയുടെ ചോദ്യം ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചും ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചും ഒരിക്കൽകൂടി സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.
ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തിന് വ്യാപകമായ സ്വീകാര്യതയുണ്ടാക്കാനുള്ള ശ്രമത്തിന് തടയിടാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും ജനാധിപത്യവിശ്വാസികളും ഒന്നിച്ച് അണിനിരന്നേ തീരൂ.
ഇരുട്ട് ശാശ്വതമല്ല-സൂര്യൻ ഉദിച്ചുയരുക തന്നെ ചെയ്യും.
കഥയും കാര്യവും
തിരമാലകൾ ഉയരുന്നു
ഉപരിതലങ്ങളിലാകെ കലഹങ്ങൾ
തിരയ്ക്കു മേലെ തിര
നിശബ്ദതയിൽ തിരക്ക് കൂടുന്നു
(ഒരു മണിപ്പൂരി കവിതയിൽ നിന്ന്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."