രാജിനാടകത്തിൽ തീരില്ല
പോകല്ലച്ഛാ പോകല്ലേ എന്ന മുറവിളി ഇംഫാല്‍ തെരുവുകളില്‍ മുഴങ്ങുമ്പോള്‍ നോതാംബാം ബിരേന്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് കീറി എറിയുന്നു. 1981ല്‍ ഡല്‍ഹിയില്‍ ജെ.സി.ടിയെ തോല്‍പിച്ച് ഡ്യൂറാന്റ് കപ്പുയര്‍ത്തിയ ബി.എസ്.എഫ് താരം ബിരേന്‍ സിങ്ങിന് കളി ആരും ചൊല്ലിക്കൊടുക്കണ്ട. സേനയില്‍നിന്ന് വിരമിച്ച് നേരെ തിരിഞ്ഞത് പത്രപ്രവര്‍ത്തനത്തിലേക്കാണ്. ജോലി ചെയ്തിരുന്ന നഹരോല്‍ഗി തുടംഗ് എന്ന പ്രാദേശിക പത്രം മികച്ച ജനപ്രീതി നേടുകയും ചെയ്തു. പക്ഷേ മണിപ്പൂരില്‍ ശക്തമായിരുന്ന തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചുവെന്ന പേരില്‍ ബിരേനെ അന്നത്തെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അതോടെ രംഗം രാഷ്ട്രീയമായി. ഡെമോക്രാറ്റിക് റവല്യൂഷനറി പീപ്പിള്‍സ് പാര്‍ട്ടിയിലായിരുന്നു അരങ്ങേറ്റം. 2002ല്‍ ഹെയിങ്ബംഗ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. പാര്‍ട്ടികളും കൂറും പല തവണ മാറിയെങ്കിലും ഈ മണ്ഡലം ബിരേനെ കൈവിട്ടില്ല. 2004ല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചേരുകയും യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയാവുകയും ചെയ്തു. 2016 വരെ കോണ്‍ഗ്രസിലായിരുന്നു. ചേരിപ്പോര് ഉണ്ടാക്കി കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും വക്താവുമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി 28 സീറ്റുള്ള കോണ്‍ഗ്രസായിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്നത് 21 സീറ്റുള്ള ബി.ജെ.പിയുടെ പ്രതിനിധി ബിരേന്‍ സിങ്ങും. 60 അംഗ സഭയില്‍ മറ്റുള്ളവരെ തരംപോലെ ഉപയോഗിച്ചും കോണ്‍ഗ്രസുകാരെ കൂറുമാറ്റിച്ചും 2022 വരെ എത്തിച്ച ബിരേന്‍ അവസാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേടിക്കൊടുത്തത് 32 എം.എല്‍.എമാരെയാണ്. അസമിനും അരുണാചലിനും ശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ ബി.ജെ.പിയുടെ സ്വന്തം സര്‍ക്കാര്‍.
എത്തിപ്പിടിച്ച അധികാരം നിലനിര്‍ത്താന്‍ ബിരേന്‍ ഭിന്നിപ്പിക്കുന്ന ആയുധം തന്നെ പുറത്തെടുത്തു. രണ്ടു മാസത്തോളമായി മണിപ്പൂര്‍ കത്തുന്നത് ബിരേന്റെ കുടില തന്ത്രങ്ങളുടെ ഫലമാണ്. താഴ്‌വരയിലും കുന്നിന് മുകളിലും താമസിക്കുന്നവര്‍ക്കിടയില്‍ വംശീയ അന്തരങ്ങളുണ്ട്. ഗോത്ര വിഭാഗങ്ങള്‍ക്കെതിരേ താഴ്‌വരക്കാരെ ഇളക്കിവിടുകയായിരുന്നു ആ തന്ത്രം. അതിനു വേണ്ടിയുള്ള നിയമങ്ങളും ഭൂരിപക്ഷവും കേന്ദ്രത്തിലെ ബി.ജെ.പിയുടെ പിന്തുണയും ഉപയോഗിച്ച് ചുട്ടെടുത്തുകൊണ്ടിരുന്നു. വനമേഖലയില്‍നിന്ന് ഗോത്രവർഗക്കാരെ ഒഴിപ്പിക്കുകയാണ് ഒരു തന്ത്രം. വന സംരക്ഷണം എന്ന് പേര്. വനാവകാശ നിയമപ്രകാരം വനത്തില്‍ താമസിക്കുന്നവരെ ഇറക്കിവിടരുത് എന്നതൊക്കെ ബിരേന്‍ വിസ്മരിക്കുന്നു. ഏറ്റവും ഒടുവിലത്തേതാണ് താഴ്‌വരക്കാരായ മെയ്ത്തികളെ പട്ടികവര്‍ഗക്കാരായി പരിഗണിച്ച് സംവരണം നല്‍കുന്ന നിയമം. മണിപ്പൂര്‍ ഹൈക്കോടതിയുടെ നിര്‍ദേശം സംസ്ഥാന സർക്കാർ എടുത്തുകാണിക്കുന്നു.
രണ്ടു മാസമായി ആയിരക്കണക്കിന് വീടുകളും കടകളും പുരാതന ക്രിസ്ത്യന്‍ പള്ളികളും തീവച്ച് നശിപ്പിക്കുകയും ജനപ്രതിനിധികളെപ്പോലും അക്രമിക്കുകയും ചെയ്തിട്ടും മണിപ്പൂര്‍ ഭരണകൂടമോ കേന്ദ്രസര്‍ക്കാരോ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. കാരണം അത് ഭരണകൂടത്തിന്റെ ഒത്താശയോടെ, താൽപര്യത്തോടെ നടക്കുന്ന അക്രമമാണ്.
റബറിന് കിലോക്ക് മുന്നൂറ് രൂപ തന്നാല്‍ ക്രിസ്ത്യാനികളുടെ വോട്ട് ബി.ജെ.പിക്ക് നല്‍കാമെന്നും കേരളത്തില്‍നിന്ന് ലോക്‌സഭാംഗമില്ലാത്തെ കുറവ് ക്രിസ്ത്യാനികള്‍ പരിഹരിച്ചു തരാമെന്നും പ്രസംഗിച്ച സീറോ മലബാര്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് പാംബ്ലാനി ഇഛാഭംഗത്തോടെയാണെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു.
ഗുജറാത്തിലേതിന് തുല്യ ഉന്മൂലനമാണ് മണിപ്പൂരിലേത് എന്ന് അദ്ദേഹം പറയുന്നിടത്തെത്തി. തരം കിട്ടുമ്പോഴെല്ലാം മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ ചേര്‍ത്ത് ബി.ജെ.പിയുടെ കൈയടി നേടാന്‍ ശ്രമിച്ച പുരോഹിതന്മാര്‍ക്ക് പ്രതികരിക്കാതെ വയ്യെന്നായി. ഫാസിസ്റ്റുകള്‍ക്ക് കൃത്യമായ അജൻഡയുണ്ട്. അത് രഹസ്യവുമല്ല.
മണിപ്പൂരിലെ ട്രൈബല്‍ ജനത ഏതാണ്ടു പൂര്‍ണമായും ക്രിസ്ത്യാനികളാണ്. അവിടെ മുന്നൂറിലേറെ ചര്‍ച്ചുകള്‍ തകര്‍ത്തത് ആസൂത്രിതമായാണ്. തലസ്ഥാന നഗരമായ ഇംഫാലിലെ നൂറിലേറെ വര്‍ഷം പഴക്കമുള്ള ചര്‍ച്ചുകളടക്കമാണ് തകര്‍ത്തത്. ഏപ്രില്‍ 28ന് ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം എട്ടു മണിക്കൂര്‍ ബന്ദ് നടത്തിയത് സംവരണ നയത്തിനെതിരേയാണ്. മെയ് മൂന്നിന് ആള്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂനിയന്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും അണയാത്തത്. വീടുകള്‍ നഷ്ടമായവരും വീട്ടില്‍ നില്‍ക്കാന്‍ ഭയമുള്ളവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. അമിത്ഷാക്കും മോദിക്കും ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനമാണ് മണിപ്പൂരിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഏക ആശ്വാസമായത്. അദ്ദേഹത്തെ കാണാന്‍ മണിപ്പൂരികള്‍ കൂട്ടത്തോടെ എത്തിയെങ്കിലും പൊലിസ് തടയുകയായിരുന്നു.
ബിരേനെ കൈവിടാന്‍ ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. വംശീയമായ പിന്തുണ ബിരേനുണ്ട്. അതുകൊണ്ടാണ് രാജിനാടകം. അധികാരത്തില്‍ വന്ന പിറ്റേ വര്‍ഷം തന്നെ 2018ല്‍ ചാംപ്യന്‍ ഓഫ് ദി ചെയ്ഞ്ച് എന്ന പുരസ്‌കാരം ബിരേന് നല്‍കിയത് നീതി ആയോഗിന്റെ റിട്ടയര്‍ഡ് സുപ്രിംകോടതി ജഡ്ജിമാരുടെ പാനലാണ്- കെ.ജി ബാലകൃഷ്ണനും സുധാ മിശ്രയും. എല്ലാം വ്യക്തമാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."